സ്‌നേഹസമ്മാനം ഏറ്റുവാങ്ങിയ കുഞ്ഞുമുഖങ്ങളില്‍ ഈന്തപ്പഴ മധുരം
തിരുവനന്തപുരം: സ്‌നേഹത്തിന്റെ ഇളം ചൂടുള്ള കൈകളില്‍ നിന്ന് ഈന്തപ്പഴ പാക്കറ്റുകള്‍ ഏറ്റുവാങ്ങുമ്പോള്‍ കുഞ്ഞു മുഖങ്ങളില്‍ മധുരമുള്ള പുഞ്ചിരി വിരിഞ്ഞു. ആ പുഞ്ചിരി അവിടെ കൂടിയിരുന്നവരുടെ മനസ് നിറച്ചു. വിശുദ്ധ മാസമായ റമദാന്റെ ആരംഭവുമായി ബന്ധപ്പെട്ട് 18 ടണ്‍ ഉന്നത നിലവാരത്തിലുള്ള ഈന്തപ്പഴം യു.എ.ഇ പ്രസിഡന്റ് ഷേഖ് ഖലീഫ ബിന്‍ സയദ് അല്‍ നഹ്യാന്‍ ഇന്ത്യയിലേക്ക് അയച്ചിരുന്നു. ഇതില്‍ 10 ടണ്‍ കേരളത്തിന് ലഭിച്ചു. ഇത് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ് ജമാല്‍ ഹുസൈന്‍ അല്‍ സാബിയും ചേര്‍ന്ന് ശ്രീ ചിത്രാ ഹോമിലെയും പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമിലെയും ഭിന്നശേഷിക്കാരും അനാഥരുമായ 30 കുട്ടികള്‍ക്ക് വിതരണം ചെയ്താണ് തുടക്കം കുറിച്ചത്.
പൂജപ്പുഴ ചില്‍ഡ്രന്‍സ് ഹോമിലെ ആറാം ക്ലാസുകാരന്‍ സതീഷാണ് ആദ്യ പാക്കറ്റ് സ്വീകരിച്ചത്. കേരളത്തില്‍ 40,000 കുട്ടികള്‍ക്ക് 250 ഗ്രാം വീതം ഈന്തപ്പഴമാണ് വിതരണം ചെയ്യുക. കേരളവും യു.എ.ഇയും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ പ്രതിഫലനമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
മുഖ്യമന്ത്രി നല്‍കുന്ന സുസ്ഥിരമായ പിന്തുണയ്ക്ക് നന്ദിപറഞ്ഞ കോണ്‍സുല്‍ ജനറല്‍ ഈന്തപ്പഴങ്ങള്‍ അര്‍ഹരും ആവശ്യക്കാരുമായവര്‍ക്ക് നല്‍കണമെന്ന ആഗ്രഹത്തോടെയാണ് അദ്ദേഹത്തിനു സമ്മാനിച്ചതെന്ന് ചൂണ്ടിക്കാട്ടി. റെഡ് ക്രെസന്റ് സൊസൈറ്റി എന്ന ജീവകാരുണ്യസന്നദ്ധ സംഘടനയുടെ സഹകരണത്തോടെയാണ് ഈന്തപ്പഴം വിതരണം ചെയ്യുന്നത്.
സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഹോമുകള്‍, ബഡ്‌സ് പുനരധിവാസ കേന്ദ്രങ്ങള്‍, ബഡ്‌സ് സ്‌കൂളുകള്‍, സ്‌പെഷ്യല്‍ സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കാണ് ഈന്തപ്പഴം വിതരണം ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."