പെയിന്റ്, ഷാംപു, സോപ്പുപൊടി ഉപയോഗിച്ച് കൃത്രിമ പാല്‍
62 പേര്‍ അറസ്റ്റില്‍, ഫാക്ടറികള്‍ അടച്ചുപൂട്ടി
ഭോപ്പാല്‍: ആറ് സംസ്ഥാനങ്ങളിലേക്ക് കൃത്രിമ പാല്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന മധ്യപ്രദേശിലെ മൂന്ന് ഉല്‍പാദന കേന്ദ്രങ്ങളില്‍ റെയ്ഡ്.
വെള്ള പെയിന്റ്, ഷാംപൂ, സോപ്പ് പൊടി, ശുദ്ധീകരിച്ച എണ്ണ, ഭക്ഷ്യ വസ്തുക്കള്‍ക്ക് മാര്‍ദവം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന മാള്‍ട്ടാ ഡോക്‌സ്ട്രിന്‍ പൗഡര്‍, സോഡിയം തയോസള്‍ഫേറ്റ് തുടങ്ങിയ രാസവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന കൃത്രിമ പാലാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്തിരുന്നത്. സംഭവത്തില്‍ 62 പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
പാല്‍നിര്‍മിച്ച് വിതരണം ചെയ്യുന്ന പ്രത്യേക റാക്കറ്റാണ് പിടിയിലായതെന്ന് പൊലിസ് അറിയിച്ചു. പ്രമുഖ ബ്രാന്‍ഡുകളുടെ പേരിലാണ് ഇവ ആറ് സംസ്ഥാനങ്ങളിലെയും പല കേന്ദ്രങ്ങളിലും പാലായി വിറ്റഴിക്കപ്പെട്ടിരുന്നത്.
വെള്ളിയാഴ്ചയാണ് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് കൃത്രിമ പാല്‍ നിര്‍മാണ കമ്പനിയില്‍ റെയ്ഡ് നടത്തിയത്. മൊറേന ജില്ലയിലെ അംബാ, ഭിന്ദ് ജില്ലയിലെ ലഹാര്‍, ഗ്വാളിയോര്‍-ചമ്പാല്‍ എന്നിവിടങ്ങളിലെ ഫാക്ടറികളിലാണ് പൊലിസ് റെയ്ഡ് നടത്തിയത്.
റെയ്ഡില്‍ വലിയ തോതില്‍ രാസപദാര്‍ഥങ്ങള്‍ ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത് നിര്‍മിച്ച 10,000 ലിറ്റര്‍ കൃത്രിമ പാല്‍, 500 കി.ലോ ക്രിത്രിമ വെണ്ണ, 200 കിലോയിലധികം പാല്‍ക്കട്ടി എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
അറസ്റ്റിലായവര്‍ കൃത്രിമ പാല്‍ വില്‍പനക്ക് നിയോഗിക്കപ്പെട്ടവരാണ്. ഇവ വിതരണം ചെയ്യാനായി ഉപയോഗിക്കുന്ന 20 ടാങ്കര്‍ ലോറികള്‍, 11 പിക്കപ്പ് വാനുകള്‍ എന്നിവയും പിടികൂടിയിട്ടുണ്ട്. വിതരണത്തിനായി ഇവയില്‍ ഉല്‍പന്നം നിറച്ചിരുന്ന നിലയിലാണ് പിടികൂടിയത്.
30 ശതമാനം യഥാര്‍ഥ പാലും ബാക്കി രാസവസ്തുക്കളും ചേര്‍ത്താണ് പാല്‍ നിര്‍മിച്ചിരുന്നത്. ഇത്തരത്തില്‍ ഒരു ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കാന്‍ അഞ്ച് രൂപ മാത്രമാണ് ചെലവ് വരുന്നത്.
ഏകദേശം രണ്ട് ലക്ഷം ലിറ്റര്‍ കൃത്രിമ പാലാണ് ഈ ഉല്‍പാദന കേന്ദ്രങ്ങളില്‍ നിന്ന് ദിവസേന നിര്‍മിച്ചിരുന്നത്. ഫാക്ടറികള്‍ പൊലിസ് അടച്ചുപൂട്ടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."