സമരം ശക്തമാക്കി കെ.എസ്.യു; ക്ലിഫ് ഹൗസിന് മുന്നിലും പ്രതിഷേധം
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജ് വിഷയത്തില്‍ സമരം ശക്തമാക്കി കെ.എസ്.യു ഇന്നലെ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പുറമെ അതീവ സുരക്ഷാമേഖലയായ ക്ലിഫ് ഹൗസിന് മുന്നിലും കെ.എസ്.യു പ്രതിഷേധവുമായെത്തി.
തുടര്‍ച്ചയായി മൂന്നാംവട്ടമാണ് കെ.എസ്.യു നേതാക്കള്‍ അതീവസുരക്ഷാ മേഖലയില്‍ പ്രതിഷേധവുമായെത്തുന്നത്. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെയും മന്ത്രി കെ.ടി ജലീലിന്റെയും ഓഫിസിന് മുന്നില്‍ കെ.എസ്.യു നേതാക്കള്‍ നേരത്തേ പ്രതിഷേധവുമായെത്തിയിരുന്നു.
കെ.എസ്.യു നേതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നില്‍ കെ.എസ്.യു വനിതാ നേതാക്കള്‍ എത്തിയത്.
സംസ്ഥാന, ജില്ലാ ഭാരവാഹികളായ ആര്‍.വി സ്‌നേഹ, അഭിരാമി, സജ്‌ന ബി. സാജന്‍, ദേവിക, പ്രിയങ്ക ഫിലിപ്പ് എന്നിവരാണ് ക്ലിഫ് ഹൗസിന് മുന്നിലെത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുന്നതിനായാണ് വനിതാ നേതാക്കള്‍ എത്തിയത്.
മുഖ്യമന്ത്രിയെ കാണണമെന്ന് ഇവര്‍ പൊലിസിനോട് ആവശ്യപ്പെട്ടു. അനുമതി നല്‍കാത്തതിനെത്തുടര്‍ന്ന് മുദ്രാവാക്യംവിളിച്ച് തള്ളിക്കയറാന്‍ ശ്രമിച്ചു. ഷീല്‍ഡ് ഉപയോഗിച്ച് പൊലിസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്.
പത്ത് മിനിറ്റിനുശേഷം ഒരു വനിതാ പൊലിസ് എത്തിയാണ് നാലുപേരെയും നീക്കംചെയ്തത്. അറസ്റ്റ് ചെയ്ത ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വനിതാ പ്രവര്‍ത്തകരെ പൊലിസ് ലാത്തികൊïടിച്ചെന്നും കുത്തിപ്പരിക്കേല്‍പ്പിച്ചെന്നും കെ.എസ്.യു നേതാക്കള്‍ ആരോപിച്ചു. പൊലിസ് മര്‍ദിച്ചെന്നാരോപിച്ച് ഡി.ജി.പിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കിയതായും നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."