കൊവിഡ് വ്യാപനം കൂടും: ഒരാഴ്ചക്കിടെ ലക്ഷണങ്ങള്‍ ഉള്ളവര്‍ ശ്രദ്ധിക്കണം
തിരുവനന്തപുരം: തെരഞ്ഞെടുപ്പു കാലം കഴിഞ്ഞതോടെ കൊവിഡ് വ്യാപനത്തിനു സാധ്യതയുള്ളതിനാല്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
മഹാമാരിയുടെ പാശ്ചാത്തലത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്ന തെരഞ്ഞെടുപ്പുകളോടനുബന്ധിച്ച് രോഗവ്യാപനം വളരെ കൂടിയിട്ടുണ്ട്. അതിനാല്‍ കേരളവും ജാഗ്രത പുലര്‍ത്തണം. എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. തെരഞ്ഞെടുപ്പിനോടനബന്ധിച്ച പരിപാടികളില്‍ പങ്കെടുത്തവരും അവരുമായി ഇടപഴകിയവരും വരുന്ന ഒരാഴ്ചക്കാലം ശ്രദ്ധിക്കണം.
പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയ ഏത് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പോലും നിസാരമായി കാണരുത്. അവര്‍ ഇ സഞ്ജീവനിയുടേയോ ദിശ 1056 ന്റെയോ സേവനം തേടേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കൊവിഡ് ടെസ്റ്റ് നടത്തി തങ്ങളില്‍നിന്നു മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡ് ടെസ്റ്റ്: ആര്‍.ടി പി.സി.ആര്‍
നിരക്ക് സംബന്ധിച്ച് വീണ്ടും പരാതികള്‍
തിരുവനന്തപുരം: കൊവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് സംബന്ധിച്ച് വീണ്ടും പരാതികള്‍. സംസ്ഥാനത്തെ കൊവിഡ് പരിശോധനാ നിരക്ക് നിജപ്പെടുത്തി സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്കും ലാബുകള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യമുയരുന്നത്. രാജ്യത്ത് രോഗവ്യാപനം ഏറ്റവും രൂക്ഷമായ കേരളത്തിലാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് ഏറ്റവുമധികം തുക ഈടാക്കുന്നത്.
2100 രൂപയാണ് സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് ഈടാക്കുന്നത്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ അയല്‍ സംസ്ഥാനങ്ങള്‍ പല ഘട്ടങ്ങളിലായി സ്വകാര്യ സ്ഥാപനങ്ങളിലെ കൊവിഡ് പരിശോധനാ നിരക്ക് കുത്തനെ കുറച്ചു.
3000 രൂപ വരെ ആര്‍.ടി പി.സി.ആര്‍ ടെസ്റ്റിന് ഈടാക്കിയിരുന്ന മഹാരാഷ്ട്രയില്‍ ഇപ്പോള്‍ നിരക്ക് 700 രൂപ മാത്രമാണ്. ആന്ധ്രാപ്രദേശില്‍ 500, കര്‍ണാടകയില്‍ 800 രൂപയാണ് ഫീസ്. ക്രിസ്മസും ന്യൂ ഇയറുമടക്കം കൂടുതല്‍ മലയാളികള്‍ സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന സാഹചര്യത്തില്‍ കൊവിഡ് പരിശോധനാ നിരക്ക് കുറക്കണമെന്ന് വിവിധ മലയാളി സംഘടനകള്‍ രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."