കളിയാട്ടം സമാപിച്ചു; പൊലിമ നഷ്ടപ്പെടാതെ കാര്‍ഷിക ചന്ത സജീവം
തിരൂരങ്ങാടി: മലബാറിലെ അറിയപ്പെടുന്ന മൂന്നിയൂര്‍ കോഴിക്കളിയാട്ടം അവസാനിച്ചെങ്കിലും കാര്‍ഷികചന്ത ഇപ്പോഴും സജീവമാണ്.
മുട്ടിച്ചിറ മുതല്‍ കളിയാട്ടക്കാവ് വരെ ഉണ്ടായിരുന്ന ചന്ത അടുത്തകാലത്തായി തലപ്പാറ, മുട്ടിച്ചിറ ഭാഗങ്ങളില്‍ സജീവമാകുകയായിരുന്നു. ചന്ത ആഴ്ചകള്‍ നീണ്ടുനില്‍ക്കും. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പണ്ടു മുതലേ ആളുകള്‍ ചന്തയ്ക്ക് എത്തിയിരുന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, ഉപകരണങ്ങള്‍, വിത്തുകള്‍, ആയുധങ്ങള്‍, വീട്ടുപകരണങ്ങള്‍, മണ്‍പാത്രങ്ങള്‍, മത്സ്യബന്ധന വസ്തുക്കള്‍, കരിമ്പന ഓലയും മുളയും ഉപയോഗിച്ച് നിര്‍മിക്കുന്ന തൊപ്പിക്കുട, മുളയില്‍ തീര്‍ത്ത കുട്ടകള്‍ തുടങ്ങിയവയാണ് പ്രധാന കച്ചവട സാധനങ്ങള്‍. വാഴക്കന്നുകള്‍, തെങ്ങിന്‍ തൈകള്‍, കിഴങ്ങുവര്‍ഗങ്ങള്‍, ഇവയുടെ വിത്തുകള്‍, ഫലവൃക്ഷ തൈകള്‍, അലങ്കാര ചെടികള്‍, ഔഷധ സസ്യങ്ങള്‍, പച്ചക്കറി വിത്തുകള്‍, മത്സ്യം തുടങ്ങിയവയാണ് കാര്‍ഷിക ചന്തയിലെ പ്രധാന ഇനങ്ങള്‍. കളിയാട്ടം കഴിയുന്നതോടെ ആരംഭിക്കുന്ന മഴക്കാലത്ത് ഉപയോഗിക്കാനുള്ള വസ്തുക്കള്‍ മുഴുവന്‍ പഴമക്കാര്‍ കരുതി വെച്ചിരുന്നത് കളിയാട്ടക്കാവിലെ കാര്‍ഷിക ചന്തയില്‍നിന്നുമായിരുന്നു. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ ലഭിക്കുന്ന ചന്തയാണ് കളിയാട്ടച്ചന്ത എന്നാണ് പ്രമാണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."