'കുടിയേറിയവര്‍ക്കും അമേരിക്കയില്‍ ഇടമുണ്ട്' ട്രംപിന്റെ വംശീയ പരാമര്‍ശങ്ങള്‍ക്കെതിരേ മിഷേല്‍ ഒബാമ
വാഷിങ്ടണ്‍: നാല് ഡമോക്രാറ്റിക് അംഗങ്ങളെ വംശീയമായി ആക്ഷേപിച്ച യു.എസ് പ്രസിഡന്റ് ട്രംപിന് തകര്‍പ്പന്‍ മറുപടിയുമായി മുന്‍ പ്രസിഡന്റ് ഒബാമയുടെ പത്‌നി മിഷേല്‍.
നമ്മുടെ രാജ്യത്തെ വ്യത്യസ്തമാക്കുന്നത് വൈവിധ്യമാണ്. ഇവിടെ ജനിച്ചവരാണെങ്കിലും കുടിയേറിയവരാണെങ്കിലും ഇവിടെ എല്ലാവര്‍ക്കും ഇടമുണ്ട്- ട്രംപിനെ പേരെടുത്തു പറയാതെ മിഷേല്‍ ട്വീറ്റ് ചെയ്തു. ഇത് എന്റെ അമേരിക്കയോ നിങ്ങളുടെ അമേരിക്കയോ അല്ലസ നമ്മുടെ അമേരിക്കയാണ്. അതു മറക്കരുത്-മിഷേല്‍ ഒബാമ കൂട്ടിച്ചേര്‍ത്തു.
നേരത്തെ നോര്‍ത്ത് കരോലിനയില്‍ നടത്തിയ തെരഞ്ഞെടുപ്പ് യോഗത്തിലാണ് ഇല്‍ഹാന്‍ ഉമറടക്കം നാല് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളോട് ട്രംപ് അമേരിക്ക വിടണമെന്ന് പറഞ്ഞത്. തുടര്‍ന്ന് ട്രംപ് അനുകൂലികളും ഇല്‍ഹാനെ വംശീയമായി അധിക്ഷേപിച്ചിരുന്നു. അതിനിടെ നാലു വനിതകളെയും ആക്ഷേപിച്ച അനുയായികളെ ദേശസ്‌നേഹികളെന്നു വിശേഷിപ്പിച്ച് ട്രംപ് വീണ്ടും രംഗത്തെത്തി.
കഴിഞ്ഞദിവസം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഫാസിസ്റ്റ് എന്ന് വിളിച്ച് ഇല്‍ഹാന്‍ ഉമര്‍ രംഗത്തുവന്നിരുന്നു. അദ്ദേഹം ഫാസിസ്റ്റാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നാണ് ഉമര്‍ ക്യാപിറ്റല്‍ ഹില്ലില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ റാലിക്കിടെ ഇല്‍ഹാന്‍ അടക്കമുള്ള നാല് കോണ്‍ഗ്രസ് വനിതകള്‍ക്കെതിരേ ട്രംപ് പലതവണ വംശീയ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
നേരത്തെ കുടിയേറ്റ ബന്ധമുള്ള കോണ്‍ഗ്രസ്സ് പ്രതിനിധികളായ അലക്‌സാന്‍ഡ്രിയ ഒകാസിയോ കോര്‍ടെസ്, ഇല്‍ഹാന്‍ ഉമര്‍, അയന പ്രസ്‌ലി, റാഷിദ ത്‌ലൈബ് എന്നിവര്‍ക്കെതിരേ ട്രംപ് തുടരെ വംശീയ അധിക്ഷേപ ട്വീറ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."