കാരാട്ട് ഫൈസലിന് വോട്ട് മറിച്ച സംഭവം; സി.പി.എം ചുണ്ടപ്പുറം ബ്രാഞ്ച് പിരിച്ചുവിട്ടു
കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസല്‍ വിജയിച്ച ചുണ്ടപ്പുറത്തെ സി.പി.എം ബ്രാഞ്ച് പിരിച്ചുവിട്ടു. കൊടുവള്ളി മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇവിടെ മത്സരിച്ച ഇടതുമുന്നണി സ്ഥാനാര്‍ഥിക്കു പൂജ്യം വോട്ട് ലഭിച്ച സാഹചര്യത്തിലാണ് സി.പി.എം ജില്ലാ കമ്മിറ്റിയുടെ നടപടി. ഇടതുമുന്നണി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാതെ സി.പി.എം പ്രവര്‍ത്തകര്‍ കാരാട്ട് ഫൈസലിനു വോട്ട് മറിച്ചുചെയ്യുകയായിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പൂജ്യം വോട്ട് കിട്ടിയത് സി.പി.എമ്മിനു കനത്ത ക്ഷീണമായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. തീരുമാനം ഇന്നലെ നടന്ന ജില്ലാ കമ്മിറ്റിയിലും റിപ്പോര്‍ട്ടുചെയ്തു. പാര്‍ട്ടി സംഘടനാ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണ് ബ്രാഞ്ച് കമ്മിറ്റിയുടെ നിലപാടെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. അതിന്റെ അടിസ്ഥാനത്തിലാണ് ബ്രാഞ്ച് പിരിച്ചുവിടാനുള്ള തീരുമാനം.
മുനിസിപ്പാലിറ്റിയിലെ 15ാം ഡിവിഷനായ ചുണ്ടപ്പുറത്ത് ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ചത് ഐ.എന്‍.എല്‍ നേതാവ് ഒ.പി റഷീദായിരുന്നു. ഫൈസലിന് 568 വോട്ട് ലഭിച്ചപ്പോള്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി യു.ഡി.എഫിലെ കെ.കെ.എ ഖാദറിന് 495 വോട്ട് ലഭിച്ചു. ഫൈസലിന്റെ ഭൂരിപക്ഷം 73 വോട്ട്. ഒ.പി റഷീദിന് വോട്ടൊന്നും ലഭിച്ചില്ല. കൊടുവള്ളി സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റുകൂടിയായ റഷീദിന്റെ വോട്ട് മറ്റൊരു വാര്‍ഡിലായിരുന്നു. സ്ഥാനാര്‍ഥിയുടെ അടുപ്പക്കാര്‍ പോലും അദ്ദേഹത്തിന് വോട്ട് ചെയ്തില്ല. എന്‍.ഡി.എയുടെ പി.ടി സദാശിവന് 50 വോട്ട് കിട്ടി. കാരാട്ട് ഫൈസലിന്റെ അപരനായി എത്തിയ കെ.ഫൈസലിന് ഏഴു വോട്ടുകള്‍ ലഭിച്ചിരുന്നു.
എല്‍.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി കാരാട്ട് ഫൈസലിനെ ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം ഇടതുമുന്നണി പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി വോട്ടഭ്യര്‍ഥിക്കുകയും ചെയ്തു.
ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം വിവാദമായതോടെ ഇടതുമുന്നണി ഒ.പി റഷീദിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഫൈസലിനെ ഇടതുമുന്നണി വിജയിപ്പിക്കുമെന്നും ഒ.പി റഷീദ് ഡമ്മി സ്ഥാനാര്‍ഥിയാണെന്നും ആ ഘട്ടത്തില്‍ യു.ഡി.എഫ് ആരോപിച്ചിരുന്നു. പരസ്യമായി പ്രഖ്യാപിക്കാതെ വീടുകളില്‍ കയറി ഫൈസലിനു വോട്ട് ചെയ്യാന്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."