ചാലക്കുടിയില്‍ കൊടുങ്കാറ്റില്‍ വ്യാപക നാശം
ചാലക്കുടി: കനത്ത കാറ്റിലും മഴയിലും ചാലക്കുടി മേഖലയില്‍ കനത്ത നാശം. നിരവധി മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതിത്തൂണുകള്‍ പലയിടത്തും മറിഞ്ഞ് വീണിരിക്കുകയാണ്. ചാലക്കുടി മേഖലയിലെ വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചു. നിരവധി കെട്ടിടങ്ങളുടെ ഷീറ്റ് മേഞ്ഞ മേല്‍ക്കൂരകള്‍ കാറ്റില്‍ നിലംപതിച്ചു. മരങ്ങളും ഷീറ്റുകളും റോഡില്‍ വീണതിനെ തുടര്‍ന്ന് പലയിടത്തും ഗതാഗതവും തടസമായി. ചാലക്കുടിയിലെ സിനിമാ തിയേറ്ററിന് മുകളില്‍ ഹാസബറ്റോസ് ഷീറ്റ് കാറ്റില്‍ പൊങ്ങിയതിനെ തുടര്‍ന്ന് മഴവെള്ളം തിയ്യേറ്ററിനുകത്തേക്ക് ഒഴുകിയെത്തി.
പള്ളി റോഡില്‍ സ്വകാര്യ കെട്ടിടത്തിന്റെ മുകളില്‍ നിന്നുള്ള ഷീറ്റ് റോഡിലേക്ക് പതിച്ചു. ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതം നിലച്ചു. പോലിസ് സ്റ്റേഷന്റെ മുകളിലത്തെ നിലയിലെ ഷീറ്റ് പറന്ന് പോയി. മഴ നനഞ്ഞ് നിരവധി ഫയലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആനമല ജങ്ഷനില്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നുള്ള ഷീറ്റ് റോഡിലേക്ക് വീണ് കാറിന് കേടുപാടുകള്‍ സംഭവിച്ചു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെ ഷീറ്റും കാറ്റില്‍ പറന്നുപോയി. നിരവധി വാഹനങ്ങളും കാറ്റില്‍ മറിഞ്ഞ് വീണിട്ടുണ്ട്. മരങ്ങള്‍ മറിഞ്ഞ് വീണ് നിരവധി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നിരവധി മരങ്ങള്‍ മറിഞ്ഞ് റോഡിലേക്ക് വീണു. ആര്‍ക്കും ആളപായമുണ്ടായിട്ടില്ല. ടൗണ്‍ മേഖലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുള്ളത്. വൈദ്യുതി ബന്ധം ഇതുവരേയും പുനസ്ഥാപിക്കാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."