പൊന്‍നെല്ല്
കരീം യൂസുഫ് തിരുവട്ടൂര്‍
ലോകജനസംഖ്യയുടെ പകുതിയിലേറെ പേരും ഉപയോഗിക്കുന്ന ഭക്ഷ്യധാന്യമാണ് നെല്ല്. ചൈനയാണ് ലോകത്തെ മികച്ച നെല്ലുല്‍പ്പാദന രാജ്യം. നമ്മുടെ രാജ്യം ചൈനയുടെ തൊട്ടുപിറകില്‍ തന്നെയുണ്ട്. നെല്‍കൊയ്ത്തുമായി ബന്ധപ്പെട്ട കൊയ്ത്തുല്‍സവങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗം തന്നെയാണ്. തെക്കു കിഴക്കന്‍ ഏഷ്യയാണ് നെല്ലിന്റെ ഉത്ഭവ കേന്ദ്രമെന്നു കരുതുന്നു. ഇവിടെത്തന്നെയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ നെല്‍കൃഷി നടക്കുന്നത്. ഇന്ത്യയില്‍ അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പേ നെല്‍കൃഷി പ്രചാരത്തിലുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഇന്ത്യയില്‍നിന്നു ലോകത്തെ വിവിധ ഭാഗങ്ങളിലേക്ക് നെല്ല് കയറ്റുമതി ചെയ്തിരുന്നു. ഇന്ത്യ സന്ദര്‍ശിച്ച അറബി വ്യാപാരികള്‍ ഇന്ത്യയില്‍നിന്നു നെല്ല് കൊണ്ടുപോകുകയും പതിനൊന്നാം നൂറ്റാണ്ടോടെ അറബ്‌രാജ്യങ്ങളില്‍ നെല്‍കൃഷി ആരംഭിക്കുകയും ചെയ്തു. 1600 കളില്‍ അമേരിക്കയിലും 1700 കളില്‍ റഷ്യയിലും നെല്‍കൃഷി ആരംഭിച്ചു.
ഉപയോഗങ്ങള്‍
അരി, മലര്‍, പൊരി, അവില്‍ തുടങ്ങിയ വിവിധ രൂപത്തില്‍ നെല്ല് ഉപയോഗപ്പെടുത്തുന്നുണ്ട്. വൈക്കോലും നെല്ലിന്റെ സംസ്‌കൃത ഘടകമായ തവിടും മികച്ച കാലിത്തീറ്റയാണ്. വൈക്കോല്‍ ഉപയോഗിച്ച് ആദ്യ കാലങ്ങളില്‍ വീടിന്റെ മേല്‍ക്കുര മേയാറുണ്ടായിരുന്നു. തവിടില്‍ നിന്നെടുക്കുന്ന എണ്ണ ഇന്ത്യ,ചൈന,ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പാചക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. നമ്മുടെ രാജ്യത്തെ വൈവിധ്യമാര്‍ന്ന ആചാരങ്ങള്‍ക്ക് നെല്ല് ഉപയോഗപ്പെടുത്തുന്നുണ്ട്. മികച്ച ഒരു ഔഷധം കൂടിയാണ് നെല്ല്. അരി പാചകം ചെയ്യുമ്പോള്‍ ലഭിക്കുന്ന കഞ്ഞി വെള്ളം നല്ലൊരു എനര്‍ജി ഡ്രിങ്കാണ്.
ധാന്യങ്ങളുടെ രാജാവ്
പൗസി കുടുംബത്തില്‍പ്പെട്ട ധാന്യമാണ് നെല്ല്. ഒറൈസ സറ്റൈവ എന്നാണ് നെല്ലിന്റെ ശാസ്ത്രനാമം. 24 ആണ് നെല്ലിന്റെ ക്രോമസോം സംഖ്യ. കാറ്റിലാണ് നെല്ലില്‍ പരാഗണം നടക്കുന്നത്.
നെല്‍കൃഷിക്കാലം
നമ്മുടെ സംസ്ഥാനത്ത് വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നീ മൂന്ന് നെല്‍കൃഷി രീതികളാണുള്ളത്. ഒന്നാം വിളകൃഷിയാണ് വിരിപ്പ്. വിരിപ്പ് കൃഷിക്ക് പൊടിവിത, നുരിയിടല്‍, ചേറ്റില്‍വിത, ഞാറ് പറിച്ചു നടല്‍ തുടങ്ങിയ വിവിധ രീതികളുണ്ടെങ്കിലും കൂടുതലായും പൊടി വിത തന്നെയാണ് നടത്തുന്നത്. പൊടിയില്‍ വിത്ത് വിതക്കുന്നതിനാലാണ് പൊടി വിത എന്നുവിളിക്കുന്നത്. ഇതിനു പകരമായി ചാരം, ചാണകപ്പൊടി എന്നിവ ചേര്‍ത്ത് ഉഴവുചാലില്‍ നിക്ഷേപിക്കുന്ന രീതിയുമുണ്ട്. ഏപ്രില്‍-മെയ്, സെപ്റ്റംബര്‍-ഒക്ടോബര്‍ കാലയളവുകളിലാണ് ഈ കൃഷി നടത്താറുള്ളത്. നിശ്ചിത സമയത്ത് കൊയ്യാന്‍ പറ്റുന്നവ വിരിപ്പു കൃഷിയിലും നിശ്ചിത കാലത്തുമാത്രം കൊയ്യാന്‍ സാധിക്കുന്നവ മുണ്ടകനിലും മൂപ്പു കുറഞ്ഞ നെല്‍ വിത്തുകള്‍ പുഞ്ചക്കൃഷിയിലും ഉപയോഗപ്പെടുത്തുന്നു. മുണ്ടകന്‍ (രണ്ടാം വിള) കൃഷി ചെയ്യുന്നത് മുഖ്യമായും സെപ്റ്റംബര്‍-ഒക്ടോബര്‍, ഡിസംബര്‍-ജനുവരി കാലയളവുകളിലാണ്. മുഖ്യമായും നടീലാണ് ഈ കൃഷി രീതിയില്‍ സ്വീകരിക്കുന്നത്. വിരിപ്പും മുണ്ടകനും കഴിഞ്ഞതിനു ശേഷമുള്ള മൂന്നാം വിളയായാണ് കൂടുതല്‍ പേരും പുഞ്ചക്കൃഷി നടത്തുന്നത്. ചുരുങ്ങിയ സമയം കൊണ്ട് വിള കൊയ്യാന്‍ സാധിക്കുന്നതിനാല്‍ ത്രിവേണി, മട്ട ത്രിവേണി, അന്നപൂര്‍ണ,കാഞ്ചന,കൈരളി, ജ്യോതി തുടങ്ങിയ വിത്തുകളാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്.
കരനെല്‍കൃഷി
വയല്‍ പ്രദേശത്തില്‍നിന്നു വ്യത്യസ്തമായി കരഭൂമിയില്‍ കൃഷി ചെയ്യുന്ന രീതിയാണ് കരനെല്‍ക്കൃഷി. സൂര്യ പ്രകാശം ധാരാളമായി ലഭിക്കുന്നിടത്തു വേണം കരനെല്‍ക്കൃഷിനടത്താന്‍. വേനല്‍ മഴയോടു കൂടി കര നെല്‍കൃഷി നടത്താം. ജലസേചന സൗകര്യം ലഭിക്കുന്ന പ്രദേശങ്ങളില്‍ വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാവുന്നതാണ്.
ഞവര (നവര)
ഔഷധഗുണമുള്ള നെല്ലിനമാണ് ഞവര. നമര,നകര,നകരപ്പുഞ്ച തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ നെല്ലിനം ആയുര്‍വേദത്തില്‍ മികച്ച ഔഷധമാണ്. വാതരോഗങ്ങള്‍ക്ക് നവരക്കിഴി (നവര അരി വെന്തതിനു ശേഷം കിഴിയായി ഉപയോഗിക്കുന്ന രീതി) ഉപയോഗിച്ചുള്ള ഉഴിച്ചിലുകള്‍ നടത്താറുണ്ട്. വളരെ പെട്ടെന്ന് പാകമാകുന്ന ഈ നെല്ലിനം താഴ്ന്ന വയലുകളേക്കാള്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്നതാണ് ഉചിതം. നവരക്കൃഷിക്ക് ജൈവവളമാണ് ഉത്തമം. ആയുര്‍വേദ ആചാര്യന്മാര്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും നവരക്കഞ്ഞി നിര്‍ദ്ദേശിക്കാറുണ്ട്. ബലക്ഷയം, ക്ഷീണം, ഉദര രോഗം എന്നിവയ്ക്ക് നവരക്കഞ്ഞി ഉത്തമമാണ്.
നല്ലചെന്നെല്ല്
പേരുപോലെ ചുവന്ന നിറമുള്ള നെല്ലാണ് ചെന്നെല്ല്, കരള്‍ ആമാശയ സംബന്ധമായ അസുഖങ്ങള്‍ക്ക് ഇവ ഉപയോഗപ്പെടുത്തുന്നു. ആയുര്‍വേദത്തില്‍ പരാമര്‍ശിക്കുന്ന രക്തശാലി നല്ല ചെന്നെല്ലാണെന്ന് കരുതപ്പെടുന്നു. കണ്ണൂര്‍ ജില്ലയിലാണ് ഈ നെല്ല് കൂടുതലായും കൃഷി ചെയ്യുന്നത്. മഞ്ഞപ്പിത്തം, ഛര്‍ദ്ദി, വയറു വേദന, വയറിളക്കം എന്നിവയ്ക്ക് ഈ നെല്ലു കൊണ്ടുള്ള കഞ്ഞി ഫലപ്രദമാണ്.
കറുത്ത ചമ്പാവ്
കറുപ്പ് നിറമുള്ള നെല്ലാണ് കറുത്ത ചമ്പാവ്. ഇരുമ്പിന്റെ അംശം കൂടുതലുള്ള ഈ നെല്ലിനത്തിന് നിരവധി ഔഷധഗുണങ്ങളുണ്ട്.
ദണ്ഡകാണി
ശാലി വിഭാഗത്തില്‍പ്പെടുന്ന വരിനെല്ലായ ദണ്ഡകാണി വൃക്കരോഗങ്ങള്‍ക്കെതിരെയുള്ള ഔഷധമാണ്. രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്ന നെല്ലെന്ന ഖ്യാതിയും ദണ്ഡകാണിക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."