തോല്‍വി; ബി.ജെ.പിയിലെ തമ്മിലടി മൂര്‍ച്ഛിക്കുന്നു
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ബി.ജെ.പി സംസ്ഥാന ഘടകത്തിലെ തമ്മിലടി പുതിയ തലത്തിലേക്ക്. പാര്‍ട്ടിയില്‍ തനിക്കെതിരേ പരസ്യപോരിന് നേതൃത്വം നല്‍കിയ ശോഭ സുരേന്ദ്രനെതിരേ തുറന്നടിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ രംഗത്തെത്തിയതോടെ പോര്‍വിളി രൂക്ഷമായി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ശോഭ ഉള്‍പ്പെടെ ചില നേതാക്കള്‍ വിട്ടു നിന്നത് ചൂണ്ടിക്കാട്ടി ഇവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനാണ് ഔദ്യോഗിക പക്ഷത്തിന്റെ നീക്കം.
ചിലരെല്ലാം പ്രചാരണ രംഗത്തു നിന്ന് വിട്ടുനിന്നെന്നും ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത് ഇതിന്റെ സൂചനയാണ്. തന്നെ മാറ്റാനുളള ശ്രമം മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ പിന്തുണയോടെ ശോഭയുടെ നേതൃത്വത്തില്‍ ശക്തമാക്കിയിരിക്കെയാണ് സുരേന്ദ്രന്‍ അച്ചടക്ക നടപടി ഭീഷണി മുഴക്കിയത്.
കെ.സുരേന്ദ്രനെ ലക്ഷ്യമിട്ട് പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള വിഭാഗവും കരുക്കള്‍ നീക്കുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് അവകാശപ്പെട്ട തിരുവനന്തപുരം കോര്‍പറേഷനിലെ തിരിച്ചടിയും മറ്റ് സ്ഥലങ്ങളിലെ അവകാശവാദങ്ങള്‍ പൊളിഞ്ഞതും സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകയാണെന്ന് വിമത വിഭാഗങ്ങള്‍ ആരോപിക്കുന്നു. മുതിര്‍ന്ന നേതാക്കള്‍ വരെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് സംഘടനാതലത്തിലെ പിഴവുകൊണ്ടാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യം വ്യക്തമാക്കി സംസ്ഥാന അധ്യക്ഷനെതിരേ കേന്ദ്രനേതൃത്വത്തിന് കത്തയച്ച് ഇടപെടല്‍ കാത്തിരിക്കുകയാണ് വിമതപക്ഷം.
തെരഞ്ഞെടുപ്പിലെ അവകാശവാദം പൊളിഞ്ഞതോടെ ഇവര്‍ വീണ്ടും സുരേന്ദ്രനെതിരേ കേന്ദ്രത്തെ സമീപിക്കുകയായിരുന്നു. തര്‍ക്കങ്ങള്‍ തീര്‍ക്കാതെ തെരഞ്ഞെടുപ്പിനെ നേരിട്ടത് ശരിയായില്ലെന്ന അഭിപ്രായം ബി.ജെ.പിയില്‍ ശക്തമാണ്. പ്രചാരണത്തിലെ പിഴവുകള്‍ എല്‍.ഡി.എഫിന് ഗുണം ചെയ്‌തെന്നും വിമതനേതാക്കള്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
സംസ്ഥാന ഘടകത്തിലെ പുനസംഘടയില്‍ പ്രതിഷേധിച്ച് ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗം തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. ശോഭ സുരേന്ദ്രനെ അനുകൂലിക്കുന്ന പി.എം വേലായുധന്‍, ജെ.ആര്‍ പദ്മകുമാര്‍ അടക്കമുളള നേതാക്കളും പ്രചാരണത്തില്‍ സജീവമായില്ല. വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെയാണ് ശോഭ പാര്‍ട്ടി പ്രവര്‍ത്തന രംഗത്തു നിന്നും മാറി നില്‍ക്കുന്നതെന്ന് സംസ്ഥാന നേതൃത്വം ആര്‍.എസ്.എസ് സംസ്ഥാന ഘടകത്തെയും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ ചിലര്‍ പ്രവര്‍ത്തിച്ചില്ല എന്നത് സത്യമാണെന്നും പക്ഷേ അതൊന്നും തെരഞ്ഞെടുപ്പ് ഫലത്തെ ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ലെന്നും കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു.
സുരേന്ദ്രനെതിരായ നീക്കത്തില്‍ കൃഷ്ണദാസ് പക്ഷവും ഉണ്ടെങ്കിലും ഇവര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നു. അതേസമയം തങ്ങളെ അവഗണിക്കുന്നുവെന്ന പരാതി പരിഹരിക്കാത്തതിനാലാണ് പ്രചാരണത്തിന് ഇറങ്ങാതിരുന്നതെന്നും ഇക്കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നുമാണ് ശോഭ സുരേന്ദ്രന്‍ അനുകൂലികള്‍ പറയുന്നത്.
കഴിഞ്ഞ ദിവസം സഭാ തര്‍ക്ക വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കണ്ട മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള കേരളത്തിലെ സംഘടനാ കാര്യവും സൂചിപ്പിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തിലുള്ള അതൃപ്തി അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചതായാണ് വിവരം.
ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍പോര് കടുക്കുന്നതിനെ ആശങ്കയോടെയാണ് ദേശീയ നേതൃത്വവും വീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."