അംഗപരിമിതനെ അക്രമിച്ച സംഭവം: രേഖകളില്‍ കൃത്രിമം കാട്ടിയെന്ന പേരില്‍ ഡോക്ടറടക്കം മൂന്നു പേര്‍ക്കെതിരേ കേസ്
കാസര്‍കോട്: അംഗപരിമിതനായ യുവാവിനെ അക്രമിച്ച സംഭവത്തില്‍ പ്രതികളുടെ സമ്മര്‍ദത്തിനു വഴങ്ങി ആശുപത്രി രേഖകളില്‍ കൃത്രിമം നടത്തിയെന്ന പേരില്‍ ഡോക്ടര്‍ക്കും മറ്റു രണ്ടുപേര്‍ക്കുമെതിരേ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരേയും കളനാട്ടെ അബ്ദുല്‍ ബഷീര്‍, അബ്ദുല്ല കളനാട് എന്നിവര്‍ക്കുമെതിരേയാണു ബേക്കല്‍ പൊലിസ് കേസെടുത്തത്.
കളനാട്ടെ മുഹമ്മദ് സിറാജിനെ ആക്രമിച്ച സംഭവത്തിലാണ് പ്രതികള്‍ ആശുപത്രി രേഖകളില്‍ കൃത്രിമം നടത്തിയതെന്നാണു പരാതി. ഇക്കഴിഞ്ഞ ഏപ്രില്‍ 26നു രാവിലെ കളനാട് വച്ചാണു മുഹമ്മദ് സിറാജിനു മര്‍ദനമേറ്റത്. സിറാജിന് മംഗളൂരുവിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നീട് ആശുപത്രിയില്‍ നിന്നു വൂണ്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി നല്‍കുകയും ചെയ്തിരുന്നു. ഇതില്‍ സിറാജിന് ഗുരുതരമായ പരുക്കുണ്ടായിരുന്നതായും ഇത് അക്രമത്തില്‍ സംഭവിച്ചതാണെന്നുമാണ് രേഖപ്പെടുത്തിയിരുന്നത്.
എന്നാല്‍ ആശുപത്രിയില്‍ നിന്നു പൊലിസിനു നല്‍കിയ വൂണ്‍ഡ് സര്‍ട്ടിഫിക്കറ്റില്‍ പരുക്ക് മുമ്പും സംഭവിച്ചതാകാമെന്നാണു രേഖപ്പെടുത്തിയത്. പൊലിസിന് ലഭിച്ച വൂണ്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി വിവരാവകാശ നിയമപ്രകാരം വാങ്ങിയപ്പോഴാണ് രേഖകളില്‍ തിരിമറി നടത്തിയ സംഭവം പുറത്തുവന്നത്.
തന്നെ ആക്രമിച്ച സംഭവത്തില്‍ ബഷീറിനെ കൂടാതെ അബ്ദുല്ല ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തിയതായി മുഹമ്മദ് സിറാജ് മനുഷ്യാവകാശ കമ്മിഷനിലും വികലാംഗ കമ്മിഷനിലും നല്‍കിയ പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്. ജൂണ്‍ എട്ടിന് കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ വാദം കേള്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."