കര്‍ഷക സമരം തണുപ്പിക്കാന്‍ ഗുരുദ്വാരയില്‍ പ്രധാനമന്ത്രി; രോഷം കടുപ്പിച്ചു കര്‍ഷകര്‍
ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ സമരം തണുപ്പിക്കുന്നതിന് അപ്രതീക്ഷിതമായി ഡല്‍ഹിയിലെ റഖബ് ഗഞ്ച് ഗുരുദ്വാര സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സിഖ് ഗുരു തേജ്ബഹദൂറിന്റെ മൃതദേഹം സംസ്‌കരിച്ച സ്ഥലമാണ് റഖബ് ഗഞ്ച് ഗുരുദ്വാര. താന്‍ ഗുരുദ്വാരയിലെത്തി പ്രാര്‍ഥന നടത്തിയ വിവരം ഫോട്ടോ സഹിതം പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി ഗുരുദ്വാര സന്ദര്‍ശിച്ചത്. വളരെ അധികം അനുഗ്രഹിക്കപ്പെട്ടതായി അനുഭവപ്പെട്ടുവെന്നും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെപ്പോലെ താനും ശ്രീ ഗുരു തേജ്ബഹാദൂര്‍ ജിയുടെ കരുണയില്‍ പ്രചോദിതനാണെന്നും പിന്നാലെ മോദി ട്വിറ്ററില്‍ കുറിച്ചു.
അതിനിടെ സമരം 25 ദിവസം പിന്നിട്ടതോടെ പ്രക്ഷോഭത്തിനു വീര്യം കൂട്ടാന്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. മഹാരാഷ്ട്രയില്‍നിന്ന് അയ്യായിരത്തോളം കര്‍ഷകര്‍ തിങ്കളാഴ്ച പുറപ്പെടും.
ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാസിക് ഗോള്‍ഫ് ക്ലബില്‍ ഒത്തുചേരുന്ന കര്‍ഷകര്‍ വാഹനജാഥയായി 1,200 കിലോമീറ്റര്‍ സഞ്ചരിച്ച് 24ന് ഡല്‍ഹിയില്‍ എത്തും.
പഞ്ചാബ്, ഹരിയാന, യു.പി എന്നിവയ്ക്കു പുറമേ മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുകൂടി കര്‍ഷകരെത്തുന്നതോടെ ഡല്‍ഹിയിലേക്കുള്ള കൂടുതല്‍ പാതകള്‍ വരും ദിവസങ്ങളില്‍ തടയുമെന്നു കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പു നല്‍കി.
പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധക്കാരെ വഴി തെറ്റിക്കുകയാണെന്ന കേന്ദ്രസര്‍ക്കാരിന്റെ ആരോപണം ഇന്നലെ കര്‍ഷക സംഘടനകള്‍ തള്ളി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും കര്‍ഷകര്‍ക്ക് ബന്ധമില്ലെന്നു കാട്ടി ഓള്‍ ഇന്ത്യന്‍ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനും കത്തയച്ചു.
ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ചര്‍ച്ചകള്‍ക്കു വീണ്ടും വഴിയൊരുങ്ങുമെന്നു ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. കൃഷിമന്ത്രി കര്‍ഷകരുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷായും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."