വേഗതാ നിയന്ത്രണ സംവിധാനങ്ങളില്ല; ദേശീയപാത കുരുതിക്കളം
തിരൂരങ്ങാടി: റോഡ് വീതികൂട്ടിയിട്ടും വേഗതാ നിയന്ത്രണവും സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയില്ല. ദേശീയപാത കുരുതിക്കളമാകുന്നു. തിരൂരങ്ങാടി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട പൂക്കിപ്പറമ്പ് മുതല്‍ താഴെ ചേളാരി ഉള്‍പ്പെടുന്ന ദേശീയപാതയിലാണ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത്.
ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിക്ക് ദേശീയപാത അരീത്തോട് കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍കൂടി മരിച്ചു. ഇതോടെ പത്തുദിവസത്തിനകം ദേശീയപാതയില്‍ നടന്ന അപകടത്തില്‍ മരിച്ചവരുടെ എണ്ണംനാലായി. കോഴിക്കോട് ബാലുശ്ശേരി കിനാലൂര്‍ അമ്പലപ്പറമ്പില്‍ ഗോവിന്ദന്‍ നായരുടെ മകന്‍ ഷൈജു(43) ആണ് മരിച്ചത്. പ്രദേശത്ത് ചൊവ്വാഴ്ച ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചിരുന്നു. ഈ മാസം മാത്രമായി 19 അപകടങ്ങളിലായി ആറു പേരാണ് മരിച്ചത്.ഏതാനും ദിവസം മുന്‍പ് താഴെചേളാരിയില്‍ കാല്‍നടയാത്രികന്‍ കാറിടിച്ചും ബൈക്കില്‍ ലോറിയിടിച്ച് യുവാവും മരിച്ചിരുന്നു. 19ന് പുലര്‍ച്ചെ താഴെ ചേളാരിയില്‍ കെ.എസ് ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് തൃശൂര്‍ സ്വദേശികളായ രണ്ടു സ്ത്രീകളും മരിച്ചു. 22ന് കക്കാട് കാച്ചടിയില്‍ കാറും കര്‍ണാടക സര്‍ക്കാര്‍ ബസും കൂട്ടിയിടിച്ചു 2 പേര്‍ക്ക് പരുക്കുപറ്റി. ഈ അപകടത്തിന് ഒരാഴ്ച മുന്‍പ് കാച്ചടിയില്‍തന്നെ ബസും ക്വാളിസ് വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്കും സാരമായ പരുക്കേറ്റിരുന്നു. തിരൂരങ്ങാടി പൊലിസ് സ്റ്റേഷന്‍പരിധിയില്‍ ഈവര്‍ഷം അഞ്ചുമാസത്തിനിടെ 46 അപകടങ്ങളിലായി 14 ജീവനുകള്‍ പൊലിഞ്ഞു. കളിയാട്ടമുക്ക് കാരിയാട് പാലത്തില്‍നിന്നും കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു മൂന്നുപേരുടെ ഒഴികെ ബാക്കിയുള്ള മരണം നടന്നത് ദേശീയപാതയിലാണ്. തൃശൂര്‍ റേഞ്ച് ഐ.ജിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തലപ്പാറ മുതല്‍ താഴെ ചേളാരി വരെ അപകട രഹിതമേഖലയായി പ്രഖ്യാപിച്ച് പൊലിസ് നിരീക്ഷണം ശക്തമാക്കികൊണ്ടിരിക്കെയാണ് അപകട പരമ്പര. പ്രതിമാസം പൊലിസ് ഹെല്‍മെറ്റ്, ലൈസന്‍സ്, അമിതവേഗത തുടങ്ങിയ പരിശോധനയില്‍ ആയിരത്തോളം കേസുകളിലായി ലക്ഷങ്ങള്‍ പിഴ ഈടാക്കുന്നുണ്ട്.
ഈമാസം തന്നെ പിഴയിനത്തില്‍ 2,24,300 രൂപയാണ് ഈടാക്കിയത്. ദേശീയപാത ഇരുവശവും അഞ്ചടി വീതം വികസിപ്പിച്ചെങ്കിലും അപകടസാധ്യത ഇരട്ടിയായതായി ഈയിടെ ദേശീയപാത കാച്ചടിയില്‍ സന്ദര്‍ശനം നടത്തിയ ജില്ലാ ആര്‍.ടി.ഒ വിലയിരുത്തിയിരുന്നു. റോഡ് വീതികൂട്ടുമ്പോള്‍ ഡിവൈഡര്‍, മുന്നറിയിപ്പ് സംവിധാനങ്ങള്‍ തുടങ്ങിയവ ഒരുക്കേണ്ടതുണ്ട്. എന്നാല്‍ നിര്‍ദേശിക്കപ്പെട്ടിട്ടും ദേശീയപാതയുടെ അപകട മേഖലകളില്‍ ഇത് ഒരുക്കിയിട്ടില്ല. അപകട മേഖലകളില്‍ സൂചന ബോര്‍ഡുകള്‍, വേഗനിയന്ത്രണ സംവിധാനങ്ങള്‍,ഹമ്പുകള്‍ തുടങ്ങിയവ സ്ഥാപിക്കണമെന്ന് മാസങ്ങള്‍ക്ക് മുന്‍പ് മോട്ടോര്‍ വാഹനവകുപ്പ്, റവന്യു വിഭാഗം, പൊലിസ്, ദേശീയപാത അതോറിറ്റി തുടങ്ങിയവര്‍ ചേര്‍ന്ന് തയാറാക്കി സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ ഇതുവരെ നടപടികളായില്ല.
അപകടങ്ങള്‍ തുടരുന്നതിനാല്‍ മണല്‍ നിറച്ച ടാര്‍വീപ്പകള്‍ സ്ഥാപിക്കാനുള്ള അനുമതിതേടി ആര്‍.ടി.ഒ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. കര്‍ശന നടപടികള്‍ കൈക്കൊണ്ടിട്ടും അപകടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കാത്തത് റോഡില്‍ സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും അശ്രദ്ധയുമാണെന്നാണ് പൊലിസിന്റെയും വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."