കേരള യൂനി. വൈസ് ചാന്‍സലറെ കെ.എസ്.യു പ്രവര്‍ത്തകര്‍ തടഞ്ഞു
തിരുവനന്തപുരം: ഗവര്‍ണറെ കാണാനെത്തിയ കേരള യൂനിവേഴ്സിറ്റി വൈസ് ചാന്‍സലറെ കെ.എസ്.യു പ്രവര്‍ത്തകര്‍ തടഞ്ഞു.
രാജ്ഭവനിലെ ഗെയ്റ്റിന് മുന്നില്‍വച്ചാണ് വൈസ് ചാന്‍സലര്‍ വി.പി മഹാദേവന്‍പിള്ളയുടെ വാഹനം തടഞ്ഞത്. കേരള യൂനിവേഴ്സിറ്റിയുടെ ഉത്തരക്കടലാസുകള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് നേതാക്കള്‍ ഇന്നലെ രാവിലെ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിനുശേഷമാണ് ഗവര്‍ണര്‍ വി.സിയെ കൂടിക്കാഴ്ചക്ക് വിളിച്ചത്. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. ഇതിനുശേഷം പ്രധാന ഗെയ്റ്റിന് മുന്നിലേക്ക് വൈസ് ചാന്‍സലറുടെ കാര്‍ എത്തിയപ്പോഴാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ തടഞ്ഞത്. വൈസ് ചാന്‍സലര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു കെ.എസ്.യുവിന്റെ പ്രതിഷേധം. അഞ്ചുമിനുട്ടോളം വാഹനം വളഞ്ഞുവച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് കൂടുതല്‍ പൊലിസെത്തി പ്രവര്‍ത്തകരെ നീക്കി.
യൂനിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥിയായ അഖിലിനെ കുത്തിയ സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്പില് നിരാഹാര സത്യഗ്രഹത്തിലാണ്. മന്ത്രിമാര്‍ക്കും യൂനിവേഴ്സിറ്റി അധികൃതര്‍ക്കുമെതിരേ പ്രതിഷേധം ശക്തമാക്കാനാണ് കെ.എസ്.യു തീരുമാനം.
വൈസ് ചാന്‍സലറെ തടഞ്ഞ സംഭവത്തില്‍ സര്‍വകലാശാല പ്രതിഷേധം രേഖപ്പെടുത്തി. സര്‍വകലാശാലയെയും വൈസ് ചാന്‍സലറെയും കടന്നാക്രമിക്കുന്നതില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്ന് സര്‍വകലാശാല പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."