സ്വപ്നയുടെ ലോക്കറിലെ പണം ശിവശങ്കറിന്റെ കമ്മിഷനാണെന്ന് ആവര്‍ത്തിച്ച് ഇ.ഡി
കൊച്ചി: സര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ലോക്കറിലെ പണം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ കമ്മിഷന് പണമാണെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കി എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയില്‍ എതിര്‍വാദമുന്നയിച്ചു.
സ്വപ്നയ്ക്ക് 60 ലക്ഷം രൂപ ഒറ്റയ്ക്കു സ്വരൂപിക്കാനാവില്ല. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ കൂട്ടി ജോയിന്റ് അക്കൗണ്ട് തുറന്നത് സ്വപ്നയെ വിശ്വാസമില്ലാത്തതുകൊണ്ടാവാം. ശിവശങ്കറിനു ജാമ്യമനുവദിച്ചാല്‍ കേസ് അട്ടിമറിക്കപ്പെട്ടേക്കാം.
ലോക്കറിലെ പണം സ്വപ്നയുടേതാണെന്ന് വാദത്തിന് അംഗീകരിച്ചാല്‍ പോലും ശിവശങ്കര്‍ സഹായം ചെയ്തതിന് തെളിവുണ്ട്. അതുകൊണ്ടു തന്നെ പ്രതിക്ക് കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറരുത്. തെളിവ് നശിപ്പിക്കാന്‍ അതു കാരണമാകും. ജാമ്യമനുവദിക്കുന്നത് അന്വേഷണാവസ്ഥയിലിരിക്കുന്ന കേസിനെ ബാധിക്കുമെന്നും ഇ.ഡി വാദിച്ചു.
ലോക്കറിലെ പണം സംബന്ധിച്ച് ഇ.ഡി നേരത്തെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതേ നിലപാട് ഇ.ഡി ആവര്‍ത്തിക്കുകയായിരുന്നു. ലൈഫ് മിഷന് ഉള്‍പ്പെടെയുള്ള പദ്ധതികളുടെ വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നയ്ക്ക് ചോര്ത്തിക്കൊടുത്തിരുന്നെന്നും ഇ.ഡി കോടതിയെ അറിയിച്ചു.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. തെളിവില്ലാതെയാണ് ഇ.ഡി ശിവശങ്കറിനെ കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റു ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം. തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."