ജോലി സംരക്ഷണത്തിനായി പ്രക്ഷോഭത്തിന് രൂപംനല്‍കും: കെ.എസ്.ടി.യു
മലപ്പുറം: അധ്യാപകരുടെ ശമ്പളത്തിനും ജോലി സംരക്ഷണത്തിനും ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപംനല്കാന് മലപ്പുറത്തു ചേര്‍ന്ന കെ.എസ്.ടി.യു സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു. പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദ് അധ്യക്ഷനായി.
കഴിഞ്ഞ ജൂണ്‍ മുതല്‍ ഒരു വര്‍ഷമായി നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് നിയമന അംഗീകാരവും ശമ്പളവും നല്കാന് സര്‍ക്കാര്‍ തയാറായിട്ടില്ല. പുതുതായി അനുവദിച്ച ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ തസ്തിക നിര്‍ണയ നടപടികള്‍ സ്വീകരിക്കുന്നില്ല.
എ.ഐ.പി വിദ്യാലയങ്ങളില്‍ ഉള്‍പ്പെടെ അധിക തസ്തികകളില്‍ തസ്തിക നിര്‍ണയം നടത്താന്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും സംഘടന കുറ്റപ്പെടുത്തി.
സര്‍ക്കാരിന്റെ ധൃതിപിടിച്ചുള്ള കെ.ഇ.ആര് പരിഷ്ക്കരണം സംസ്ഥാനത്തെ എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ ജോലി സംരക്ഷണത്തെ പ്രതികൂലമായി ബാധിച്ചു. കെടെറ്റ്് താല്‍ക്കാലിക ഇളവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും പിന്നോക്ക വിഭാഗങ്ങളുടെ മാര്ക്കിളവിനും മുന്‍കാല പ്രാബല്യത്തിനും നടപടിയായില്ല.
അധ്യാപക സര്‍വിസ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. എസ്.ഇ.ആര്.ടി.ഇയെ ഉപയോഗിച്ച് സംസ്ഥാനത്തെ പാഠ്യപദ്ധതി അട്ടിമറിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ജൂണ്‍ 15ന് കെ.എസ്.ടി.യു അവകാശ ദിനമായി ആചരിക്കും.
ജനറല്‍ സെക്രട്ടറി എ.കെ സൈനുദ്ദീന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികളായ ഹമീദ് കൊമ്പത്ത്, വി.കെ മൂസ, വി.കെ ഹംസ, അബ്ദുല്ല വാവൂര്, പി.കെ.എം ശഹീദ്, പി.കെ അസീസ്, എന്‍.എ ഇസ്മായില്‍, എം.പി.കെ അഹമ്മദ് കുട്ടി, എം. അഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."