അവധിക്കാലം അവിസ്മരണീയമാക്കി വാദ്യവിദ്യാര്‍ഥികള്‍
കൊപ്പം: വേനലവധിക്കാലത്ത് പരിശീലിച്ചെടുത്ത വാദ്യകല അരങ്ങിലെത്തിക്കാനൊരുങ്ങുകയാണ് മുളയന്‍കാവ് മാധവവാധ്യവിദ്യാലയത്തിലെ ഇളമുറക്കാര്‍. തായമ്പകയിലും, പഞ്ചാരിമേളത്തിലും അരങ്ങേറ്റം കുറിച്ച എഴുപതോളം വിദ്യാര്‍ഥികളാണ് രണ്ടുമാസത്തെ പ്രത്യേക പരിശീലനത്തിനുശേഷം 28ന് രാവിലെ 8മണി മുതല്‍ മുളയന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ വെച്ച് കൊട്ടികലാശം നടത്തുന്നത്. സാമ്പ്രദായികകൊട്ടിന്റെ ശുദ്ദിനഷ്ടപ്പെടാതെ തന്നെ മേളത്തിന് പുതുമപകരുകയാണ് മുളയന്‍കാവ് മാധവവാദ്യവിദ്യാലയം.
വാദ്യകലകളുടെ ജനകീയവത്കരണമാണ് ഇവിടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യപരിശീലകനായ മുളയന്‍കാവ് അരവിന്ദാക്ഷന്‍ പറഞ്ഞു. ഇദ്ദേഹം ചിട്ടപ്പെടുത്തിയ ധ്രുവം മേളമാണ് ഇത്തവണ അരങ്ങിലെത്തിക്കുന്നത്.
ഉരുട്ടുചെണ്ടയില്‍ മുളയന്‍കാവ് അജിത്തിന്റെ പ്രമാണത്തില്‍ മുപ്പത്തിയഞ്ചുപേര്‍ ധ്രുവം മേളം കൊട്ടിയും അഭിജിത്തിന്റെ പ്രമാണത്തില്‍ മുപ്പത്തിയഞ്ചുപേര്‍ പഞ്ചാരിമേളം കൊട്ടിയുമാണ് വേനലവധിക്കാലം ഉത്‌സവമാക്കുന്നത്. പക്കമേളക്കാരടക്കം നൂറില്‍ പരം കലാകാരന്‍മാര്‍ പങ്കെടുക്കും.
പരിപാടിക്ഷേത്രം തന്ത്രി അണ്ടലാടി മനക്കല്‍ ഉണ്ണിനമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫിസര്‍ വേണുഗോപാല്‍ ചന്ദനക്കാവ് അധ്യക്ഷതവഹിക്കും. ക്ഷേത്രം ജീര്‍ണോദ്ദാരണ കമ്മറ്റി പ്രസിഡണ്ട് ശിവരാമന്‍ അര്‍ച്ചന കുട്ടികള്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."