ഓക്‌സിജനില്ല; മെഡി.കോളജില്‍ ശസ്ത്രക്രിയകള്‍ മുടങ്ങി
അറുപതോളം ശസ്ത്രക്രിയകളാണ് മുടങ്ങിയത്
രാവിലെ മുതല്‍ ജലപാനം പോലുമില്ലാതെ രോഗികള്‍ ഊഴം കാത്തിരുന്നു
ആശുപത്രി അധികൃതരുടേത് ഗുരുതര അനാസ്ഥ
മെഡിക്കല്‍കോളേജ്: അധികൃതരുടെ ഗുരുതര അനാസ്ഥയെ തുടര്‍ന്ന് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ഇന്നലെ അറുപതോളം ശസ്ത്രക്രിയകള്‍ മുടങ്ങി. ഓക്‌സിജന്‍ ക്ഷാമം യഥാസമയത്ത് പരിഹരിക്കാന്‍ കഴിയാതിരുന്നതാണ് നിര്‍ധന രോഗികള്‍ക്ക് തിരിച്ചടിയായത്.
ഇന്നലെ പുലര്‍ച്ചെ മുതല്‍ ജലപാനം പോലും നടത്താതെ രോഗികള്‍ ശസ്ത്രക്രിയ റൂമിലേക്ക് പോകാനുള്ള വസ്ത്രവും ധരിച്ചു തങ്ങളുടെ ഊഴവും കാത്തിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ശസ്ത്രക്രിയക്കായി രോഗികളുടെ പേരുകളൊന്നും വിളിച്ചില്ല. ഉച്ചയായതോടെ പലരും വിശന്ന് തളര്‍ന്ന അവസ്ഥയിലായി. ഇതോടെ രോഗികളുടെ ബന്ധുക്കള്‍ ഓപ്പറേഷന്‍ തിയേറ്ററിനു മുന്നിലെത്തി വിവരം അന്വേഷിച്ചു. കൃത്യമായ മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥയായി. ആദ്യം ഇത് കണ്ടില്ലെന്നു നടിച്ച അധികൃതര്‍ സ്ഥിതി കൈവിട്ടുപോകുമെന്ന് കണ്ടതോടെ അറിയിപ്പുമായെത്തി.
ഓക്‌സിജനുമായി വന്ന വാഹനം പാലക്കാടിന് സമീപം വാളയാര്‍ ചെക്ക് പോസ്റ്റില്‍ കുടുങ്ങിയെന്നും ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ക്കു വേണ്ട ഓക്‌സിജന്‍ ഇല്ലെന്നും അതിനാല്‍ ശസ്ത്രക്രിയകള്‍ മാറ്റിവച്ചുവെന്നും അറിയിച്ചു. അടിയന്തിര ശസ്ത്രക്രിയകള്‍ പോലും ഇന്നലെ മുടങ്ങി. ആശുപത്രി അധികൃതര്‍ ഗുരുതര അലംഭാവമാണ് കാണിച്ചതെന്ന് രോഗികളുടെ ബന്ധുക്കള്‍ ആരോപിച്ചു.
മെഡിക്കല്‍ കോളജില്‍ അത്യവശ്യ ഘട്ടങ്ങളിലേക്കു പോലും ഓക്‌സിജന്‍ കരുതി വയ്ക്കാത്തത് ഗുരതര പിഴവായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവില്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് ഉണ്ടെങ്കിലും യാതൊരു പ്രയോജനവുമില്ല. ഇന്നലെയുണ്ടായ പ്രശ്‌നത്തില്‍ ജനപ്രതിനിധികളെ രാഷ്ട്രീയ പാര്‍ട്ടികളോ ഇടപെടാതിരുന്നതില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ആശുപത്രി അധികൃതരുടെ അനാസ്ഥ ക്കെതിരെ അധികൃതര്‍ക്ക് ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കുമെന്ന് രോഗികളുടെ ബന്ധുക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."