മണപ്പുറത്തെ പ്രശസ്തരുടെ ജീവിതം വരകളിലൂടെ വിവരിച്ച് പ്രവാസി ചിത്രകാരന്
വാടാനപ്പള്ളി: മണപ്പുറത്തെ അറിയപ്പെടുന്നവരും അല്ലാത്തവരുമായ കലാകാരന്മാരുടെയും പൊതുപ്രവര്‍ത്തകരുടെയും ചരിത്രം ചിത്രങ്ങളിലൂടെ രചിക്കുകയാണ് പ്രവാസി ചിത്രകാരന്. ഏങ്ങണ്ടിയൂര്‍ എം.ഐ ആശുപത്രിക്ക് കിഴക്ക് ചന്തപ്പടിറോഡില് തളാടത്ത് വീട്ടില്‍ രാമദാസെന്ന റാം തളാടത്താണ് ചിത്രകലയിലൂടെ പ്രതിഭകളുടെ ചിത്രങ്ങള്‍ വരയിലൂടെ വിവരിക്കുന്നത്.
മരിച്ചവരുടേതടക്കം അമ്പതോളം പേരുടെ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, പാട്ടുപാടി ചിത്രം വരയ്ക്കുന്ന കാര്ത്തികേയന് ഏങ്ങണ്ടിയൂര്‍, നാടക പ്രവര്ത്തകന് ജി തോട്ടപ്പുള്ളി, ഫാ. പോള്‍ ചിറ്റിലപ്പിള്ളി, ടെലിഫിലിം സംവിധായകന് വിജയന്, ധീരപാലന്‍ ചാളിപ്പാട്, ചരിത്രകാരന് വേലായുധന് പണിക്കശേരി, വി.എസ് കേരളീയന്, നാടന്‍പാട്ട് രചയിതാവ് ആരിപ്രേമന്, മാധ്യമപ്രവര്ത്തകന് കെ ഗിരീഷ്, കേരകേസരി തച്ചപ്പുള്ളി പവിത്രന്, നാടന്‍ പാട്ട് രചയിതാവ് രാജു ഏങ്ങണ്ടിയൂര്‍, സാമൂഹ്യപ്രവര്‍ത്തകന്‍ ഊരട ശേഖരന്, തകില് വിദ്വാന് രവി ആശാന്, പാലിയേറ്റീവ് പ്രവര്ത്തകന് റൌഫ് ചേറ്റുവ, നാടകൃത്ത് സോമന് നായര്‍, ഡ്രോയിങ് മാസ്റ്റര്‍ ബാബു എന്നിവരുടെ ചിത്രങ്ങളാണ് പൂര്‍ത്തിയായത്.
2016ലാണ് പ്രവാസിയായ റാം വര തുടങ്ങിയത്. 2014ല്‍ പ്രവാസിയായപ്പോള്‍ നെഞ്ചുവേദനക്കുള്ള ശസ്ത്രക്രിയയെത്തുടര്‍ന്ന് ശാരീരിക, മാനസിക, സാമ്പത്തിക വിഷമത്തിലായിരുന്നു. തുടര്‍ന്ന് വിശ്രമജീവിതത്തിലായിരുന്ന റാം വിരസതയകറ്റാനാണ് വീണ്ടും ചിത്രം വരച്ചുതുടങ്ങിയത്. 1969, 70ല്‍ തൃശൂരിലെ ഫൈന്‍ ആര്‍ട്സ് കോളജിലായിരുന്നു പഠനം. പിന്നീട് ഗുരുവായൂരിലെ സരിത സ്റ്റുഡിയോയില്‍ ഫോട്ടേഗ്രഫറായി ജോലി ചെയ്തു. തുടര്‍ന്ന് 1981 മുതല്‍ മസ്കത്തില് 33 വര്‍ഷത്തോളം ചിത്രരചനയിലായിരുന്നു. സുമയാണ് ഭാര്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."