വിദേശ മുസ്ലിം സന്ദര്‍ശകര്‍ക്ക് നാല് വിമാനത്താവളങ്ങളില്‍ താല്‍ക്കാലിക വിലക്ക്
റിയാദ്: വിദേശ രാജ്യങ്ങളില്‍നിന്നു സഊദിയിലേക്ക് സന്ദര്‍ശക വിസകളില്‍ എത്തുന്ന മുസ്‌ലിംകള്‍ക്ക് നാല് വിമാനത്താവളങ്ങളില്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി.
ജിദ്ദ കിങ് അബ്ദുല്‍ അസീസ്, മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ്, യാമ്പു പ്രിന്‍സ് അബ്ദുല്‍ മുഹ്‌സിന്‍ ബിന്‍ അബ്ദുല്‍ അസീസ്, തായിഫ് റീജ്യനല്‍ എയര്‍പോര്‍ട്ട് എന്നീ വിമാനത്താവളങ്ങളിലാണ് വിലക്കേര്‍പ്പെടുത്തിയത്.
ഹജ്ജ് സമയത്ത് പുണ്യ നഗരികളില്‍ അനധികൃത പ്രവേശനം തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.
ഓഗസ്റ്റ് 12 വരെയാണ് വിലക്ക്. കുടുംബ സന്ദര്‍ശനം, ബിസിനസ്, തൊഴില്‍ സന്ദര്‍ശക വിസ എന്നിങ്ങനെയുള്ള വിസകള്‍ക്കാണ് നിയന്ത്രണം.
ഈ നാലു വിമാനത്താവളങ്ങളിലേക്കു ടിക്കറ്റെടുത്ത കുടുംബ, ബിസിനസ്, തൊഴില്‍ സന്ദര്‍ശക വിസയിലുള്ളവരെ നാട്ടിലെ വിമാനത്താവളത്തില്‍വച്ച് അതത് എയര്‍ലൈനുകള്‍ തിരിച്ചയച്ചു തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹജ്ജ് സീസണ്‍ പ്രമാണിച്ചുള്ള നിയന്ത്രണമാണിതെന്നാണ് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ വിശദീകരിക്കുന്നത്.
റിയാദ്, ദമാം അടക്കമുള്ള മറ്റു വിമാനത്താവളങ്ങളിലേക്ക് വരുന്നതിന് സന്ദര്‍ശക വിസക്കാര്‍ക്ക് തടസമില്ല.
ഈ വിമാനത്താവളങ്ങളിലേക്ക് ടിക്കറ്റെടുത്ത ശേഷം അവിടെനിന്ന് ആഭ്യന്തര സര്‍വിസ് വഴിയോ റോഡ് മാര്‍ഗമോ ജിദ്ദ, മദീന, യാമ്പു, തായിഫ് എന്നിവിടങ്ങളിലേക്ക് പോകാനാകും. എന്നാല്‍, മക്ക അതിര്‍ത്തി കടക്കാന്‍ സാധിക്കുകയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."