മത്സ്യബന്ധന, കയര്‍ മേഖലകളോട് ബാങ്കുകള്‍ക്ക് അയിത്തമെന്ന്
ആലപ്പുഴ : മത്സ്യബന്ധന, കയര്‍ മേഖലകളോട് പൊതുമേഖലാ ബാങ്കുകള്‍ക്ക് അയിത്തമാണെന്ന് കെ.സി.വേണുഗോപാല്‍ എം.പി.
പ്രളയബാധിതരെ സഹായിക്കുന്നതിനു അനുകൂലമായ നിലപാടെടുക്കുന്നതിനു പകരം ദുരിതബാധിതരുടെ അപേക്ഷകളോട് ബാങ്കുകള്‍ മുഖം തിരിക്കുകയാണെന്നും ജില്ലാ തല ബാങ്കിങ് അവലോകന സമിതി യോഗത്തില്‍ എം.പി.പറഞ്ഞു.
പ്രളയനാന്തരം ചേര്‍ന്ന ആദ്യ യോഗം എന്ന നിലയില്‍ പ്രളയബാധിതരായ ആയിരകണക്കിന് കര്‍ഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും മറ്റുമുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം മറ്റു കാര്യങ്ങള്‍ അജണ്ടയില്‍ ഉള്‍കൊള്ളിച്ചതിനെയും എം.പി വിമര്‍ശിച്ചു.
രക്ഷാ പ്രവര്‍ത്തനത്തിന് പോയി കേടുപാടുകള്‍ വന്ന വള്ളങ്ങള്‍ക്ക് അറ്റകുറ്റ പണികള്‍ക്കാവശ്യമായ ലോണ്‍ പോലും കൊടുക്കുവാന്‍ ബാങ്കുകള്‍ക്ക് വിമുഖതയാണ്. വിദ്യാഭ്യാസ വായ്പകളുടെ കാര്യത്തിലും നിഷേധാത്മക നിലപാടാണ് ബാങ്കുകള്‍ പുലര്‍ത്തുന്നത്. മുദ്ര ലോണ്‍ നല്‍കുന്നതിലും ബാങ്കുകള്‍ക്ക് വിമുഖതയാണ്. സര്‍ക്കാര്‍ പറഞ്ഞ ഉദ്ദേശ ലക്ഷ്യങ്ങള്‍ പാലിച്ചല്ല ബാങ്കുകള്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്.
മുദ്ര ലോണ്‍ നല്‍കുന്നതിനു പകരം മറ്റ് പദ്ധതികള്‍ക്കുള്ളലോണുകള്‍ ഈ പദ്ധതി വഴി മാറ്റി വിടുകയാണ് ബാങ്കുകള്‍ ചെയ്യുന്നതെന്നും എം.പി.പറഞ്ഞു.
പി.എം.എ.വൈ. പദ്ധതിയില്‍ വീടുവയ്ക്കുന്നതിന് ലോണ്‍ നല്‍കാന്‍, വസ്തുവിന് വഴിവേണമെന്ന ഇല്ലാത്ത നിബന്ധന നിര്‍ബന്ധമാക്കി ലോണുകള്‍ നല്‍കാതെ ബാങ്കുകള്‍ ഈ പദ്ധതിയില്‍ അര്‍ഹരായ അപേക്ഷകരെ പോലും നിരാശപ്പെടുത്തി. പ്രളയാനന്തരം ദുരിത ബാധിതരെ സഹായിക്കുന്നതിനായി ഓരോ ബാങ്കും എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു വെന്നത് അവലോകനം ചെയ്യുന്നതിനായി പ്രത്യേക യോഗം വിളിക്കാനും എം.പി.നിര്‍ദ്ദേശിച്ചു.
ഇതിനാവശ്യമായ യോഗം ഈമാസം തന്നെ ചേരാനും എം.പി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ്. സുഹാസ് അധ്യക്ഷനായി. ലീഡ് ബാങ്ക് മാനേജര്‍ വിനോദ് കുമാര്‍, എസ്.ബി.ഐ റീജിണല്‍ മാനേജര്‍ വി.മുരളി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."