തെരഞ്ഞെടുപ്പ് തോല്‍വി; എല്‍.ജെ.ഡി,ജെ.ഡി.എസ് തമ്മിലടി രൂക്ഷം
വടകര: ജനതാദള്‍- എസ്, എല്‍.ജെ.ഡി ലയന ചര്‍ച്ചയെ ബാധിക്കുന്ന അവസ്ഥയിലേക്ക് ഇരു പാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. ഇരു പാര്‍ട്ടികളുടെയും കോഴിക്കോട് ജില്ലാ നേതൃത്വങ്ങള്‍ പരസ്യമായി വടകര സീറ്റില്‍ അവകാശവാദമുന്നയിച്ചതോടെ സംസ്ഥാന നേതൃത്വങ്ങള്‍ ഇടപെടേണ്ട അവസ്ഥയാണുള്ളത്.
തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേന്നാണ് എല്‍.ജെ.ഡി നേതാവ് മനയത്ത് ചന്ദ്രന്‍ ജില്ലയില്‍ വലിയ നേട്ടമാണ് എല്‍.ജെ.ഡി കാഴ്ചവച്ചതെന്നും അതിനാല്‍തന്നെ ജെ.ഡി.എസിന്റെ സിറ്റിങ് സീറ്റായ വടകര തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്നും മാധ്യമങ്ങളോടു പറഞ്ഞത്. എന്നാല്‍ വടകര സീറ്റ് തങ്ങളുടെ സിറ്റിങ് സീറ്റാണെന്നും ഒരു കാരണവശാലും അതു വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്നുമാണ് ജെ.ഡി.എസ് ജില്ലാ നേതൃത്വം പറയുന്നത്. അടുത്ത ദിവസങ്ങളില്‍ സംസ്ഥാന തലത്തില്‍ നടക്കുന്ന ഇരു പാര്‍ട്ടികളുംതമ്മിലുള്ള ലയന ചര്‍ച്ചയെ ഇത്തരം പരസ്യ നിലപാടുകള്‍ ബാധിക്കുമെന്ന് ഉറപ്പാണ്.
സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിലും ജില്ലാ പ്രസിഡന്റുമാരുടെ വീതംവയ്പ്പിലും തട്ടിയാണ് ഇപ്പോള്‍ ലയന ചര്‍ച്ച വഴിമുട്ടിയത്. എന്നാല്‍ ജെ.ഡി.എസ് സംസ്ഥാന ഘടകത്തിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് സി.കെ നാണുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം ലയനത്തിന് അനുകൂലമായി മാറിയ സന്ദര്‍ഭത്തിലാണ് ജില്ലാ നേതാക്കള്‍ തമ്മില്‍ പരസ്യമായി കൊമ്പുകോര്‍ത്തിരിക്കുന്നത്. വടകരയില്‍ സ്ഥാനാര്‍ഥിത്വം കൈവിട്ടുപോകാതിരിക്കാനുള്ള മനയത്ത് ചന്ദ്രന്റെ നീക്കമാണിതെന്നാണ് ജെ.ഡി.എസിന്റെ അഭിപ്രായം. ലയന ചര്‍ച്ചകളില്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ വച്ചുമാറല്‍ മാത്രമല്ല നിയമസഭാ സീറ്റുകളിലുള്ള ധാരണയും ചര്‍ച്ചയാക്കാനാണ് എല്‍.ജെ.ഡിയുടെ ശ്രമം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് കോട്ടയെന്ന പേരുള്ള ഏറാമല പഞ്ചായത്തിലടക്കം എല്‍.ജെ.ഡി തകര്‍ന്നതോടെയാണ് പുതിയ വിവാദങ്ങള്‍ ഉയര്‍ന്നുവരുന്നത്. എല്‍.ജെ.ഡിയുടെ മുന്നണി പ്രവേശനം കൊണ്ട് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍ വരുന്നതിനു മുന്‍പ് ഒരുമുഴം നീട്ടിയെറിയുകയാണ് എല്‍.ജെ.ഡി നേതൃത്വം. ഇരു പാര്‍ട്ടികളും തമ്മിലുള്ള പ്രശ്‌നത്തില്‍ സംസ്ഥാന നേതൃത്വവും ഇടതുമുന്നണിയും എടുക്കുന്ന തീരുമാനങ്ങളാണ് ഇനി നിര്‍ണായകമാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."