പഠിച്ചു നേടി; പക്ഷേ, പാഴായി, സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഓഗസ്റ്റില്‍ അവസാനിക്കും
വിനയന്‍ പിലിക്കോട്
ചെറുവത്തൂര്‍: കെ ടെറ്റ് സര്‍ട്ടിഫിക്കറ്റിന് കാലാവധി ഏഴുവര്‍ഷമാണെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയതോടെ ആദ്യ കെ ടെറ്റ് പരീക്ഷാ വിജയികള്‍ കടുത്ത നിരാശയില്‍. വരുന്ന ഓഗസ്റ്റില്‍ കാലാവധി അവസാനിക്കുമ്പോള്‍ ഒരു പി.എസ്.സി പരീക്ഷയ്ക്ക് പോലും പരിഗണന ലഭിക്കാത്ത ഒരു കടലാസ് മാത്രമാകും പഠിച്ചു നേടിയ കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് ഇവര്‍ക്ക്.
പ്രൈമറി അധ്യാപകരാകാനുള്ള എല്‍.പി.എസ്.ടി, യു.പി.എസ്.ടി പരീക്ഷകളുടെ അടുത്ത വിജ്ഞാപനം ഉടന്‍ വരാനിരിക്കെ അതിലേക്ക് അപേക്ഷിക്കണമെങ്കില്‍ ഒരു തവണകൂടി ആദ്യ വിജയികള്‍ കെ ടെറ്റ് വിജയിക്കേണ്ടി വരും. സര്‍വിസിലിരിക്കുന്ന മുഴുവന്‍ അധ്യാപകരും ടെറ്റ് യോഗ്യത നേടണമെന്ന നിബന്ധനയില്‍ ആദ്യം തന്നെ ഇളവ് നല്‍കിയിരുന്നു. പക്ഷെ ഒരിക്കല്‍ പരീക്ഷ വിജയിച്ചവര്‍ ഏഴുവര്‍ഷം കഴിഞ്ഞാല്‍ വീണ്ടും പരീക്ഷ എഴുതണമെന്ന നിബന്ധന നടപ്പിലാക്കുമ്പോള്‍ അധ്യാപക സംഘടനകള്‍ പോലും കാര്യമായി പ്രതികരിക്കുന്നില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
വി. അബ്ദുറഹിമാന്‍ എം.എല്‍.എയാണ് നിയമസഭയില്‍ ടെറ്റ് കാലാവധി ചോദ്യമായി ഉന്നയിച്ചത്. നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്റെ (എന്‍.സി.ടി.ഇ) മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് സംസ്ഥാനങ്ങളില്‍ ടെറ്റ് പരീക്ഷ നടത്തുന്നത്. പരീക്ഷ വിജയിക്കുന്നവരുടെ സര്‍ട്ടിഫിക്കറ്റ് കാലാവധി പരമാവധി ഏഴുവര്‍ഷം എന്നതിന് വിധേയമായി അതത് സസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാം. എന്നാല്‍ കേരളത്തില്‍ അത്തരത്തില്‍ ഒരു കാലയളവ് തീരുമാനിച്ചിട്ടില്ലാത്തതിനാല്‍ ഏഴുവര്‍ഷമായി സാധുതാ കാലയളവ് നിലനില്‍ക്കും എന്നാണ് സര്‍ക്കാല്‍ നല്‍കിയ മറുപടി.
2012 ലാണ് ആദ്യ കെ ടെറ്റ് പരീക്ഷ നടന്നത്. അടുത്ത പി.എസ്.സി പരീക്ഷയില്‍ ടെറ്റ് യോഗ്യത നേടിയവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ എന്ന് കരുതിയെങ്കിലും 2014 ല്‍ പി.എസ്.സി നോട്ടിഫിക്കേഷനില്‍ ടെറ്റ് യോഗ്യതയായി ഉള്‍പ്പെടുത്തിയില്ല. അതിനാല്‍ പരീക്ഷാ വിജയികള്‍ക്ക് പരിഗണന നല്‍കാതെ പരീക്ഷ നടന്നു. തങ്ങള്‍ക്ക് പരിഗണന നല്‍കണമെന്ന ആവശ്യവുമായി യോഗ്യത നേടിയവര്‍ നിയമപോരാട്ടങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം പരാജയമായി.
ഇപ്പോള്‍ പി.എസ്.സി ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കിക്കഴിഞ്ഞു. പ്രായപരിധി കണക്കാക്കുമ്പോള്‍ അടുത്ത ഒരു പി.എസ്.സി പരീക്ഷ കൂടി മാത്രം എഴുതാന്‍ അവസരമുള്ള നിരവധിപേര്‍ ആദ്യ കെ ടെറ്റ് വിജയികളില്‍ ഉണ്ട്. കാലാവധി ഏഴുവര്‍ഷം എന്ന നിബന്ധന ഒഴിവാക്കുകയോ അടുത്ത ഒരു പരീക്ഷ എഴുതാനെങ്കിലും നിലവിലെ സര്‍ട്ടിഫിക്കറ്റിനു വില കല്‍പ്പിക്കുകയോ ചെയ്യണമെന്നതാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."