സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം പദ്ധതി ഫണ്ട് വെട്ടിക്കുറച്ചേക്കും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പദ്ധതി ഫണ്ടില്‍ നിന്ന് 35 ശതമാനം വെട്ടിക്കുറയ്ക്കാനൊരുങ്ങി ധനവകുപ്പ്.
നികുതിയിനത്തില്‍ പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതും കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമാണ് പദ്ധതി ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ ധനവകുപ്പിനെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച ചേര്‍ന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ പ്ലാന്‍ ഫണ്ട് വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്തിരുന്നു. ഇതുസംബന്ധിച്ച ധനവകുപ്പിന്റെ ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയിരിക്കുകയാണ്. പദ്ധതിച്ചെലവ് വെട്ടിക്കുറയ്ക്കുന്നതില്‍ മുഖ്യമന്ത്രിക്ക് അനുകൂല തീരുമാനമില്ലെന്നാണ് സൂചന. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വേറെ വഴിയില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്.
കഴിഞ്ഞവര്‍ഷം മഹാപ്രളയമുണ്ടായപ്പോള്‍ പൊതുമരാമത്ത്, ജലസേചനം ഒഴികെയുള്ള വകുപ്പുകളുടെ പദ്ധതിച്ചെലവില്‍ നിന്ന് 20 ശതമാനം വെട്ടിക്കുറച്ചിരുന്നു. ഓരോ സാമ്പത്തിക വര്‍ഷവും വരുമാനം കുറയുകയും ചെലവ് വര്‍ധിക്കുകയുമാണ്. ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെ നല്ലൊരു തുക തന്നെ മാസം വേണ്ടിവരും. ഇതുകൂടാതെ ഓരോ വര്‍ഷവും വായ്പയെടുത്തതിന് പലിശയിനത്തില്‍ കോടികള്‍ അടയ്‌ക്കേണ്ടിയും വരുന്നു.
നേരത്തേ ഒരു സാമ്പത്തികവര്‍ഷം കേന്ദ്രം അനുവദിച്ചിരുന്ന വായ്പാപരിധി 24,000 കോടിയായിരുന്നു. എന്നാല്‍, ഈ സാമ്പത്തികവര്‍ഷം 6,000 കോടി രൂപ വെട്ടിക്കുറച്ചു. ഇപ്പോള്‍ 18,000 കോടി രൂപ മാത്രമേ വായ്പയെടുക്കാനാകൂ. പദ്ധതിഫണ്ട് വിനിയോഗിക്കേണ്ട ആദ്യപാദം കഴിഞ്ഞ 30നാണ് തീര്‍ന്നത്. ഓരോ വകുപ്പിലും ആദ്യപാദത്തില്‍ 16 ശതമാനം ഫണ്ടാണ് ചെലവഴിക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, പല വകുപ്പുകളും പരിധികടന്നും ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്. ഈ വകുപ്പുകളുടെ ബില്ലുകള്‍ ധനവകുപ്പ് തടഞ്ഞിരിക്കുകയാണ്. എല്ലാ വകുപ്പുകളും ചേര്‍ന്ന് ആദ്യപാദം ചെലവിട്ടത് 8.86 ശതമാനമാണെങ്കിലും വൈദ്യുതി, പൊതുമരാമത്ത്, ഗതാഗതം, സഹകരണം തുടങ്ങിയ പ്രധാന വകുപ്പുകള്‍ ഇതിനകംതന്നെ 16 ശതമാനം കടന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."