ഭൂമിതര്‍ക്കത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാനുള്ള പ്രിയങ്കാഗാന്ധിയുടെ നീക്കം തടഞ്ഞു
ലഖ്‌നൗ: ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട് 10 പേര്‍ വെടിയേറ്റ് മരിച്ച ഉത്തര്‍പ്രദേശിലെ സോനബദ്ര ഗ്രാമത്തില്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് ജന. സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ പൊലിസ് തടഞ്ഞു.
പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രിയങ്ക റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കാര്‍ എത്തിച്ച് അവരെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.
മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനാണ് താന്‍ പോയത്. പരുക്കേറ്റവരില്‍ ഒരാള്‍ തന്റെ 10 വയസുകാരനായ മകന്റെ പ്രായമുള്ള കുട്ടിയാണ്. ദുരന്തത്തില്‍ വിലപിക്കുന്ന കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നതിന് എന്തിനാണ് തന്നെ വിലക്കുന്നത്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ പൊലിസ് തടഞ്ഞതെന്നും പ്രിയങ്ക ചോദിച്ചു.
പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വാരണാസിയില്‍ ഇന്നലെ രാവിലെയാണ് അവര്‍ എത്തിയത്. തുടര്‍ന്ന് ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ പ്രിയങ്ക സന്ദര്‍ശിച്ചു. തുടര്‍ന്ന് ഇവിടെ നിന്ന് 80 കി.മീറ്റര്‍ അകലെയുള്ള സോനബദ്രയിലേക്ക് പോകാനായിരുന്നു നീക്കം. ഇത് തടഞ്ഞതോടെയാണ് അവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
എന്നാല്‍ പ്രിയങ്കയെ കസ്റ്റഡിയിലെടുത്ത് ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നുവെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."