സഊദിയിൽ കൊവിഡ് വാക്‌സിൻ രജിസ്ട്രേഷൻ മൂന്ന് ലക്ഷം കവിഞ്ഞു; വാക്സിൻ സുരക്ഷിതം ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി
റിയാദ്: സഊദിയിൽ കൊവിഡ് വാക്‌സിൻ സ്വീകരിക്കാനുള്ള രജിസ്‌ട്രേഷൻ മൂന്ന് ലക്ഷം കവിഞ്ഞതായി ആരോഗ്യ മന്ത്രാലയം. ഇത് വരെ 305,452 ആളുകൾ രജിസ്ട്രേഷൻ ചെയ്തതായി മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് രാജ്യത്ത് കൊവിഡ് വാക്‌സിൻ വിതരണത്തിനായി ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചത്.
അതേസമയം, രാജ്യത്ത് വാക്സിൻ വിതരണവും ആരംഭിച്ചിട്ടുണ്ട്. ആദ്യമായി ആരോഗ്യ മന്ത്രി തന്നെയാണ് വാക്സിൻ സ്വീകരിച്ചത്. തുടർന്ന് സ്വദേശികൾ വാക്സിൻ കുത്തിവെപ്പെടുത്തിയിരുന്നു. വാക്‌സിന്‍ തീര്‍ത്തും സുരക്ഷിതമാണെന്നും ഇതേ കുറിച്ച് ഒരുവിധ ആശങ്കയും വേണ്ടെന്നും ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അല്‍റബീഅ വ്യക്തമാക്കി.
വ്യത്യസ്ത വാക്‌സിനുകളെ കുറിച്ച് ചിലര്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ ശരിയല്ല. കൊറോണ വാക്‌സിന്‍ ഓട്ടിസത്തിന് കാരണമാകുമെന്നും മറ്റു പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്നുമുള്ള നിലക്ക് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. വാക്‌സിനുകളെ കുറിച്ച് ചിലര്‍ ചിരിവരുത്തുന്ന കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഇവയൊന്നും ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടതല്ലെന്നും ശാസ്ത്രീയ പഠനങ്ങളുമായി ഇവക്ക് ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു. ആളുകള്‍ക്ക് കൂടുതല്‍ മനഃസമാധാനം നല്‍കാനാണ് ആദ്യമായി താൻ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
രജിസ്‌ട്രേഷനായി ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ “സിഹതീ” മൊബൈൽ ആപ്ലിക്കേഷൻ ആണ് ഉപയോഗിക്കേണ്ടത്. “സ്വിഹതീ” ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് എക്കൗണ്ട് രജിസ്റ്റർ ചെയ്യണം. ശേഷം കൊവിഡ് വാക്‌സിൻ എന്ന ഐക്കൺ തെരഞ്ഞെടുത്ത് അപേക്ഷ പൂരിപ്പിച്ച് അയക്കണം. അപേക്ഷകന്റെ ആരോഗ്യവിവരങ്ങൾ അടക്കമുള്ള വിവരങ്ങളാണ് അപേക്ഷയിൽ നൽകേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."