മാനവികത സ്വപ്നം കാണുന്ന എല്ലാവര്‍ക്കും ഗാന്ധിജി സ്വീകാര്യന്‍: മന്ത്രി ജി. സുധാകരന്‍
ആലപ്പുഴ: ലോകജനതയ്ക്കു മുഴുവന്‍ ആവേശവും പ്രതീക്ഷയും നല്‍കുന്നതാണ് മഹാത്മാഗാന്ധിയുടെ ദര്‍ശനങ്ങളെന്നും സ്പര്‍ദ്ദയും സംഘര്‍ഷവും ഉച്ചനീചത്വങ്ങളുമില്ലാത്ത, സാമൂഹിക നീതിയിലും മാനവികതയിലും അധിഷ്ഠിതമായ നവലോകം സ്വപ്നം കാണുന്ന എല്ലാവര്‍ക്കും ഗാന്ധിജി സ്വീകാര്യനായി മാറിയിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
ജില്ലാതല സംഘാടക സമിതിയുടെയും വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനിലെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ സംഘടിപ്പിച്ച ജില്ലാതല ഗാന്ധിജയന്തി വാരാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജി ആരെയും അത്ഭുതപ്പെടുത്തുന്ന വ്യക്തിത്വമായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടുകഴിഞ്ഞു. കാലം കഴിയും തോറും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളും കാഴ്ചപ്പാടും കൂടുതല്‍ തെളിഞ്ഞുവരുകയാണ്. സംഘര്‍ഷരഹിതമായ ലോകക്രമം ഗാന്ധിജി വിഭാവനം ചെയ്തു. ജനങ്ങളെ വിഭജിക്കാനും തമ്മിലടിപ്പിക്കാനും ജാതീയമായും വര്‍ഗീയമായും ഭിന്നിപ്പിച്ച് കാര്യങ്ങള്‍ നടത്താനും ആഗ്രഹിക്കുന്ന ശക്തികള്‍ക്ക് എന്നും ഗാന്ധിസ്മരണ പേടിസ്വപ്നമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭയരഹിതരായി ജീവിക്കാനാണ് അദ്ദേഹം നമ്മളെ പഠിപ്പിച്ചത്. എന്നാല്‍ മനുഷ്യനന്മയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അദ്ദേഹം പേടിസ്വപ്നം തന്നെ. ഗാന്ധി സ്മരണ ഇല്ലാതാക്കാന്‍ ചിലര്‍ കഠിനപരിശ്രമം നടത്തുമ്പോഴും ലോകം അത് തള്ളിക്കളഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
രാവിലെ മന്ത്രിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലെ രാഷ്ട്രപിതാവിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഗാന്ധി സന്ദേശത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ കലക്ടര്‍ എസ് സുഹാസ് സ്വാഗതം പറഞ്ഞു.
പൂര്‍ണമനുഷ്യനെന്ന് വിളിക്കാനാകുന്ന ഒരേയൊരു വ്യക്തിയാണ് ഗാന്ധിജിയെന്ന് പ്രഥമ ഗാന്ധി സ്മൃതി പുരസ്‌കാര ജേതാവ് കല്ലേലി രാഘവന്‍പിള്ള പറഞ്ഞു. ഗാന്ധി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ഒക്ടോബര്‍ രണ്ടുമുതല്‍ ജില്ലയിലെ പ്രളയ ബാധിത ലൈബ്രറികള്‍ പുനസ്ഥാപിക്കാന്‍ ഒരു വീട്ടില്‍ നിന്ന് ഒരു പുസ്തകമെന്ന പ്രചരണം ആരംഭിക്കുമെന്നും മുഖ്യ പ്രഭാഷണം നടത്തിയ ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ പറഞ്ഞു. അഡിഷണല്‍ ജില്ല മജിസ്‌ട്രേറ്റ് ഐ. അബ്ദുല്‍ സലാം കര്‍മ്മ പദ്ധതി പ്രഖ്യാപനം നടത്തി. നഗരസഭാംഗം എ.എം. നൗഫല്‍, എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ എ.എന്‍ ഷാ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചന്ദ്രഹാസന്‍ വടുതല, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.സി.ജയകുമാര്‍, ഹരിത കേരളം ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എസ് രാജേഷ്, ഗാന്ധി സ്മൃതി മണ്ഡപ സമിതിയംഗം രാജു പള്ളിപ്പറമ്പില്‍ സംസാരിച്ചു.
ശാന്തിലാലിന്റെ നേതൃത്വത്തില്‍ സര്‍വമത പ്രാര്‍ഥന നടന്നു. ചടങ്ങില്‍ കക്കാഴം സുരേഷ് ബാബു രചിച്ച് ഈണം നല്‍കിയ ഗാന്ധിജി അനുസ്മരണ ഗാനം ആലപിച്ചു. കലക്‌ട്രേറ്റില്‍ ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജിയുടെ അപൂര്‍വ ചിത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."