സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം ഇന്ന്
കണ്ണൂര്‍: പ്രവാസി വ്യവസായി സാജന് പാറയിലിന്റെ ആത്മഹത്യയെ തുടര്‍ന്ന് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ ആന്തൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സി.പി.എം കണ്ണൂര്‍ ജില്ലാകമ്മിറ്റി യോഗം ഇന്ന്.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലാണ് കണ്ണൂരില്‍ യോഗം ചേരുക. കഴിഞ്ഞദിവസം വിളിച്ച യോഗം കോടിയേരിക്ക് പങ്കെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സാജന്റെ ആത്മഹത്യയ്ക്ക് കാരണമായ സംഭവത്തില്‍ ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന ജില്ലാ സെക്രട്ടേറിയറ്റിന്റെ മുന്‍ നിലപാട് ഇന്നത്തെ ജില്ലാകമ്മിറ്റി തിരുത്തിയേക്കും. ആന്തൂര്‍ വിഷയത്തെച്ചൊല്ലി പാര്‍ട്ടി നേതൃത്വത്തില്‍ അഭിപ്രായഭിന്നത തുടരുന്നതിനിടെയാണ് ഇന്നത്തെ ജില്ലാകമ്മിറ്റി വിഷയം ചര്‍ച്ച ചെയ്യുന്നത്. സാജന്റെ ആത്മഹത്യയ്ക്ക് കാരണം നഗരസഭാ ഉദ്യോഗസ്ഥരുടെ നിലപാടുകളാണന്നും ഉദ്യോഗസ്ഥരെ തിരുത്തുന്നതില്‍ ശ്യാമളയ്ക്ക് വീഴ്ചപറ്റിയെന്നുമായിരുന്നു ജില്ലാ സെക്രട്ടേറിയറ്റിന്റെ കണ്ടെത്തല്‍.
എന്നാല്‍ സംസ്ഥാനസമിതി ഈ നിലപാട് തള്ളി. പിന്നാലെ സാജന്റെ മരണകാരണം കുടുംബപ്രശ്നങ്ങളാണെന്ന് ആരോപിച്ച് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. പാര്‍ട്ടി പത്രത്തിലെ വാര്‍ത്തയ്ക്കെതിരേ ജില്ലയിലെ ഒരുവിഭാഗം നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു. സി.പി.എം പ്രാദേശിക നേതൃത്വം ശ്യാമളയ്ക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."