ഇന്ത്യയുടെ 'മഹത്വരഹിത വിപ്ലവം'
1688ല്‍ ഇംഗ്ലണ്ടില്‍ നടന്ന 'മഹത്തായ വിപ്ലവം' (ഗ്ലോറിയസ് റെവലൂഷന്‍) പാര്‍ലമെന്ററി ജനാധിപത്യ ചരിത്രത്തില്‍ ഒരു നാഴിക ക്കല്ലാണ്. 'രക്തരഹിത വിപ്ലവം' എന്നു കൂടി ചരിത്രത്തില്‍ അറിയപ്പെടുന്ന ഈ സംഭവം, ഇംഗ്ലണ്ടില്‍ രാജാവും പാര്‍ലമെന്റും തമ്മില്‍ നടന്ന പോരാട്ടത്തിന്റെ പരിസമാപ്തിയേയും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഉദയത്തെയും അടയാളപ്പെടുത്തി. 1625ല്‍ രാജാവായ ചാള്‍സ് ഒന്നാമന്‍, രാജാധികാരം, ദൈവദത്തമാണ് എന്ന വാദമുയര്‍ത്തി. 1628ല്‍ പാര്‍ലമെന്റ് 'പെറ്റീഷന്‍ ഓഫ് റൈറ്റ് ' എന്ന രേഖ രാജാവിന് മുന്‍പാകെ സമര്‍പ്പിച്ചു. ഇത് രാജാവിന്റെ അനിയന്ത്രിതമായ അധികാരത്തെ വെല്ലുവിളിക്കുകയും ഇതേത്തുടര്‍ന്ന് രാജാവ്, പാര്‍ലമെന്റ് പിരിച്ചുവിടുകയും ചെയ്തു. 1642ല്‍ ഇത് പാര്‍ലമെന്റും രാജാവും തമ്മിലുള്ള ആഭ്യന്തര യുദ്ധത്തിന് തുടക്കം കുറിച്ചു. ഒലിവര്‍ ക്രോംവെല്ലിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സൈന്യം, 1649ല്‍ രാജാവായ ചാള്‍സ് ഒന്നാമന്റെ തലയറുക്കുന്നതിലാണ് ഈ യുദ്ധം കലാശിച്ചത്. 'പൊതുവേ യാഥാസ്ഥിതികരായ ബ്രിട്ടിഷ് ജനത, ഇങ്ങനെ നിഷ്ഠുര ഭരണാധികാരികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന് മാതൃക സൃഷ്ടിച്ചുവെന്നാണ് ' ജവഹര്‍ലാല്‍ നെഹ്‌റു, അദ്ദേഹത്തിന്റെ 'വിശ്വചരിത്രാവലോകന'ത്തില്‍ നിരീക്ഷിക്കുന്നത്.
യുദ്ധം ഇവിടം കൊണ്ടൊന്നും അവസാനിച്ചില്ല. തുടര്‍ന്ന് വന്ന ജെയിംസ് രണ്ടാമന്‍ വീണ്ടും പാര്‍ലമെന്റുമായി കലഹിച്ചു. രാജാവിന് പരാജയം സമ്മതിച്ചു നാടുവിടേണ്ടി വന്നു. നെതര്‍ലന്‍ഡിലെ രാജകുമാരനും ജെയിംസ് രണ്ടാമന്റെ ജാമാതാവുമായ വില്യമിനെ പാര്‍ലമെന്റ് രാജാവായി വാഴിച്ചു. 1688ല്‍ നടന്ന ഈ സംഭവമാണ് 'മഹത്തായ വിപ്ലവം'. പാര്‍ലമെന്റ്, രാജാവിന്റെ അമിതാധികാരത്തിനു എന്നെന്നേക്കുമായി തടയിട്ടു. 'ബില്‍ ഓഫ് റൈറ്റ്‌സ്' എന്ന ഒരു കരാര്‍ പാര്‍ലമെന്റ്, രാജാവില്‍ നിന്ന് എഴുതിവാങ്ങിച്ചു. സ്വേച്ഛാപരമായി നിയമം നിര്‍മിക്കാനുള്ള രാജാവിന്റെ അധികാരം ഇല്ലാതായി. പാര്‍ലമെന്റിന്റെ പരമാധികാരം സ്ഥാപിക്കപ്പെട്ടു. ജോണ്‍ ലോക്ക് മുന്നോട്ടുവച്ച സാമൂഹ്യകരാര്‍ സിദ്ധാന്തം പ്രയോഗവത്കരിക്കപ്പെടുകയും ദൈവദത്ത സിദ്ധാന്തം നിരാകരിക്കപ്പെടുകയും ചെയ്തു. ഭരണഘടനാവാദം ഇങ്ങനെ ഉരുവംകൊണ്ടു. അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം (1776) ഈ വിചാരധാരയുടെ പ്രവേഗം വര്‍ധിപ്പിച്ചു. അമേരിക്കന്‍ ഭരണഘടന, അമിതാധികാരം നിയന്ത്രിക്കാന്‍ പ്രധാനമായും മൂന്ന് തത്വങ്ങള്‍ക്ക് രൂപംനല്‍കി, ഫെഡറലിസം, അധികാരവിഭജനം, ബൈകാമറലിസം (ദ്വിമണ്ഡലസഭ സംവിധാനം) എന്നിവയായിരുന്നു അവ.
മഹത്തായ വിപ്ലവത്തോടെ തുടങ്ങിയ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഗുണവശം അത് അധികാര കേന്ദ്രീകരണം ഒഴിവാക്കുന്നുവെന്നതാണ്. വെസ്റ്റ്മിന്‍സ്റ്റര്‍ രീതിയിലുള്ള പാര്‍ലമെന്ററി സംവിധാനത്തില്‍ മൂലബിന്ദുവായി വര്‍ത്തിക്കുന്നത് കാബിനറ്റാണ്. കാബിനറ്റാകട്ടെ കൂട്ടുത്തരവാദിത്വം എന്ന തത്വത്തില്‍ അധിഷ്ഠിതവുമാണ്. പ്രധാനമന്ത്രി, കാബിനറ്റില്‍ 'തുല്യരില്‍ ഒന്നാമന്‍' മാത്രമാണ്. ഇതെല്ലാം അധികാര കേന്ദ്രീകരണം ഒഴിവാക്കുക എന്ന ആത്യന്തിക ലക്ഷ്യത്തില്‍ ഊന്നിയതാണ്. 'എല്ലാ അധികാരങ്ങളും ഒരു വ്യക്തിയില്‍ അല്ലെങ്കില്‍ ഒരു കൂട്ടം വ്യക്തികളില്‍ കേന്ദ്രീകരിക്കുക എന്നതാണ് നിഷ്ഠുര ഭരണത്തിന്റെ നിര്‍വചനം' എന്നാണ് അമേരിക്കന്‍ ഭരണഘടനയുടെ പിതാവ് എന്നറിയപ്പെടുന്ന ജെയിംസ് മാഡിസണ്‍ പ്രസ്താവിച്ചത്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിനും ഏറെ പ്രാധാന്യമുണ്ട്. ഇംഗ്ലണ്ടില്‍ പ്രതിപക്ഷം, ഹിസ് മജസ്റ്റിസ് ലോയല്‍ ഓപ്പോസിഷന്‍ എന്നാണ് അറിയപ്പെടുന്നത്. നിഴല്‍ മന്ത്രിസഭാ (ഷാഡോ കാബിനറ്റ്) സംവിധാനം ഇംഗ്ലണ്ടില്‍ ഫലപ്രദമായി പ്രതിപക്ഷ ദൗത്യം നിര്‍വഹിക്കുന്നു. ഇന്ത്യ, അതിന്റെ ഭരണഘടനയ്ക്ക് രൂപം നല്‍കിയപ്പോള്‍ മഹത്തായ വിപ്ലവവും അമേരിക്കന്‍ വിപ്ലവവും മുന്നോട്ടുവച്ച ആശയങ്ങളും അധികാരഘടനയുമാണ് ആത്യന്തികമായി സ്വീകരിച്ചത് എന്ന് കാണാം.
മഹത്തായ വിപ്ലവത്തിന്റെ എതിര്‍ദിശയിലുള്ള ഒരു വിപരീത വിപ്ലവം ഇന്ത്യയില്‍ ഇപ്പോള്‍ നടന്നുവരികയാണ്. ഇതിനെ 'മഹത്വരഹിത വിപ്ലവം' എന്നു വിളിക്കേണ്ടിവരും. പാര്‍ലമെന്റ് കേവലം നിയമപരമായ അലങ്കാരം മാത്രമായി മാറിയിരിക്കുന്നു. അധികാരം പ്രധാനമന്ത്രിയില്‍ കുമിഞ്ഞു കൂടി കൊണ്ടിരിക്കുന്നു. കാബിനറ്റ് സംവിധാനവും കാര്യക്ഷമല്ല. നയരൂപീകരണം കാബിനറ്റിന് പകരം ഭരണഘടനാതീത ശക്തികള്‍ കൈയടക്കുകയാണ്. പ്രതിപക്ഷം ദുര്‍ബലമാകുകയും ചെയ്തിരിക്കുന്നു. ആര്‍.എച്ച്.എസ് ക്രോസ്സ്മാന്‍, ഇംഗ്ലണ്ടില്‍ തന്നെ കാബിനറ്റ് വ്യവസ്ഥിതിയില്‍ നിന്ന് പ്രൈം മിനിസ്റ്റീരിയല്‍ രീതിയിലേക്കുള്ള മാതൃകാ മാറ്റത്തെ പറ്റി നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. വാള്‍ട്ടര്‍ ബാജ്‌ഹോറ്റിന്റെ 'ദി ഇംഗ്ലീഷ് കോണ്‍സ്റ്റിറ്റിയൂഷന്‍' നു 1964ല്‍ എഴുതിയ മുഖവുരയില്‍ ഇക്കാര്യം അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
1977ല്‍ പാസാക്കിയ സാലറി ആന്‍ഡ് അലോവെന്‍സ് ഓഫ് ലീഡേഴ്‌സ് ഓഫ് ഓപ്പോസിഷന്‍ ഇന്‍ പാര്‍ലമെന്റ് ആക്ട് പ്രകാരം ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവാകാന്‍ മൊത്തം അംഗസംഖ്യയുടെ പത്തിലൊന്ന് അംഗബലം വേണം എന്ന സാങ്കേതികതയുടെ പേരില്‍ ലോക്‌സഭയില്‍ ഔദ്യോഗിക പ്രതിപക്ഷ നേതാവ് പോലുമില്ല. ദുര്‍ബലമായ പ്രതിപക്ഷവും കാര്യക്ഷമമല്ലാത്ത കാബിനറ്റും സ്വേച്ഛാധികാര പ്രവണതയുള്ള പ്രധാനമന്ത്രിയും ഇന്ത്യയില്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ പ്രായോഗിക തലത്തില്‍ നിഷ്‌കാസനം ചെയ്തിരിക്കുന്നു. സംഘ്പരിവാര്‍ എന്നും പാര്‍ലമെന്ററി ജനാധിപത്യത്തെക്കാള്‍ അധികാര കേന്ദ്രീകരണത്തിന് കൂടുതല്‍ ഇടംനല്‍കുന്ന പ്രസിഡന്‍ഷ്യല്‍ സംവിധാനത്തെയാണ് അഭികാമ്യമായി കരുതിയിരുന്നത് എന്നതും ഇവിടെ പ്രസക്തമാണ്. അധികാര കേന്ദ്രീകരണം ഒഴിവാക്കുന്നുവെന്നതും വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നുവെന്നതും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മേന്മകളാണ്. ഫെഡറലിസം, മതേതരത്വം എന്നീ ഭരണഘടനാ തത്വങ്ങളും ഇതേ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗങ്ങളാണ്. സംഘ്പരിവാര്‍ പ്രത്യയശാസ്ത്രം ഈ ആശയങ്ങളെയെല്ലാം നിരാകരിച്ച് അജൈവികമായ ഒരു യാന്ത്രിക ഏകത കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.
ജമ്മു കശ്മിരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്യുന്ന ഭരണഘടനാ ഭേദഗതി പാര്‍ലമെന്റില്‍ പാസാക്കിയെടുത്തതുള്‍പ്പെടെയുള്ള സംഭവങ്ങള്‍, മോദി - ഷാ ദ്വയം, പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കുന്നതിന് ഉത്തമ ഉദാഹരണമാണ്. മണിക്കൂറുകളുടെ നോട്ടിസുപോലും നല്‍കാതെയാണ് ഇത്രയും പരമപ്രധാനവും അന്താരാഷ്ട്ര മാനങ്ങളുമുള്ള ഭരണഘടനാ ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസാക്കിയത്. മുത്വലാഖ് നിയമം, പൗരത്വ ഭേദഗതി നിയമം പോലുള്ള നിയമങ്ങളൊന്നും തന്നെ സെലക്ട് കമ്മിറ്റിക്ക് വിടുകയോ ബന്ധപ്പെട്ട ജനവിഭാഗങ്ങളുമായി കൂടിയാലോചനയോ ഇല്ലാതെയാണ് പാസാക്കിയത്.
ഇത്തരം തിരക്കിട്ട നിയമനിര്‍മാണം തടയാനാണ് ബൈകാമറലിസം, ഭരണഘടനാ പിതാക്കള്‍ വിഭാവനം ചെയ്തത്. അമേരിക്കന്‍ ഭരണഘടനാ നിര്‍മാണ വേളയില്‍ തോമസ് ജെഫേഴ്‌സണും ജോര്‍ജ് വാഷിങ്ടണും തമ്മില്‍ നടന്നെന്ന് പറയപ്പെടുന്ന ഒരു സംഭാഷണമുണ്ട്. വാഷിങ്ടണ്‍, ദ്വിമണ്ഡലസഭയ്ക്ക് വേണ്ടി വാദിച്ചപ്പോള്‍ ജെഫേഴ്‌സണ്‍ ഉപരിസഭയെ ഉപയോഗശൂന്യമായി കണ്ടു. വാഷിങ്ടണ്‍, ഉപരിസഭയുടെ പ്രാധാന്യം വിവരിച്ചത് ഒരു കപ്പ് ചൂടു ചായ വരുത്തിക്കൊണ്ടായിരുന്നു. ചായ നേരിട്ടു കുടിക്കാമോ എന്ന വാഷിങ്ടണിന്റെ ചോദ്യത്തിന് 'എന്റെ ചുണ്ടുകള്‍ പിച്ചള കൊണ്ടല്ല നിര്‍മിച്ചിരിക്കുന്നത്' എന്ന മറുപടിയാണ് ജെഫേഴ്‌സണ്‍ നല്‍കിയത്. സോസറില്‍ ഒഴിച്ച് കുടിക്കാന്‍ വാഷിങ്ടണ്‍ നിര്‍ദേശിച്ചു. ഉപരിസഭ, ധൃതിപിടിച്ച നിയമനിര്‍മാണത്തെയും അതുവഴിയുണ്ടാകുന്ന അപകടത്തെയും തടയും എന്ന ആശയമാണ് ജോര്‍ജ് വാഷിങ്ടണ്‍, ജെഫേഴ്‌സണെ പഠിപ്പിച്ചത്. എന്നാല്‍ മോദി സര്‍ക്കാര്‍, രാജ്യസഭയെ ബൈപാസ് ചെയ്യാനാണ് ശ്രമിച്ചത്. ആധാര്‍ ബില്ലിനെ മണി ബില്ലായി പ്രഖ്യാപിച്ചത് ഒരു ഉദാഹരണം (മണി ബില്ലിന് രാജ്യസഭയുടെ അംഗീകാരം വേണ്ട).
കൊറോണ മഹാവ്യാധിയുടെ മറവില്‍ പാര്‍ലമെന്റിന്റെ അധികാരത്തെ നിര്‍വീര്യമാക്കുന്നതിനും നാം സാക്ഷിയായി. സുപ്രധാനമായ കര്‍ഷക ബില്ലുകള്‍ ആദ്യം ഓര്‍ഡിനന്‍സായി ഇറക്കുകയും പിന്നീട് സഭയില്‍ വിശദമായ ചര്‍ച്ചയോ കര്‍ഷക സംഘടനകളുമായി കൂടിയാലോചനായോ കൂടാതെ തിരക്കിട്ട് ഈ ബില്ലുകള്‍ പാസാക്കി. രാജ്യത്തെ കര്‍ഷകരുടെ ജീവസന്ധാരണത്തെയും രാഷ്ട്രത്തിന്റെ ഭക്ഷ്യസുരക്ഷയേയും അപകടത്തിലാക്കുന്ന ഈ നിയമങ്ങള്‍ പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി പാസാക്കിയതിന്റെ പരിണിത ഫലമാണ് നിലവിലെ കര്‍ഷക പ്രക്ഷോഭം. അവസാനം സെപ്റ്റംബറില്‍ നടന്ന സഭാ സമ്മേളനത്തില്‍ അംഗങ്ങള്‍ക്ക് ദേശീയ വിഷയങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരമായ സീറോ അവര്‍ വെട്ടിച്ചുരുക്കി. ചോദ്യോത്തര വേള വേണ്ടന്ന് വെച്ചു. 'ആരോഗ്യ സേതു ആപ്പ്' എന്ന വ്യക്തിയുടെ സ്വകാര്യതയെ ലംഘിക്കുന്ന മൊബൈല്‍ ആപ്പ് പാര്‍ലമെന്റിന്റെ അനുമതി നേടാതെയാണ് പൗരന്മാരുടെ മേല്‍ അടിച്ചേല്‍പ്പിച്ചത്. എന്നാല്‍ ഇംഗ്ലണ്ടില്‍ ഇതേ രീതിയിലുള്ള ആപ്പ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് വ്യക്തിയുടെ സ്വകാര്യതയെ ലംഘിക്കുന്നില്ല എന്ന് ഉറപ്പുവരുത്തിയാണ് നടപ്പിലാക്കിയത്.
പാര്‍ലമെന്റിന്റെയും ജനങ്ങളുടെയും അധികാരാവകാശങ്ങളെ ഉല്ലംഘിക്കുന്ന ചാള്‍സ് ഒന്നാമനും ജെയിംസ് രണ്ടാമനുമൊക്കെ ഇന്ത്യയില്‍ പുനരവതാരം ചെയ്തു കൊണ്ടിരിക്കുകയാണ്. ചാള്‍സ് ഒന്നാമനെ അധികാരഭ്രഷ്ടനാക്കാന്‍ ഒരു ഒലിവര്‍ ക്രോംവെല്‍ ഉണ്ടായിരുന്നു. ജെയിംസ് രണ്ടാമനെ വെല്ലുവിളിക്കാന്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പായ വില്യം സാന്‍ക്രോഫ്റ്റും. ജനം അവരെ പിന്തുണച്ചു. രാജാവിന്റെ തടവുകാരനായി ലണ്ടണ്‍ ടവറില്‍ എത്തിയ സാന്‍ക്രോഫ്റ്റിനെ അവിടത്തെ കാവല്‍ ഭടന്മാര്‍ മുട്ടുകുത്തി വണങ്ങുകയാണ് ചെയ്തത്. ഇന്നത്തെ ഇന്ത്യയില്‍ പാര്‍ലമെന്റിനെ അപ്രസക്തമാക്കുന്ന ഒരു 'മഹത്വരഹിത വിപ്ലവം' അരങ്ങേറുമ്പോള്‍ ഒരു ക്രോംവെല്ലോ സാന്‍ക്രോഫ്‌റ്റോ ചിത്രത്തിലില്ല എന്നതാണ് ഏറെ സങ്കടകരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."