HOME
DETAILS

പുനഃസൃഷ്ടിക്കാം നമുക്ക് ഈ മലയാളനാടിനെ

  
backup
July 19 2019 | 17:07 PM

rebuild-kerala-says-pinarayi-vijayan-20-07-2019

 


നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന്റെ ഒന്നാംവാര്‍ഷികത്തില്‍ എത്തിനില്‍ക്കുകയാണു കേരളം. അഞ്ചുലക്ഷത്തിലേറെ പേരെയാണു പ്രളയഘട്ടത്തില്‍ രക്ഷപ്പെടുത്തിയത്. 15 ലക്ഷം പേര്‍ പതിനായിരത്തിലേറെ ദുരിതാശ്വാസ ക്യാംപുകളിലായിരുന്നു. വെള്ളം താഴ്ന്നശേഷം 6,93,287 വീടുകള്‍ വൃത്തിയാക്കേണ്ടിവന്നു. 14,657 മൃഗങ്ങളുടെയും ആറുലക്ഷത്തിലധികം പക്ഷികളുടെയും ശവം മൂന്നുദിവസം കൊണ്ടു മറവുചെയ്തു. മൂന്നുലക്ഷം കിണറുകള്‍ അണുവിമുക്തമാക്കി. 6,92,966 കുടുംബങ്ങള്‍ക്കാണ് പതിനായിരം രൂപ വീതം അടിയന്തര ധനസഹായം നല്‍കിയത്. സംസ്ഥാനത്തെ എങ്ങനെ പ്രളയം ബാധിച്ചുവെന്നതിന്റെ ഏകദേശചിത്രം ഈ കണക്കുകളില്‍നിന്നു കിട്ടും.
രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായശേഷം നഷ്ടപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാനാണു ശ്രമിച്ചത്. 16,954 കിലോമീറ്റര്‍ റോഡിന്റെ കേടുപാടു തീര്‍ത്തു. 25.6 ലക്ഷം വൈദ്യുതിബന്ധങ്ങള്‍ പുനഃസ്ഥാപിച്ചു. പൂര്‍ണമായി തകര്‍ന്ന 15,521 വീടുകളുടെ പുനര്‍നിര്‍മാണം നടന്നു. പ്രളയബാധിതമായ എല്ലാ മേഖലകളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നു.
പുനര്‍നിര്‍മാണം എങ്ങനെയാവണമെന്നതിന്റെ വ്യക്തമായ കാഴ്ചപ്പാട് വ്യത്യസ്ത മേഖലകളിലെ വിദഗ്ധരുടെയും അവരുടെ പഠനങ്ങളുടെയും സഹായത്തോടെയാണു രൂപപ്പെടുത്തിയത്. അതിന്റെ തുടര്‍ച്ചയായി റീബില്‍ഡ് കേരള വികസന പദ്ധതി മന്ത്രിസഭ അംഗീകരിച്ചു. ജലവിഭവം, ശുചിത്വം, നഗരവികസനം, ഗതാഗതം, വനസംരക്ഷണം, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകളിലെ പ്രശ്‌നങ്ങള്‍ സമഗ്രമായി അപഗ്രഥിച്ചു. അതില്‍നിന്നാണ് കേരള പുനര്‍നിര്‍മാണ പരിപ്രേക്ഷ്യം രൂപപ്പെടുത്തിയത്.
നമ്മുടെ രക്ഷാപ്രവര്‍ത്തനവും പ്രളയകാലത്തെ അതിജീവനവും ലോകത്താകെ പ്രശംസിക്കപ്പെട്ടതാണ്. മാതൃകയാക്കാവുന്ന അനുഭവങ്ങളാണ് നാം ചരിത്രത്തില്‍ അടയാളപ്പെടുത്തിയത്. ലഭിക്കേണ്ടുന്ന സഹായങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്ന ഇടപെടല്‍ പല ഭാഗത്തുനിന്നുമുണ്ടായി. അത്തരം തടസപ്പെടുത്തലുകള്‍ക്കു മുന്നില്‍ നാം തളര്‍ന്നില്ല. അതിജീവനത്തിന്റെയും മുന്നേറ്റത്തിന്റെയും നിശ്ചയദാര്‍ഢ്യമായാണു റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഏറ്റെടുത്തത്.
ഇതു സര്‍ക്കാരിന്റെ മാത്രം പരിപാടിയല്ല. പ്രതിപക്ഷ നേതാവും ഭരണരംഗത്തെ പരിചയസമ്പന്നരും പൊതുസമൂഹത്തില്‍ അറിയപ്പെടുന്ന സാമ്പത്തിക-സാങ്കേതിക മേഖലകളിലെ വിദഗ്ധരും ചേര്‍ന്നതാണ് കേരള പുനര്‍നിര്‍മാണ പരിപ്രേക്ഷ്യം ഉപദേശക സമിതി. പുനര്‍നിര്‍മാണ പ്രക്രിയയില്‍ ഒരാള്‍പോലും വിട്ടുപോകരുതെന്ന നിര്‍ബന്ധമുണ്ട്.
ഐക്യരാഷ്ട്രസഭാ ഏജന്‍സികള്‍ തയാറാക്കിയ കണക്കുകള്‍ പ്രകാരം പ്രളയംമൂലം 31,000 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇതു കേരളത്തിന്റെ ആഭ്യന്തരവരുമാനത്തിന്റെ നാലുശതമാനത്തോളം വരും. ഈ തുക എങ്ങനെ കണ്ടെത്തുമെന്നതാണു പ്രശ്‌നം. കേവലം പുനര്‍നിര്‍മാണമല്ല, പുതിയ കേരളത്തിന്റെ സൃഷ്ടിയാണു വിഭാവനം ചെയ്യുന്നത്. ഇനിയൊരു അത്യാഹിതത്തിനും തകര്‍ക്കാനാവാത്ത വിധം പുനഃസൃഷ്ടിക്കേണ്ടതുണ്ട്. അതു പ്രകൃതിസൗഹൃദപരമാകണം. സമയബന്ധിതമായി പൂര്‍ത്തിയാകണം.
പ്രളയഘട്ടത്തില്‍ സഹായസന്നദ്ധതയുമായി ലോകമെമ്പാടുനിന്നും വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും സര്‍ക്കാരുകളും മുന്നോട്ടുവന്നു. പുനര്‍നിര്‍മാണത്തില്‍ പങ്കാളിത്തം വഹിക്കാനും വിവിധ മേഖലകളില്‍നിന്ന് അത്തരം സന്നദ്ധത പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ തയാറാവുന്ന ഏജന്‍സികളും സ്ഥാപനങ്ങളും ഒത്തുചേര്‍ന്ന സംഗമമാണു ജൂലൈ 15നു കോവളത്തു സംഘടിപ്പിച്ചത്. വികസന പങ്കാളികളുടെ ആ സംഗമത്തില്‍ ലോകബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളും ഏജന്‍സികളും വിവിധ മേഖലകളിലെ സാമ്പത്തിക-സാങ്കേതിക വിദഗ്ധരും പങ്കാളികളായി.
ലോകബാങ്കിന്റെയും ഏഷ്യ വികസന ബാങ്കിന്റെയും കണ്‍ട്രി ഡയരക്ടര്‍മാരുള്‍പ്പെടെ പങ്കെടുത്തു. ജപ്പാന്‍ ഇന്റര്‍നാഷനല്‍ കോര്‍പ്പറേഷന്‍ ഏജന്‍സി, ഐക്യരാഷ്ട്രസഭയുടെ പ്രതിനിധികള്‍, ഫ്രഞ്ച് വികസന ഏജന്‍സി, ജര്‍മന്‍ വികസന ബാങ്കിങ് ഗ്രൂപ്പ്, ബില്‍ ആന്‍ഡ് മെലിന്‍ഡാ ഗേറ്റ്‌സ് ഫൗണ്ടേഷന്‍, ഏഷ്യന്‍ ഇഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്, ഐ.എഫ്.ഡി.സി ഇന്‍സ്റ്റിറ്റ്യൂട്ട്, എന്‍.ഡി.ബി, ഹഡ്‌കോ, നബാര്‍ഡ്, ടാറ്റാ ട്രസ്റ്റ് എന്നിവയുടെ പ്രതിനിധികള്‍ കോണ്‍ക്ലേവിലെത്തി.
കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പരിപാടിയുടെ സമഗ്രമായ പരിചയപ്പെടുത്തലായിരുന്നു കോണ്‍ക്ലേവിന്റെ പ്രധാന അജന്‍ഡ. നേരത്തേതന്നെ ഈ രേഖയെ ആസ്പദമാക്കി ലോകബാങ്കുമായി വിവിധ തലത്തില്‍ ചര്‍ച്ച നടന്നിരുന്നു. അതിന്റെ ഭാഗമായി 500 ദശലക്ഷം ഡോളറിന്റെ (ഏതാണ്ട് 3500 കോടി രൂപ) ഡെവലപ്‌മെന്റ് പോളിസി ലോണ്‍ ലോകബാങ്ക് അനുവദിച്ചു. ഇതിന്റെ ആദ്യ ഗഡുവായി 250 ദശലക്ഷം ഡോളറാണു ലഭിക്കുന്നത്. അതില്‍ 160 ദശലക്ഷം ഡോളറിന്റെ വായ്പയ്ക്ക് നാലുവര്‍ഷത്തെ മൊറട്ടോറിയവും 30 വര്‍ഷത്തെ തിരിച്ചടവു കാലാവധിയുമുണ്ട്. ഒന്നരശതമാനമാണ് പലിശനിരക്ക്.
ബാക്കിവരുന്ന 90 ദശലക്ഷം ഡോളറിന്റെ തിരിച്ചടവു കാലയളവ് 18 വര്‍ഷമാണ്. നാലുവര്‍ഷത്തെ മൊറട്ടോറിയം ലഭിക്കും. പലിശനിരക്കു നാലുമുതല്‍ 4.5 ശതമാനം വരെയാണ്. ഏതെങ്കിലും പ്രൊജക്ടുമായി ബന്ധപ്പെടുത്തിയുള്ളതല്ല ഈ വായ്പ. സംസ്ഥാനത്തിന്റെ വികസനാവശ്യങ്ങള്‍ക്കു വിനിയോഗിക്കാം. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനത്തെ ലോകബാങ്ക് വികസന പങ്കാളിയായി അംഗീകരിക്കുന്നത്.
കോണ്‍ക്ലേവില്‍ കേരളത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂര്‍വമായ സമീപനമാണ് എല്ലാ പങ്കാളികളും സ്വീകരിച്ചത്. സാമ്പത്തിക സഹായത്തോടൊപ്പം സാങ്കേതിക സഹായവും ഇതുപോലുള്ള ദുരന്തങ്ങള്‍ നേരിടുകയും ദുരന്തമേഖലകളെ പുനര്‍നിര്‍മിക്കുകയും ചെയ്ത അനുഭവമുള്ളവരുടെ വൈദഗ്ധ്യത്തിന്റെ സാന്നിധ്യവും വേണ്ടതുണ്ട്. ലോകബാങ്കിന്റെ ദുരന്തനിവാരണ വിഭാഗത്തിലെയും ഐക്യരാഷ്ട്രസഭയുടെ വീണ്ടെടുപ്പ് വിഭാഗത്തിലെയും ഉന്നതാധികാരികളുടെ സാന്നിധ്യം കോണ്‍ക്ലേവില്‍ ഉണ്ടായിരുന്നു. സാമ്പത്തിക, സാങ്കേതിക സഹായങ്ങളും പങ്കാളിത്തവുമാണ് ഉറപ്പാക്കപ്പെട്ടത്.
പ്രളയദുരന്തത്തില്‍ നിന്നുള്ള കരകയറല്‍ മാത്രമല്ല നമ്മുടെ ലക്ഷ്യം; ഇതര പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്ഥാ വ്യതിയാനം എന്നിവയെ കൂടി അതിജീവിക്കുന്ന രീതിയിലുള്ള പുനര്‍നിര്‍മാണമാണ്. ഭാവിയില്‍ ഏതു ദുരന്തം വന്നാലും കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ഉണ്ടായതുപോലുള്ള നാശനഷ്ടങ്ങള്‍ സംഭവിക്കരുത്. അതിജീവനക്ഷമതയുള്ള കേരളം കെട്ടിപ്പടുക്കുകയും അതിലൂടെ സുസ്ഥിര വികസനം ഉറപ്പാക്കുകയുമാണ് നാം. ആര്‍.കെ.ഡി.പിയുടെ പദ്ധതികള്‍ അതുകൊണ്ടുതന്നെ വളരെയേറെ സങ്കീര്‍ണതയുള്ളതും ദീര്‍ഘവീക്ഷണം ആവശ്യപ്പെടുന്നതുമാണ്. പ്രൊജക്ട് രൂപരേഖ ഉന്നതാധികാര സമിതിയും വിദഗ്ധരും പരിശോധിച്ച ശേഷമാണ് മന്ത്രിസഭ അംഗീകരിക്കുക. ഓരോ പദ്ധതിയും കൃത്യമായി വിലയിരുത്തപ്പെടും.
കഴിഞ്ഞ ഓഗസ്റ്റില്‍ എല്ലാം തകര്‍ന്നു എന്നു കരുതിയവരാണു നാം. പ്രളയം കുത്തിയൊഴുകി വന്നപ്പോള്‍ കേരളത്തിന് ഇനി എന്തു ഭാവി എന്നു ചിന്തിച്ചവരുണ്ട്. ആ നൈരാശ്യത്തെ പൂര്‍ണമായും ഇല്ലായ്മ ചെയ്ത് പ്രതീക്ഷയുടെ പുതിയ വെളിച്ചം പകരുന്ന പ്രക്രിയയുടെ ഏറ്റവും പ്രധാനപ്പെട്ട ചുവടുവയ്പാണ് വികസന പങ്കാളികളുടെ കോണ്‍ക്ലേവ് എന്ന് നിസംശയം പറയാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നാനാഭാഗത്തുനിന്നും വന്ന സംഭാവനയും ഇവിടെ എടുത്തുപറയേണ്ടതാണ്. 4,106.38 കോടി രൂപയാണ് ഇതുവരെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചത്. അതില്‍ 2,041.34 കോടി രൂപ ഇതിനകം ചെലവിട്ടുകഴിഞ്ഞു. മത്സ്യത്തൊഴിലാളി ഭവന നിര്‍മാണത്തിനുള്‍പ്പെടെ ഈ തുക ചെലവഴിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ട്.
അതിജീവനത്തിന്റെയും നവകേരള സൃഷ്ടിയുടെയും ഭാഗമായുള്ള പൊതുസംഗമങ്ങള്‍ ജൂലൈ 20ന് സംസ്ഥാനത്തിന്റെ 14 ജില്ലാ കേന്ദ്രങ്ങളിലും നടക്കുകയാണ്. പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ദാനം ഉള്‍പ്പെടെ ഈ പരിപാടികളില്‍ നടക്കും. ആ ഘട്ടത്തില്‍ തന്നെയാണ് ലോകത്തിന്റെ സഹായം ഒരു കുടക്കീഴിലേക്ക് കൊണ്ടുവരാനുള്ള വികസന പങ്കാളിത്ത സംഗമം നമുക്ക് വിജയകരമായി പൂര്‍ത്തിയാക്കാനായത്. തുടര്‍ന്നുള്ള നാളുകളില്‍ ഈ കോണ്‍ക്ലേവില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങളുടെ നടപ്പാക്കലിന്റെ തുടര്‍ പരിശോധനകള്‍ക്ക് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വിവിധ ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം സംബന്ധിച്ച ചര്‍ച്ചകളും തീരുമാനങ്ങളും വരും നാളുകളില്‍ ഉണ്ടാകും. ഉറച്ച ചുവടുവയ്പുകളോടെ മുന്നേറാനും ലക്ഷ്യത്തിലെത്താനും നമുക്കു കഴിയും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  an hour ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  an hour ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  3 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  3 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  3 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  4 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  4 hours ago