ചിറകുറപ്പിച്ച് കണ്ണൂര്‍: വിമാനത്താവളത്തില്‍ വീണ്ടും പരീക്ഷണ പറക്കല്‍
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്നലെ വീണ്ടും പരീക്ഷണ പറക്കല്‍ നടത്തി. ഇന്‍സ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജ്യര്‍ (ഐ.എ.പി) പരിശോധിക്കാനുള്ള പരീക്ഷണപ്പറക്കലാണ് ഇന്നലെ നടന്നത്.
രാവിലെ 7.45ഓടെ കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട ബോയിങ് 737-800 വിമാനം എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് 8.05ഓടെ വിമാനത്താവളത്തിനു മുകളിലെത്തി. റണ്‍വേയില്‍ ലാന്‍ഡ് ചെയ്യാതെയാണ് പരീക്ഷണപ്പറക്കല്‍ നടന്നത്. 25, 07 എന്നീ റണ്‍വേകള്‍ക്കു മുകളിലൂടെയും മൂന്നുവട്ടം വീതം പറന്ന് (മിസ്ഡ് അപ്രോച്ച്) ഐ.എ.പിയുടെ കൃത്യത ഉറപ്പാക്കി.
ഐ.എ.പി വിജയകരമായി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് അടുത്ത ദിവസം തന്നെ എയര്‍പോര്‍ട്ട് അതോറിറ്റിക്കു സമര്‍പ്പിക്കും. ഇത് ഒക്ടോബര്‍ 11ന് എയര്‍പോര്‍ട്ട് അതോറിറ്റി പ്രസിദ്ധീകരിച്ചാല്‍ മാത്രമേ ഡിസംബര്‍ ആറുമുതല്‍ പ്രാബല്യം ലഭിക്കൂ. പ്രസിദ്ധീകരിച്ച് 56 ദിവസത്തിനുശേഷമേ ഐ.എ.പി പ്രാബല്യത്തിലാവൂ എന്നതിനാലാണിത്. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ കണ്‍ട്രോള്‍ഡ് ട്രാഫിക് റീജന്‍ (സി.ടി.ആര്‍), കണ്‍ട്രോള്‍ ഏരിയ (സി.ടി.എ) എന്നിവ നിലവില്‍ വന്ന വിവരം നവംബര്‍ എട്ടിനു പ്രാബല്യത്തില്‍ വരുന്ന വിധത്തില്‍ സെപ്റ്റംബര്‍ 12ന് എയര്‍പോര്‍ട്ട് അതോറിറ്റി പ്രസിദ്ധീകരിച്ചിരുന്നു.
സൗന്ദര്യമൊരുക്കി വിമാനത്താവളം
മട്ടന്നൂര്‍: വിമാനത്താവള പദ്ധതി പ്രദേശത്തെ ഡിവൈഡര്‍ ഭാഗത്ത് സൗന്ദര്യ കാഴ്ച ഒരുങ്ങുന്നു. റോഡിന്റെ ഡിവൈഡറുകള്‍ക്കിടയില്‍ പൂച്ചെടികള്‍ ഒരുക്കിയാണ് കിയാല്‍ ജൈവ സൗന്ദര്യമൊരുക്കുന്നത്.
പ്രവേശന കവാടം മുതല്‍ ടെര്‍മിനല്‍ വരെയുള്ള ഒരു കിലോമീറ്ററോളം വരുന്ന റോഡിന്റെ മധ്യത്തിലാണു പൂന്തോട്ടം സ്ഥാപിച്ചത്. വിമാനത്താവള പരിസരത്ത് ആയുര്‍വേദ ഹെറിറ്റേജ് ടൂറിസം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കിയാല്‍ വിഭാവനം ചെയ്തിട്ടുണ്ട്.
പ്രകൃതിദത്ത വെളിച്ചം പരമാവധി പ്രയോജനപ്പെടുത്തുന്ന തരത്തില്‍ പ്രകൃതി സൗഹൃദമായ രീതിയില്‍ മഴവെള്ള സംഭരണി, പൂന്തോട്ടം എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."