രാജ്കുമാറിന്റെ മരണം: മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും
ജുഡീഷ്യല്‍ കമ്മിഷന്‍ പീരുമേട്
സബ് ജയിലില്‍ തെളിവെടുത്തു
തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക്കേസില്‍ രാജ്കുമാറിന്റെ മൃതദേഹം ഒരാഴ്ചയ്ക്കകം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യുമെന്ന് ജൂഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്. ജയിലിലെയും ഡോക്ടര്‍മാരുടെയും വീഴ്ചകളെപറ്റി വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കമ്മിഷന്‍ പീരുമേട് സബ് ജയിലിലും, താലൂക്ക് ആശുപത്രിയിലുമെത്തി തെളിവെടുത്തു. ജനനേന്ദ്രിയത്തില്‍ പൊലിസുകാര്‍ ഈര്‍ക്കില്‍ കയറ്റി പീഡിപ്പിച്ച കാര്യം രാജ്കുമാര്‍ പറഞ്ഞുവെന്ന് സഹതടവുകാരന്‍ മൊഴി നല്‍കി.
ജയിലില്‍ മര്‍ദനമേറ്റില്ലെന്നും എന്നാല്‍ ചികിത്സാ വീഴ്ചയെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും കമ്മിഷന്‍ വ്യക്തമാക്കി. ജയില്‍ വകുപ്പ് ഇക്കാര്യത്തില്‍ നടത്തിയ വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ടും ആവശ്യപ്പെടും. രാജ്കുമാറിനെ ജയിലില്‍ നിന്ന് ചികിത്സക്കായി കൊണ്ടുപോയ പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ നിന്ന് കമ്മിഷന്‍ വിശമായി മൊഴിയെടുത്തു.
നെടുങ്കണ്ടം കേസിലെ ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വീഴ്ചകളുണ്ടെന്ന നിരീക്ഷണത്തിലാണ് ജുഡീഷ്യല്‍ കമ്മിഷന്‍ റീപോസ്റ്റുമോര്‍ട്ടം ആവശ്യപ്പെട്ടത്. റീപോസ്റ്റുമോര്‍ട്ടത്തിനുള്ള ഡോക്ടര്‍മാരുടെ സംഘം സംബന്ധിച്ച് ധാരണയായി. ഇക്കാര്യത്തില്‍ ഉടന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങും. രാജ്കുമാറിന്റെ മോശം അവസ്ഥ കണ്ടെത്താന്‍ കോട്ടയം മെഡിക്കല്‍ കോളജ്, നെടുങ്കണ്ടം, പീരുമേട് താലൂക്ക് ആശുപത്രികള്‍ക്കായില്ല. ഇത് ഗുരുതര വീഴ്ചയാണെന്നും ജസ്റ്റിസ്. നാരായണക്കുറുപ്പ് പറഞ്ഞു. കമ്മിഷന്‍ അടുത്ത ദിവസം തന്നെ രാജ്കുമാറിന്റെ കോലാഹലമേട്ടിലെ വീടും മൃതദേഹം അടക്കിയ സെന്റ് സെബാസ്റ്റിയന്‍ പള്ളിയും സന്ദര്‍ശിക്കും.
അതേസമയം രാജ്കുമാറിന്റെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. പ്രാകൃതമായ മര്‍ദനമാണ് നടന്നതെന്നും ഇതില്‍ കുറ്റക്കാരായ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇത് തിങ്കളാഴ്ച പരിഗണിക്കും. നിലവില്‍ ക്രൈംബ്രാഞ്ച്, ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."