2.5 കിലോമീറ്റര്‍ ചുറ്റളവില്‍ ആറ് പദ്ധതികള്‍
തലശ്ശേരി: നഗരസഭയില്‍ 2.5 കിലോമീറ്റര്‍ ചുറ്റളവില്‍ ആറ് പദ്ധതികള്‍ നടപ്പാക്കുന്നത് മൂലം കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത് ആയിരം കുടുംബങ്ങള്‍. ഇല്ലിക്കുന്ന്, കൊളശ്ശേരി വാര്‍ഡുകളിലെ ആയിരത്തോളം കുടുംബങ്ങളാണ് സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും നടപ്പാക്കുന്ന പദ്ധിതകള്‍ കാരണം ദുരിതമനുഭവിക്കേണ്ടി വരുന്നത്. നേരത്തെ കൊടുവള്ളി മേല്‍പാലം, ഭീമന്‍ ജലപാത, അതിവേഗ റെയില്‍വേ എന്നീ പദ്ധതികള്‍ പ്രദേശത്തെ കീറിമുറിച്ച് കടന്നുപോകുന്നതിനെതിരേ പ്രദേശവാസികള്‍ സമര രംഗത്തിറങ്ങിയിരുന്നു.
തുടര്‍ന്ന് പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. എന്നാല്‍ പുതിയ മൂന്നു പദ്ധതികള്‍ക്കായി ഉദ്യോഗസ്ഥര്‍ ഭൂമി അളക്കുകയും തുടര്‍ന്നു കോണ്‍ക്രീറ്റ് കുറ്റികള്‍ ഉറപ്പിക്കുകയും ചെയ്തതോടെയാണു പ്രദേശവാസികളില്‍ പരിഭ്രാന്തി പടര്‍ന്നത്. കണ്ണൂര്‍ വിമാനത്താവളത്തിലേക്കു 26 മീറ്റര്‍ വീതിയില്‍ റോഡിനായുള്ള ഭൂമിയും 45 മീറ്റര്‍ വീതിയിലുള്ള ദേശീയപാതയ്ക്കും വിമാനത്താവളത്തിലേക്കു തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള റെയില്‍പാതാ നിര്‍മാണത്തിനുമാണു പുതുതായി സ്വകാര്യ സര്‍വേ നടത്തി ഭൂമി അളന്നു കുറ്റികള്‍ സ്ഥാപിച്ചത്. ആറ് വന്‍കിട പദ്ധതികള്‍ നഗരസഭയിലെ രണ്ടു വാര്‍ഡുകളില്‍ കൂടി കടന്നുപോകുന്നതോടെ രണ്ടു ഗ്രാമങ്ങളും നിരവധി കഷണങ്ങളായി മുറിച്ചുമാറ്റപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."