ആത്മസംസ്‌കരണത്തിന്റെ പുണ്യകാലം
ആത്മീയമായും ഭൗതികമായും മുസ്ലിം ലോകം സംസ്‌കരിക്കപ്പെടുന്ന വിശുദ്ധമാസത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു. ലോകമനുഷ്യര്‍ക്ക് നേര്‍വെളിച്ചമായ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചമാസം, കാരുണ്യത്തിന്റെ മാസം, പാപമോചനത്തിന്റെ മാസം, നരകവിമുക്തിയുടെ മാസം തുടങ്ങി നിരവധി മഹത്വങ്ങളടങ്ങിയമാസമാണ് റമദാന്‍ മാസം. മുഹമ്മദ് നബി (സ) പറഞ്ഞു, മറ്റാര്‍ക്കും നല്‍കപ്പെട്ടിട്ടില്ലാത്ത അഞ്ച് സവിശേഷതകളാണ് റമദാന്‍ മാസത്തില്‍ എന്റെ സമുദായത്തിന് നല്‍കിയിരിക്കുന്നത്. ഒന്ന് നോമ്പുകാരന്റെ വായിലെ ഗന്ധം അല്ലാഹുവിന്റെ അടുക്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതായിരിക്കും. രണ്ട് പ്രദോഷം വരെ മലക്കുകള്‍ അവര്‍ക്ക് വേണ്ടി പൊറുക്കലിനെ തേടികൊണ്ടിരിക്കും. മൂന്നാമതായി എല്ലാ ദിവസവും അല്ലാഹു അലങ്കരിക്കും. നാല് പിശാചുക്കള്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെടും. അഞ്ചാമതായി റമദാനിലെ അവസാന രാവുകളില്‍ എല്ലാവര്‍ക്കും അല്ലാഹു പാപങ്ങള്‍ പൊറുത്തുനല്‍കികൊണ്ടിരിക്കും. അപ്പോള്‍ അനുചരന്മാര്‍ റസൂലിനോട് ചോദിച്ചു അത് ലൈലത്തുല്‍ ഖദര്‍ ആണോയെന്ന്. റസൂല്‍ മറുപടി പറഞ്ഞു അല്ല, അത് ഏതൊരു തൊഴിലാളിക്കും തൊഴില്‍ കഴിയുമ്പോഴല്ലെ കൂലി നല്‍കുന്നത്. അതാണെന്ന് നബി വ്യക്തമാക്കി. പരിശുദ്ധ റമദാന്‍ മാസത്തിന് ആരംഭമായി.
രാത്രി പകലാക്കി മാറ്റി, ക്ഷമയുടെ പര്യായമായി, ദാനധര്‍മ്മങ്ങള്‍ക്കും സക്കാത്തിനും പ്രാധാന്യം നല്‍കി, ശാരീരികേ ച്ഛകള്‍ക്ക് അവധി നല്‍കി, നിര്‍ബന്ധമാക്കപ്പെട്ട അഞ്ചു നേരം നമസ്‌ക്കാരത്തിനൊപ്പം നോമ്പും തറാവീഹ് നമസ്‌കാരവും മറ്റ് സുന്നത്താക്കപ്പെട്ട നമസ്‌ക്കാരങ്ങളും നിര്‍വ്വഹിച്ച് അല്ലാഹുവിന്റെ തൃപ്തിയും പൊരുത്തവും മാത്രം സ്വായത്തമാക്കി ജീവിതത്തില്‍ മുന്നേറുവാനുള്ള കനകാവസരം എത്തിച്ചേര്‍ന്നിരിക്കുന്നു. റമദാനില്‍ വിശ്വാസികള്‍ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് സൂക്ഷ്മത. ഭക്ഷണപാനീയങ്ങളും ലൈംഗിക ഇച്ഛകളും ഉപേക്ഷിക്കുക എന്നതിലൂടെ ഒരു നോമ്പുകാരന്‍ പൂര്‍ണനാകുന്നില്ല, സ്വന്തം നാവിനെ സൂക്ഷിക്കാന്‍ നോമ്പുകാരന്‍ കൂടുതല്‍ ബാധ്യസ്ഥനാണ്. പരദൂഷണം, മോഷമായ സംസാരങ്ങള്‍, കളവ് പറയല്‍ തുടങ്ങിയവയില്‍ നിന്നെല്ലാം വളരെ സൂക്ഷ്മതയോടെ മാറി വിട്ടുനില്‍ക്കാന്‍ നമ്മുക്ക് കഴിയണം. റമദാന്റെ പവിത്രത പൂര്‍ണാകുന്നത് ഓരോ വ്യക്തിയും റമദാനിലൂടെ സംസ്‌കരിക്കപ്പെടുമ്പോഴാണ്. അതിന് ഓരോരുത്തര്‍ക്കും കഴിയണം. അല്ലാഹു വിന്റെ അപാരമായ അനുഗ്രഹങ്ങളും അളവറ്റ പുണ്യങ്ങളും തൃപ്തിയും മാത്രം കാംക്ഷിച്ചു കൊണ്ട് പരിശുദ്ധമായ റമദാന്‍ മാസത്തെ നമുക്ക് അര്‍ത്ഥപൂര്‍ണ്ണമാക്കുവാന്‍ സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ !
(സമസ്ത കേന്ദ്ര മുശാവറ അംഗമാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."