ജില്ലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയായി വൈദ്യുതി മന്ത്രി എം.എം മണി നാളെ പ്രഖ്യാപനം നടത്തും
കാസര്‍കോട്: ജില്ലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി പൂര്‍ത്തീകരിച്ചു. 8188 വീടുകളില്‍ കൂടി വൈദ്യുതി എത്തിച്ചാണ് ജില്ലയെ സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയാക്കി മാറ്റിയത്. സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ പ്രഖ്യാപനം 28ന് ഉദുമയില്‍ വൈദ്യുതി മന്ത്രി എം.എം മണി നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
173 കിലോമീറ്റര്‍ ദൂരത്തില്‍ പുതിയ ലൈനുകള്‍ വലിച്ചാണ് 8188 വീടുകളില്‍ വൈദ്യുതി എത്തിച്ചത്. ജില്ലയില്‍ ഏതാനും വനമേഖലകളില്‍ ഭൂഗര്‍ഭ കേബിളുകളും വലിക്കേണ്ടി വന്നു. ഉദുമ നിയോജക മണ്ഡലത്തില്‍ 2332, തൃക്കരിപ്പൂരില്‍ 1436, കാസര്‍കോട് 886, കാഞ്ഞങ്ങാട് 2506, മഞ്ചേശ്വരത്ത് 1028 വീടുകളിലാണ് പുതുതായി വൈദ്യുതി എത്തിച്ചത്. കഴിഞ്ഞ മാസം 30 വരെ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി പ്രകാരം അപേക്ഷ നല്‍കിയവര്‍ക്കെല്ലാം കണക്ഷന്‍ നല്‍കി കഴിഞ്ഞതായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
പൂര്‍ണമായും സൗജന്യമായാണു വൈദ്യുതീകരണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഓരോ മണ്ഡലത്തിലും വൈദ്യുതീകരണ പദ്ധതിക്കായി കെ.എസ്.ഇ.ബി ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഇതിനോടൊപ്പം എം.പി ഫണ്ടും എം.എല്‍.എ ഫണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതവും കൂടി ഉപയോഗിച്ചാണ് വൈദ്യുതീകരണം നടത്തിയത്.
28ന് വൈകുന്നേരം മൂന്നിന് ഉദുമ പാലക്കുന്ന് അംബികാ സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ചാണ് വൈദ്യുതി മന്ത്രി എം.എം മണി സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തുക.
മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനാവും. പി. കരുണാകരന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. പി.ബി അബ്ദുല്‍റസാഖ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എം. രാജഗോപാലന്‍ എം.എല്‍.എ, കെ കുഞ്ഞിരാമന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കെ.എസ്.ഇ.ബി ഡയരക്ടര്‍ ഡോ.വി. ശിവദാസന്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, കെ.എസ്.ഇ.ബി എക്‌സിക്യൂട്ടിവ് ഓഫിസര്‍ പി. സുരേന്ദ്ര, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ നാഗരാജ ഭട്ട് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."