ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരില്‍ 18 ഇന്ത്യക്കാര്‍
ബ്രിട്ടന്‍ ഹൊര്‍മുസ് കപ്പല്‍പാത ഒഴിവാക്കുന്നു കപ്പല്‍ പിടികൂടിയത്
ഇറാന്റെ മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ചതിനാല്‍
ലണ്ടന്‍: ഹൊര്‍മുസ് കടലിടുക്കിനു സമീപംവച്ച് ഇറാന്‍ നാവികസേന പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാര്‍. ഇതില്‍ മലയാളികളുണ്ടോയെന്ന് വ്യക്തമല്ല. മൂന്ന് റഷ്യക്കാര്‍, ഒരു ഫിലിപ്പൈന്‍കാരന്‍, ഒരു ലാത്വിയക്കാരന്‍ എന്നിങ്ങനെയാണ് ബാക്കിയുള്ളവര്‍. കപ്പല്‍ പിടികൂടിയതിനെ ഫ്രാന്‍സ്, ജര്‍മനി തുടങ്ങി വിവിധ രാജ്യങ്ങള്‍ അപലപിച്ചു. കപ്പലും ജീവനക്കാരെയും ഉടന്‍ മോചിപ്പിക്കണമെന്ന് ജര്‍മനി ആവശ്യപ്പെട്ടു. തങ്ങളുടെ മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ചതിനാണ് സ്റ്റെനോ ഇംപെറോ എന്ന ബ്രിട്ടീഷ് കപ്പല്‍ പിടികൂടിയതെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് അന്വേഷണം തുടങ്ങിയതായും അവര്‍ അറിയിച്ചു. എന്നാല്‍ ഹൊര്‍മുസ് കടലിടുക്കിലേക്ക് കടക്കുമ്പോള്‍ ഒരു ഹെലികോപ്റ്ററും ചെറു കപ്പലുകളും കപ്പലിനടുത്തെത്തിയതായി പിടിയിലായ സ്റ്റെനാ ഇംപെറോ ഉടമകള്‍ അറിയിച്ചു. കപ്പല്‍ ഇറാന്‍ തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം.
പിടിയിലായ കപ്പലില്‍ ഇന്ത്യക്കാരുള്ള കാര്യം ഇറാന്‍ അധികൃതരുമായി ബന്ധപ്പെട്ട് ഉറപ്പാക്കിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അവരെ എത്രയും പെട്ടെന്ന് മോചിപ്പിച്ച് സുരക്ഷിതമായി ഇന്ത്യയിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതോടെ ഹൊര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം ഇടക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ യു.കെ ബ്രിട്ടീഷ് കപ്പലുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇറാന്‍ അപകടകരമായ മാര്‍ഗമാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് ഇത് കാണിക്കുന്നതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു. ഇതിനോടുള്ള ബ്രിട്ടന്റെ പ്രതികരണം ശക്തമായിരിക്കുമെന്നു പറഞ്ഞ അദ്ദേഹം സ്വന്തം കപ്പലുകളുടെ സുരക്ഷ ബ്രിട്ടന്‍ ഉറപ്പാക്കുമെന്നു വ്യക്തമാക്കി. അതേസമയം, നയതന്ത്രപരമായി പരിഹാരം കാണാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര സമുദ്രഗതാഗത ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ വെള്ളിയാഴ്ചയാണ് ഇറാന്‍ നാവികസേന യു.കെ പതാകവച്ച സ്വീഡിഷ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്റ്റെനാ ഇംപെറോ കപ്പല്‍ പിടികൂടിയത്. ഇറാനിയന്‍ തുറമുഖമായ അന്ദര്‍ അബ്ബാസില്‍ വച്ചാണ് കപ്പല്‍ പിടികൂടിയതെന്ന് ഇറാന്‍ പറയുന്നു.
ലിബിയന്‍ പതാകയുള്ള മറ്റൊരു ബ്രിട്ടീഷ് കപ്പല്‍ സായുധസംഘം പിടികൂടിയെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. സിറിയക്കെതിരായ യൂറോപ്യന്‍ യൂനിയന്‍ ഉപരോധം ലംഘിച്ചതിന്റെ പേരില്‍ പിടികൂടിയ ഇറാന്‍ കപ്പല്‍ 30 ദിവസത്തേക്കു കൂടി തടഞ്ഞുവയ്ക്കാന്‍ ജിബ്രാള്‍ട്ടര്‍ കോടതി ഉത്തരവിട്ട് മണിക്കൂറുകള്‍ക്കകമായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."