ഒറ്റപ്പാലം നഗരസഭയിലെ മോഷണം: പ്രതിയായ കൗണ്‍സിലര്‍ സുജാതയുടെ വീട്ടില്‍ പരിശോധന നടത്തിയതിനു പിന്നാലെ എസ്.ഐക്കു സ്ഥലം മാറ്റം
പാലക്കാട്: ഒറ്റപ്പാലം എസ്.ഐ വിപിന്‍ കെ. വേണുഗോപാലിനെ സ്ഥലം മാറ്റി. നഗരസഭ കൗണ്‍സിലര്‍ സുജാതയുടെ വീട്ടില്‍ പരിശോധന നടത്തിയതിനു പിന്നാലെയാണ് എസ്.ഐക്കെതിരെ നടപടി വന്നത്. എന്നാല്‍ സുജാതക്കെതിരായ മോഷണക്കുറ്റത്തില്‍ നടപടി വൈകിച്ചതിനെ തുടര്‍ന്നാണ് സ്ഥലംമാറ്റം എന്നാണ് ജില്ലാ പൊലിസ് മേധാവി അറിയിച്ചിരിക്കുന്നത്.
സുജാത കുറ്റസമ്മതം നടത്തിയിട്ടും അറസ്റ്റോ തുടര്‍ നടപടികളോ സ്വീകരിച്ചില്ല എന്നതാണ് എസ്.ഐക്കെതിരേ നടപടിയെടുക്കാന്‍ കാരണം. ജില്ലാ പൊലിസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. അതേസമയം, സിപിഎം അംഗമായിരുന്ന സുജാതയെ സംരക്ഷിക്കാനാണ് സ്ഥലം മാറ്റം എന്ന് ആരോപണമുണ്ട്.
മോഷണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ ഒറ്റപ്പാലം നഗരസഭ കൗണ്‍സിലറായ സുജാതയെ സി.പി.എമ്മില്‍നിന്ന് പുറത്താക്കിയിരുന്നു. നഗരസഭാ ഓഫിസിലെ മോഷണവുമായി ബന്ധപ്പെട്ട കേസില്‍ ഇവര്‍ പ്രതിചേര്‍ക്കപ്പെട്ട സാഹചര്യത്തിലാണ് സി.പി.എം ജില്ലാ കമ്മിറ്റി നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായത്. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷയുടെ ബാഗില്‍ നിന്നും 38,000 രൂപ ഇവര്‍ മോഷ്ടിച്ചതായി പൊലിസ് കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ മാസം 20നാണ് കേസിനാസ്പദമായ സംഭവം. ഒരു വര്‍ഷത്തിനിടെ നഗരസഭയില്‍ നടക്കുന്ന ഇരുപത്തിയൊന്നാമത്തെ മോഷണമായിരുന്നു ഇത്. നഗരസഭാ കൗണ്‍സിലര്‍, സന്ദര്‍ശകര്‍, ജീവനക്കാര്‍ എന്നിവരില്‍ നിന്നായി ഒന്നരലക്ഷം രൂപയില്‍ കൂടുതല്‍ പണവും കൂടാതെ സ്വര്‍ണവും മോഷണം പോയിട്ടുണ്ടെന്ന് പൊലിസ് കണ്ടെത്തിയിരുന്നു.
ശാസ്ത്രീയ പരിശോധനകളിലൂടെയാണ് പൊലിസ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണവുമായി ബന്ധപ്പെട്ട് മറ്റൊരാളെ കുടുക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് സുജാതയാണ് പ്രതിയെന്ന് കണ്ടെത്തുന്നത്. എന്നാല്‍ ഇതിനെല്ലാം പിന്നാലെയാണ് എസ്.ഐയെ ജില്ലാ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."