ചരിത്ര സ്മാരകമാകാനൊരുങ്ങി ഇരിയ ബംഗ്ലാവ്
രാജപുരം: നൂറ്റാണ്ടിലെത്തി നില്‍ക്കുന്ന ഇരിയയിലെ ബ്രിട്ടിഷ് ബംഗ്ലാവ് ചരിത്രസ്മാരകമാകുന്നു. ചരിത്രശേഷിപ്പിന്റെ ഓര്‍മകള്‍ വിളിച്ചോതുന്ന ബംഗ്ലാവ് സ്മാരകമാക്കണമെന്ന ആവശ്യത്തിനു ജില്ലാ ഭരണകൂടം അനുകൂല നിലപാടെടുക്കാനൊരുങ്ങുന്നു. 1926ലാണ് ബംഗ്ലാവ് പണി കഴിപ്പിച്ചത്.
നാട്ടുജന്മികളില്‍നിന്നു ചുങ്കം പിരിക്കാനെത്തിയ ബ്രിട്ടിഷുകാര്‍ക്ക് ദിവസങ്ങളോളം താമസിക്കാനുള്ള സൗകര്യത്തിനും ഇതുവഴി കര്‍ണാടകത്തിലേക്കും മറ്റും പോകുന്ന സായ്പന്മാര്‍ക്ക് വിശ്രമിക്കുന്നതിനുമാണ് ബംഗ്ലാവ് പണി കഴിപ്പിച്ചതെന്നാണ് ചരിത്രം പറയുന്നത്.
അന്നുയാത്ര ചെയ്യാനുപയോഗിച്ച കുതിരകളെ പാര്‍പ്പിക്കാനുള്ള കുതിരചാവടി (കുതിരലായം)യും ഇവിടെ ചരിത്രസ്മാരകമായി നില നില്‍ക്കുന്നു.
കാലപ്പഴക്കത്താല്‍ തകര്‍ന്നുവീഴാറായ ബംഗ്ലാവും കുതിരാലയവും ചരിത്രസ്മാരകമാക്കണമെന്ന ആവശ്യത്തിന് ജില്ലാ ഭരണകൂടം പച്ചകൊടി കാട്ടിയതോടെ ബംഗ്ലാവിന്റെ ചരിത്രശേഷിപ്പുകള്‍ വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ് റവന്യുവകുപ്പ്. ഇരിയ ടൗണില്‍ നിന്നു ഒരു കിലോമീറ്റര്‍ അകലെ കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയ്ക്കരികിലായി 91 സെന്റ് സ്ഥലത്താണ് ബംഗ്ലാവുള്ളത്.
ചെത്തുകല്ല് ഉപയോഗിച്ച് ഒറ്റ മുറിയില്‍ പണി കഴിപ്പിച്ച ഈ ബംഗ്ലാവിനോടുചേര്‍ന്ന് ശൗചാലയവും തൊട്ടടുത്തായി കിണറും നിര്‍മിച്ചിട്ടുണ്ട്. ഇതിനടുത്ത് രണ്ടുമുറികള്‍ ഉണ്ട്. ഒന്ന് കുതിരകളെ പാര്‍പ്പിക്കാനും മറ്റൊന്ന് ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതിനുമായാണ് നിര്‍മിച്ചതെന്ന് പഴമക്കാര്‍ പറയുന്നു. ഇതോടൊപ്പം ചുമടുതാങ്ങിയും കാണാം.
കാലപ്പഴക്കം മൂലം ബംഗ്ലാവിന്റെയും കുതിരലായത്തിന്റെയും മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. സ്ഥലം കഴിഞ്ഞ ദിവസം റവന്യു ഉദ്യോഗസ്ഥര്‍ അളന്നുതിട്ടപ്പെടുത്തിയതിനു ശേഷം കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. കൈയേറ്റം നടന്നിട്ടില്ലെന്ന് അളവില്‍ വ്യക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."