യു.പിയിലെ വിവാദ നിയമം: മതംമാറ്റത്തിന് പ്രേരിപ്പിച്ചെന്നാരോപിച്ച് ക്രിസ്ത്യന്‍ മിഷണറി സംഘത്തെ അറസ്റ്റ് ചെയ്തു
നോയിഡ: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പദ്ധതിയിട്ടെന്നാരോപിച്ച് ഉത്തര്‍പ്രദേശ് പൊലിസ് നാലംഗ ക്രിസ്ത്യന്‍ മിഷനറി സംഘത്തെ അറസ്റ്റ് ചെയ്തു. ദക്ഷിണകൊറിയന്‍ സ്വദേശിനിയടക്കം മൂന്നു സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘത്തെ പ്രദേശത്തുകാരുടെ പരാതിയില്‍ ഗൗതം ബുദ്ധ് നഗര്‍ പൊലിസ് ആണ് അറസ്റ്റ്ചെയ്തത്. ഉമേശ്, സീമ, സന്ധ്യ, ദക്ഷിണകൊറിയന്‍ പൗരത്വമുള്ള അന്‍മൂള്‍ എന്നിവരാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ യോഗി ആധിത്യനാഥ് സര്‍ക്കാര്‍ കഴിഞ്ഞമാസം കൊണ്ടുവന്ന വിവാദ മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം നോയിഡയില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണിത്.
സംഘം ക്രിസ്ത്യന്‍ മതത്തിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്ന് മലക്പൂരിലെ സ്ത്രീയുടെ പരാതി ലഭിച്ചെന്ന് സ്റ്റേഷന്റെ ചുമതലയുള്ള പ്രതീപ് കുമാര്‍ ത്രിപാഠി പറഞ്ഞു. മിഷനറി സംഘം ജനങ്ങള്‍ക്ക് ഭക്ഷ്യസാധനങ്ങളും പണവും വാഗ്ദാനംചെയ്തു. ജനങ്ങള്‍ ഇവരെ സംശയത്തോടെയാണ് നോക്കിക്കാണുന്നതെന്നും പൊലിസ് പറഞ്ഞു. നിലവില്‍ പൊലിസ് ചോദ്യംചെയ്തുവരുന്ന ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
55 കാരിയായ അന്‍മൂള്‍ കുടുംബത്തോടൊപ്പം നോയിഡയിലാണ് താമസിക്കുന്നത്. അറസ്റ്റിലായ ബാക്കി മൂന്നുപേരും പ്രയാഗ്രാജ് സ്വദേശികളാണ്. ഇവര്‍ ഏതെങ്കിലും രജിസ്റ്റര്‍ ചെയ്ത സംഘടനയുടെ പ്രവര്‍ത്തകരല്ലെന്നും പ്രദേശത്ത് ഇവര്‍ ചെറിയൊരു ചര്‍ച്ച് സ്ഥാപിച്ചിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു. പുതിയ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. കുറ്റക്കാരെന്നു കണ്ടെത്തുകയാണെങ്കില്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."