വില്‍ക്കാനും പ്രജനനം നടത്താനും കര്‍ശന വ്യവസ്ഥകള്‍: പട്ടി, പൂച്ച, മീന്‍ എന്നിവയ്ക്കും നിയന്ത്രണം
ന്യൂഡല്‍ഹി: അറവിനായി കന്നുകാലികളെ ചന്തകളില്‍ വില്‍ക്കുന്നതു നിരോധിച്ചതിനുപിന്നാലെ പട്ടി, പൂച്ച, മീന്‍ തുടങ്ങിയവയെ വളര്‍ത്തി പ്രജനനം നടത്തി വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി പുതിയ വിജ്ഞാപനമിറങ്ങി.
പട്ടികളെയും പൂച്ചകളെയും മീനുകളെയും വാങ്ങുന്നതും വില്‍ക്കുന്നതും രാജ്യത്തു വലിയൊരു വ്യവസായമായി വളര്‍ന്ന സാഹചര്യത്തിലാണു കര്‍ശന നിബന്ധനകളുമായി മൃഗസംരക്ഷണവകുപ്പിന്റെ നടപടി.
പലയിടങ്ങളിലും മൃഗങ്ങളെ വളരെ മോശം സാഹചര്യത്തിലാണു സൂക്ഷിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. പത്തുലക്ഷത്തോളം പട്ടികളെ അനധികൃതമായി പ്രജനനം നടത്തി വില്‍പന നടത്തുന്നുവെന്നാണ് ഇതു സംബന്ധിച്ചു ജനുവരിയില്‍ ഇറക്കിയ കരടു വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നത്.
പട്ടിക്കും പൂച്ചയ്ക്കും പുറമേ അക്വേറിയങ്ങളില്‍ ഉള്‍പ്പടെ പ്രജനനം നടത്തി വില്‍പന നടത്തുന്നവര്‍ സംസ്ഥാന മൃഗസംരക്ഷണ വകുപ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഓമനമൃഗങ്ങളെ പ്രജനനം നടത്തി വില്‍പന നടത്തുന്നവര്‍ മൃഗങ്ങള്‍ ആണോ പെണ്ണോ എന്നു വ്യക്തമാക്കി അവയുടെ ജനന തിയതിയും മൈക്രോ ചിപ് നമ്പറും വളര്‍ത്തുന്നയാളുടെ പേരും രേഖയാക്കി സൂക്ഷിക്കണം.
അതിനു പുറമേ, പ്രജനനം നടത്തുന്നതിനായി മൃഗങ്ങളെ എത്തിച്ചതാണെങ്കില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തണം. ഇണചേരുന്ന മൃഗങ്ങളുടെ പേര് വിവരങ്ങളും മൈക്രോ ചിപ്പ് നമ്പറും വേണം. വളര്‍ത്തുമൃഗങ്ങളെ വാങ്ങുന്ന ആളുടെ ആധികാരികമായ വ്യക്തിഗത വിവരങ്ങളും ലഭ്യമാക്കണം.
വളര്‍ത്തുമൃഗങ്ങളെ പ്രജനനം നടത്തി വില്‍ക്കുന്നവര്‍ സംസ്ഥാന മൃഗക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തു സര്‍ട്ടിഫിക്കറ്റ് വാങ്ങി അതു കടകള്‍ക്കു പുറത്തു പ്രദര്‍ശിപ്പിക്കണം. വാങ്ങുകയും വില്‍ക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന മൃഗങ്ങളുടെ വിശദാംശങ്ങളും കടകളില്‍ സൂക്ഷിക്കണം.
പൂര്‍ണ ചികിത്സ നല്‍കി വാക്‌സിനേഷനുകള്‍ പൂര്‍ത്തിയാക്കി മൈക്രോ ചിപ്പ് ഘടിപ്പിച്ചവയെ മാത്രമേ വില്‍ക്കാവൂവെന്നും എട്ടാഴ്ചയില്‍ താഴെ പ്രായമുള്ളവയെ വില്‍ക്കരുതെന്നും വിജ്ഞാപനത്തില്‍ പറയുന്നു. പൊതുസ്ഥലങ്ങളിലോ വില്‍പനശാലകളിലോ ഇവയെ വില്‍പനക്കായി പ്രദര്‍ശിപ്പിക്കരുത്. മാനസിക വൈകല്യമുള്ളവരോ പ്രായപൂര്‍ത്തിയാകാത്തവരോ ഇവയെ പ്രജനനം നടത്തി വില്‍ക്കരുത്. ഗുരുതര രോഗം ബാധിച്ച വളര്‍ത്തുമൃഗങ്ങളെ അംഗീകൃത വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ ദയാവധത്തിനു വിധേയമാക്കാം.
ഒരേ സ്ഥലത്തു തന്നെ 12ലധികം നായകളെ ഒരുമിച്ചു പാര്‍പ്പിക്കരുത്. കൃത്യമായ കാലയളവില്‍ പ്രജനനം നടത്തുന്ന സ്ഥാപനങ്ങളില്‍ വെറ്ററിനറി ഡോക്ടറുടെ സന്ദര്‍ശനം ഉറപ്പു വരുത്തണം. എട്ടാഴ്ചയ്ക്കു മുകളില്‍ പ്രായമുള്ള വളര്‍ത്തു മൃഗങ്ങളുടെ വ്യക്തിഗത ആരോഗ്യ വിവരങ്ങള്‍ രേഖയാക്കി സൂക്ഷിച്ചിരിക്കണമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."