മാധ്യമ പ്രവര്‍ത്തകന്‍ പ്രദീപിന്റെ മരണം; സംഭവം പുനരാവിഷ്‌കരിക്കും
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം അന്വേഷണത്തിന്റെ ഭാഗമായി പുനരാവിഷ്‌കരിക്കാനൊരുങ്ങി പൊലിസ്. അപകട സ്ഥലത്ത് ഇതേ രീതിയില്‍ ഭാരം കയറ്റിയ ലോറി ഓടിച്ചു പരിശോധന നടത്താനാണ് തീരുമാനം. പ്രാഥമിക അന്വേഷണത്തില്‍ ദുരൂഹതയില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ പ്രദീപിന്റെ ഭാര്യയുടേതടക്കം ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. ഫോറന്‍സിക് പരിശോധന പൂര്‍ത്തിയായി. ലോറി ഡ്രൈവര്‍ പറഞ്ഞത് ശരിയാണോയെന്ന് പരിശോധിക്കുകയാണ്. ലോഡുമായി പോകുമ്പോള്‍ അബദ്ധത്തില്‍ സ്‌കൂട്ടറില്‍ തട്ടിയെന്നും പേടിച്ച് നിര്‍ത്താതെ പോയെന്നുമാണ് ഡ്രൈവറുടെ മൊഴി. ഇത് സത്യമാണോയെന്ന് കണ്ടെത്താന്‍ ലോഡ് കയറ്റിയ സ്ഥലം, ഇറക്കിയ സ്ഥലം തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ച് ഡ്രൈവറുടെ സാന്നിധ്യം പരിശോധിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ലോറി എം സാന്‍ഡ് കയറ്റിയ വട്ടിയൂര്‍ക്കാവ് മൂന്നാംമൂടിലെ സ്ഥാപനത്തില്‍നിന്നുള്ള നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചു. ലോഡ് കയറ്റുന്നതിന്റെയും ഡ്രൈവര്‍ ജോയിയും വാഹന ഉടമ മോഹനനും ലോറിയില്‍ കയറുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചു. ഇവിടെനിന്ന് പരമാവധി 40 കിലോമീറ്റര്‍ വേഗത്തില്‍ ഓടിയാല്‍ അപകടസ്ഥലത്തെത്തും. അപകടം നടന്ന സമയത്തെ കൂടുതല്‍ ദൃശ്യങ്ങളും പൊലിസിനു ലഭിച്ചു. മുന്നില്‍പ്പോയ രണ്ട് ഇരുചക്രവാഹനങ്ങളെ പ്രദീപ് മറികടക്കുമ്പോഴാണ് പിന്നില്‍ വന്ന ലോറി ഇടിച്ചിട്ടത്. ലോറിയുടെ ഇടതുവശത്തെ ചവിട്ടുപടിയാണ് സ്‌കൂട്ടറില്‍ തട്ടിയത്. ലോറിയുടെ അടിയിലേക്കുവീണ പ്രദീപിന്റെ തലയുടെ പിന്‍വശത്താണ് പിന്‍ചക്രം കയറിയത്. ഡ്രൈവര്‍ ജോയി, വാഹന ഉടമ മോഹനന്‍ എന്നിവരുടെ പശ്ചാത്തലവും ഇടപാടുകളും പൊലിസ് പരിശോധിക്കുന്നു. ഫോറന്‍സിക് പരിശോധനാഫലം കൂടി ലഭിക്കുമ്പോള്‍ അന്വേഷണം പൂര്‍ത്തിയാകും. ഇതിനിടെ അപകടം പുനരാവിഷ്‌കരിക്കാനാണ് തീരുമാനം. മോട്ടോര്‍വാഹന വകുപ്പും അന്വേഷണം ആരംഭിച്ചു.
മാധ്യമപ്രവര്‍ത്തകനായ എസ്.വി പ്രദീപ്, കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടത്തില്‍ മരിച്ചത്. അപകടത്തിനിടയാക്കിയ ലോറി നിര്‍ത്താതെ പോയത് ദുരൂഹതയ്ക്കിടയാക്കി. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരും കുടുംബവും ആരോപിച്ചതോടെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."