മഴവഞ്ചേരി കുളം നാശോന്മുഖം; അടിയന്തിര നടപടി വേണം
പേരൂര്‍ക്കട: കഴിഞ്ഞ പത്ത് വര്‍ഷമായി നാശോന്മുഖമായ അവസ്ഥയില്‍ മുട്ടട പനയറ അഞ്ചുമുക്കുവയലിനു സമീപത്തെ മഴവഞ്ചേരി കുളം. അന്‍പത് സെന്റോളം സ്ഥലത്താണ് ഒരു നൂറ്റാണ്ട് പഴക്കമുള്ള കുളം നിലനില്‍ക്കുന്നത്. ദീര്‍ഘചതുരാകൃതിയിലുള്ള കുളം ഒരുകാലത്ത് ജലസേചനത്തിനും മറ്റും ഉപയോഗിച്ചിരുന്നതാണ്. മുട്ടടയില്‍നിന്ന് വ്യക്തമായ ഒരു വഴിയും കുളത്തിലേക്ക് ഉണ്ടായിരുന്നു. ഇപ്പോള്‍ ഇവിടം കാടുമൂടിയ അവസ്ഥയിലാണ്.
കുളത്തിനുള്ളിലെ വെള്ളം മലിനമായിക്കഴിഞ്ഞു. കുളത്തിലെ കല്‍ക്കെട്ട്് ഏറെക്കുറെ തകര്‍ന്നു. മാലിന്യനിക്ഷേപം മൂലം കൊതുകുശല്യം രൂക്ഷമാണ്. കുളത്തിന്റെ സ്ഥലം കൈയേറുന്നതും വ്യാപകമായിട്ടുണ്ട്. ചില സ്വകാര്യവ്യക്തികള്‍ കുളത്തിലേക്കുള്ള വഴി വരുന്ന ഭാഗം കെട്ടിയടയ്ക്കുകയും അവിടം കൈയേറുകയും ചെയ്തു.
മുട്ടട പ്രദേശത്ത് 15 വര്‍ഷത്തിനു മുമ്പുവരെ സമൃദ്ധമായ കൃഷിയുണ്ടായിരുന്നു. കൃഷിക്കാവശ്യമായ വെള്ളം കൊണ്ടുപോകുന്നതിനുള്ള പൈപ്പുകളും കുളത്തിനടിയില്‍ ഉണ്ടായിരുന്നു. കൃഷി നശിക്കുകയും വാട്ടര്‍ടാപ്പുകള്‍ വരികയും ചെയ്തതോടെ പൊതുജനങ്ങള്‍ കുളം ശ്രദ്ധിക്കാതായി. ചുറ്റുപാടുകള്‍ കാടുമൂടി തുടങ്ങിയതോടെ കുളം വിസ്മൃതിയിലായി.
മുട്ടട-അഞ്ചുമുക്ക് വയല്‍ റസി. അസോസിയേഷന്‍ ഭാരവാഹികള്‍ എം.എല്‍.എ കെ. മുരളീധരന് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണിപ്പോള്‍. കുളത്തിന്റെ വശങ്ങള്‍ കെട്ടുകയും വെള്ളം ശുദ്ധീകരിക്കുകയും ചെയ്തശേഷം ഇവിടം ഒരു പാര്‍ക്ക് ഉണ്ടാക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. കിണവൂര്‍ വാര്‍ഡില്‍ ഉള്‍പ്പെടുന്ന കുളത്തിന്റെ നവീകരണത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നു വാര്‍ഡ് കൗണ്‍സിലര്‍ കെ.സി വിമല്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."