അപകടങ്ങള്‍ ഒഴിയാതെ പെരുമ്പിലാവ്
ചങ്ങരംകുളം: ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ പെരുമ്പിലാവ് വാഹനാപകടങ്ങളും മരണങ്ങളും മൂലം കുരുതിക്കളമാകുന്നു. ദിവസേന നിരവധി അപകടങ്ങളാണ് പെരുമ്പിലാവിനും കടവല്ലൂരിനുമിടയ്ക്ക് ഉണ്ടാകുന്നത്.
പത്ത് ദിവസങ്ങള്‍ക്കിടെയുണ്ടായ അപകടങ്ങളില്‍ മരിച്ചത് ആറുപേരാണ്. കല്ലുംപുറത്ത് രണ്ട് അപകടങ്ങളിലായി രണ്ട് മരണങ്ങളും നടന്നത് ഏകദേശം ഒരേയിടത്തായി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ്. മേയ് 15നാണ് ബന്ധുവീട്ടില്‍ വിവാഹനിശ്ചയത്തിനെത്തിയ പെരിങ്ങാട് സുബ്രഹ്മണ്യന്റെ ഭാര്യ സരസ്വതി (55) ബസിടിച്ചു മരിച്ചത്. വാഹനമിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ കോഴിക്കോട് ഭാഗത്തുനിന്നു വന്ന ബസ് ഇവരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. വ്യാഴാഴ്ച റോഡ് മുറിച്ചുകടക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ കടവല്ലൂര്‍ കൊപ്പറമ്പത്ത് മോഹനന്‍ (54) ട്രാവലര്‍ ഇടിച്ചു മരിച്ചു.
വെള്ളിയാഴ്ച പെരുമ്പിലാവിലുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതിനുപുറമെ നിരവധി അപകടങ്ങളിലായി പരുക്കേറ്റവര്‍ വേറെയും. ഒട്ടുമിക്ക അപകടങ്ങള്‍ക്കും കാരണം വാഹനങ്ങളുടെ അമിതവേഗം തന്നെയാണ്. അശ്രദ്ധമായി വാഹനങ്ങള്‍ ഓടിക്കുന്നതും ദീര്‍ഘദൂര ബസുകളുടെയും ടിപ്പര്‍ ലോറികളുടെയും മരണപ്പാച്ചിലും അപകടങ്ങള്‍ക്കിടയാക്കുണ്ട്. കാഴ്ച മറയ്ക്കുന്നതും വളവുകളും കയറ്റവും അപകടത്തോത് ഉയര്‍ത്തുന്നു. തൃശ്ശൂര്‍, കോഴിക്കോട്, ചാലിശ്ശേരി, പഴഞ്ഞി റോഡുകള്‍ ചേരുന്ന കല്ലുംപുറം ജങ്ഷന്റെ വീതിക്കുറവും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇതിനുപുറമെയാണ് തൃശ്ശൂര്‍ ഭാഗത്തേക്ക് പോകേണ്ടവര്‍ക്കായി ജങ്ഷന് സമീപം സ്ഥാപിച്ചിട്ടുള്ള ബസ് കാത്തിരിപ്പുകേന്ദ്രം.
ഇവിടെ ബസ് നിര്‍ത്തുമ്പോള്‍ ചാലിശ്ശേരി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ക്ക് തൃശ്ശൂര്‍ റോഡിലേക്കുള്ള കാഴ്ച പൂര്‍ണമായും മറയുന്നു. ഇത് വാഹനങ്ങള്‍ മുന്നോട്ടെടുക്കുന്നതിനും അപകടത്തിനും കാരണമാകുന്നു. ഇതുപോലെത്തന്നെയാണ് കോഴിക്കോട് ഭാഗത്തുനിന്ന് കയറ്റം കയറി വരുന്ന വാഹനങ്ങളെ ചാലിശ്ശേരി, പഴഞ്ഞി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ക്ക് കാണാനാവാത്തതും.
കോഴിക്കോട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളെ കാണാനാകാത്തതിനാല്‍ ഇവിടെനിന്നുള്ള വാഹനങ്ങള്‍ മുന്നോട്ടെടുക്കുന്നത് അപകടത്തിലേക്കാവുന്നു. വേഗം നിയന്ത്രിക്കാനാവശ്യമായ സംവിധാനം വേണമെന്നതും സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്നതും ഏറെനാളായുള്ള ആവശ്യമാണ്. റോഡ് നിര്‍മാണഘട്ടത്തില്‍ റൗണ്ടും ഡിവൈഡറും ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും എല്ലാം കടലാസിലൊതുങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."