മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വില കൂട്ടി; വിതരണം തടഞ്ഞു പ്രതിഷേധം
കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വില കുത്തനെ കൂട്ടിയതില്‍ പ്രതിഷേധിച്ച് ഭക്തജനങ്ങള്‍ ഉണ്ണിയപ്പ വിതരണം തടഞ്ഞു. ക്ഷേത്രഉപദേശക സമിതിയുടേയും കേരളക്ഷേത്രസംരക്ഷണസമിതിയുടേയും നേതൃത്വത്തിലാണ് കൗണ്ടറിനു മുന്നില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് മുതല്‍ തുടങ്ങിയ പ്രതിഷേധം ഇന്നലെയും തുടര്‍ന്നു. പൊലിസ് എത്തി സമരക്കാരും ബോര്‍ഡ് അധികൃതരുമായി ചര്‍ച്ച നടത്തിയെങ്കിലും ബോര്‍ഡ് വിട്ടുവീഴ്ചക്കില്ലന്ന് പ്രഖ്യാപിച്ചതോടെ സമരം തുടരുകയാണ്. കൗണ്ടറിന് മുന്നില്‍ ഉണ്ണിയപ്പ രസീത് വാങ്ങാന്‍ എത്തുന്ന ഭക്തജനങ്ങളോട് സംഭവം വിശദീകരിച്ച ശേഷമാണ് ഉപരോധം.
15 രൂപയാണ് ഒരു കവര്‍ ഉണ്ണിയപ്പത്തിന് കൂട്ടിയത്. ദര്‍ശനത്തിനെത്തുന്ന ഭക്തരും സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ മാസത്തില്‍ വില കൂട്ടികൊണ്ട് ഉത്തരവിറക്കിയിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. അസംസ്‌കൃത സാധനങ്ങളുടേയും ജോലികൂലിയുടേയും പേരിലാണ് വര്‍ധനയെങ്കില്‍ അതിന് ബോര്‍ഡ് 15 രൂപ നോക്കുകൂലിയായി ഈടാക്കുന്നതാണ് പ്രതിഷേധം വ്യപകമാകാന്‍ കാരണം. കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടായ ഉണ്ണിയപ്പത്തിന്റെ വില ഒരു കവറിന് 15 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. 20 രൂപ വിലയുണ്ടായിരുന്ന ഉണ്ണിയപ്പത്തിന് ഇനി മുതല്‍ 35 രൂപ നല്‍കണം.
എന്തടിസ്ഥാനത്തിലാണ് ഇത്രയും തുക വര്‍ധിപ്പിച്ചതെന്ന് ബോര്‍ഡ് വ്യക്തമാക്കുന്നില്ലന്ന് മാത്രമല്ല ഉപദേശകസമിതിയെപോലും അറിയിച്ചതുമില്ല. വര്‍ധിപ്പിച്ച തുകയില്‍ 10 രൂപയും ദേവസ്വം ബോര്‍ഡിനാണ്. ശരാശരി ദിനം പ്രതി 1500ലധികം കവര്‍ ഉണ്ണിയപ്പമാണ് വില്‍ക്കുന്നത്. ഇത്രയും ഉണ്ണിയപ്പം വില്‍ക്കുമ്പോള്‍ ഇനി മുതല്‍ ബോര്‍ഡിന് 22500 രൂപ ലഭിക്കും. എണ്ണം കൂടുമ്പോള്‍ തുകയും വര്‍ധിക്കും. ഇപ്പോള്‍ 20 രൂപ നിരക്കിലാണ് ഭക്തജനങ്ങളില്‍ നിന്ന് ഈടാക്കുന്നത്. ഇതില്‍ 15 രൂപ ഉണ്ണിയപ്പത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങി ശാന്തിക്കാരെ ഉപയോഗിച്ച് വാര്‍ക്കുന്ന കീഴ്ശാന്തിക്കും 5 രൂപ കാഴ്ചക്കാരായി നില്‍ക്കുന്ന ബോര്‍ഡിന് നോക്കുകൂലിയും ആയിരുന്നു. ഇനി മുതല്‍ നോക്കുകൂലി ഒരു കവറിന് 15 രൂപ നിരക്കിലാണ് ഈടാക്കുന്നത്.
ഈ പകല്‍കൊള്ളക്ക് എതിരെയാണ് പ്രതിഷേധം അലയടിക്കുന്നത്. ഇത് സംബന്ധിച്ച് കേസും ഹൈക്കോടതിയില്‍ നിലനില്‍ക്കുമ്പോഴാണ് ഇപ്പോഴത്തെ വര്‍ധനവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."