പത്തില്‍താഴെ വിദ്യാര്‍ഥികളുമായി 130 സ്കൂളുകള്‍
കൊണ്ടോട്ടി: സംസ്ഥാനത്ത് പത്തില്‍താഴെ വിദ്യാര്‍ഥികളുമായി പ്രവര്‍ത്തിക്കുന്നത് 130 സ്കൂളുകള്‍. ഇവയില്‍ 37 എണ്ണം സര്‍ക്കാര്‍ സ്കൂളുകളും 93 എണ്ണം എയ്ഡഡ് മേഖലയിലുള്ളതുമാണ്. സര്‍ക്കാര്‍ സ്കൂളുകളില്‍ 252 വിദ്യാര്‍ഥികള്‍ക്കായി 103 അധ്യാപകരും എയ്ഡഡ് മേഖലയില്‍ 552 വിദ്യാര്‍ഥികള്‍ക്കായി 227 അധ്യാപകരും ജോലിചെയ്യുന്നു. വയനാട്, കാസര്‍ക്കോട് ഒഴികെയുള്ള ജില്ലകളിലാണ് ഈ സ്കൂളുകളത്രയും പ്രവര്‍ത്തിക്കുന്നത്.
ഒരു വിദ്യാര്‍ഥിയും ഒരു അധ്യാപകനുമായി സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ ഓരോ വിദ്യാലയങ്ങളാണ് സംസ്ഥാനത്തുള്ളത്. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ നെടുങ്കയം ജി.ടി.എല്‍.പി സ്കൂള്‍ സര്‍ക്കാര്‍ മേഖലയിലും ആലപ്പുഴയിലെ പുതുക്കാരി പി.കെ.ഇ.ടി എല്‍.പി സ്കൂള്‍ എയ്ഡഡ് മേഖലയിലും പ്രവര്‍ത്തിക്കുന്നു. പത്തില്‍താഴെ വിദ്യാര്‍ഥികളുള്ള സ്കൂളുകള്‍ ഏറെയുള്ളത് പത്തനംതിട്ട ജില്ലയിലാണ്. ഇത്തരത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ എട്ടും എയ്ഡഡ് മേഖലകളില്‍ 28ഉം സ്കൂളുകളാണ് ജില്ലയിലുള്ളത്. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ 7, പാലക്കാട്, എറണാകുളം ജില്ലകളില്‍ മൂന്ന്, മലപ്പുറം, കോഴിക്കോട്, കൊല്ലം ജില്ലകളില്‍ രണ്ട്, തൃശൂര്‍, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ ഓരോ സ്കൂളുകളുമാണ് സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.
എയ്ഡഡ് മേഖലയില്‍ കണ്ണൂര്‍- 16, തൃശൂര്‍- 12, ആലപ്പുഴ- 10, എറണാകുളം, കോട്ടയം- 7, കോഴിക്കോട്, പാലക്കാട്- 4, കൊല്ലം, ഇടുക്കി- 2, തിരുവനന്തപുരത്ത് ഒരു സ്കൂളും പത്തില്‍താഴെ വിദ്യാര്‍ഥികളുമായി പ്രവര്‍ത്തിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."