വ്യാജ കായിക സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഡി.പി.ഐയും
സ്വന്തം ലേഖകന്‍
കൊല്ലം: തിരുവനന്തപുരത്ത് പൊതുവിദ്യാഭ്യാസ വകുപ്പും(ഡി.പി.ഐ) സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും കേന്ദ്രീകരിച്ച് വ്യാജ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി മാഫിയ പ്രവര്‍ത്തിക്കുന്നെന്ന ആരോപണം ശക്തമാകുന്നു. യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളിലൊരാളായ ശിവരഞ്ജിത്തിന്റെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആര്‍ച്ചറിയിലെ വ്യാജ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് വിവാദമായ പശ്ചാത്തലത്തിലാണ് ആരോപണം ശക്തമാകുന്നത്.
സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പത്തുവര്‍ഷം വരെയുള്ള സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കണമെന്ന സര്‍ക്കാര്‍ നിയമംപോലും അട്ടിമറിക്കപ്പെടുന്നത് വ്യാജ സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് കായിക ഇനങ്ങളില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഡി.പി.ഐയും സ്‌പോര്‍ട്‌സ് കൗണ്‍സിലും വിശദമായി പരിശോധിച്ചശേഷമാണ് അംഗീകാരം നല്‍കുന്നത്. എന്നാല്‍ ഇതിന് വിരുദ്ധമായാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സീല്‍ പോലും ഇല്ലാതെ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
ഇതിനിടെ സൗത്ത് സോണ്‍ റൈഫിള്‍ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പിലെ വിജയികള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് ഉപരിപഠനത്തിന് ഗ്രേസ് മാര്‍ക്ക് നേടിയ സംഭവത്തില്‍ കൊല്ലം വെസ്റ്റ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേരള റൈഫിള്‍ അസോസിയേഷന്‍ മുന്‍ സംസ്ഥാന സെക്രട്ടറി എറണാകുളം സ്വദേശി വി.സി ജെയിംസ്, വ്യാജ സര്‍ട്ടിഫിക്കറ്റിലൂടെ ഗ്രേസ് മാര്‍ക്ക് നേടിയ പാലക്കാട് സ്വദേശിനിയായ വിദ്യാര്‍ഥിനി എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. കൊല്ലം ജില്ലാ റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറി സജു.എസ്. ദാസ് സംസ്ഥാന പൊലിസ് മേധാവിക്ക് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ വെസ്റ്റ് പൊലിസിന് നിര്‍ദേശം നല്‍കിയത്.
ചാംപ്യന്‍ഷിപ്പ് വിജയികള്‍ക്ക് റൈഫിള്‍ അസോസിയേഷന്റെ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് ഒരാഴ്ച മുന്‍പ് വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം നടന്നിരുന്നു. വിവിധ ജില്ലകളില്‍നിന്നുള്ള 12 കുട്ടികള്‍ക്കായി 32 സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മിച്ചെന്നാണ് പരാതിയിലുള്ളത്. സംസ്ഥാന റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറിയുടെ ഒപ്പോടു കൂടിയ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് കുട്ടികളില്‍ പലരും ഉപരി പഠനത്തിന് ഗ്രേസ് മാര്‍ക്ക് നേടിയിരുന്നു. ഒന്നര വര്‍ഷം മുന്‍പ് നല്‍കിയ പരാതി അന്ന് അവഗണിച്ച പൊലിസ് ഉന്നതര്‍ യൂനിവേഴ്‌സിറ്റി കോളജിലെ മുന്‍ എസ്.എഫ്.ഐ നേതാക്കളുടെ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് തയാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."