കാര്‍ഷിക നിയമഭേദഗതികള്‍ തള്ളും കേരളംകര്‍ഷകര്‍ക്കൊപ്പം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമഭേദഗതികള്‍ തള്ളി രാജ്യതലസ്ഥാനത്തെ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനൊരുങ്ങി കേരളം. ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന് നിയമഭേദഗതികള്‍ പ്രമേയംവഴി തള്ളാനാണ് തീരുമാനം.
ബുധനാഴ്ച രാവിലെ ഒരു മണിക്കൂറാണ് സഭ സമ്മേളിക്കുക. ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്ന് ഇതുസംബന്ധിച്ച ശുപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കും. മുഖ്യമന്ത്രിയാകും പ്രമേയം സഭയില്‍ അവതരിപ്പിക്കുക. സ്പീക്കറും പ്രതിപക്ഷ നേതാവും കക്ഷിനേതാക്കളും സംസാരിക്കും.
കര്‍ഷകസമരത്തിന് കേരളത്തിന്റെ ഐക്യദാര്‍ഢ്യവും സഭയില്‍ പ്രഖ്യാപിക്കും. കഴിഞ്ഞദിവസം ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനം വിവാദ കാര്‍ഷിക നിയമ ഭേദഗതികള്‍ക്കെതിരേ പ്രമേയം പാസാക്കുകയും പുതിയ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പുകള്‍ കീറിയെറിയുകയും ചെയ്തിരുന്നു.
പഞ്ചാബും രാജസ്ഥാനും നേരത്തെതന്നെ നിയമസഭാ സമ്മേളനം ചേര്‍ന്ന് പ്രമേയം പാസാക്കിയിരുന്നു.
പ്രത്യേക നിയമസഭാ സമ്മേളനത്തിനായുള്ള ആലോചനകള്‍ക്ക് മുന്‍പുതന്നെ വിവാദ നിയമങ്ങളെ സുപ്രിംകോടതിയില്‍ ചോദ്യംചെയ്യുന്നതിനുള്ള ഒരുക്കങ്ങളും കേരളം തുടങ്ങിയിരുന്നു. സംസ്ഥാനത്ത് ബദല്‍ നിയമം തയാറാക്കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും തല്‍ക്കാലം വേണ്ടെന്നാണു സര്‍ക്കാര്‍ നിലപാട്. കേന്ദ്ര നിയമങ്ങള്‍ക്കെതിരേ എന്തു നിലപാട് സ്വീകരിക്കണമെന്നതിനെക്കുറിച്ച് സര്‍ക്കാര്‍ നിയമവകുപ്പിന്റെ ഉപദേശം തേടിയിരുന്നു.
സുപ്രിംകോടതിയെ സമീപിക്കേണ്ടതുണ്ടോ, അതോ ബദല്‍ നിയമം തയാറാക്കണോ എന്നതാണ് പ്രധാനമായും ആരാഞ്ഞത്.
രണ്ടിനും അനുകൂല അഭിപ്രായമാണ് നിയമവകുപ്പ് നല്‍കിയത്. സുപ്രിംകോടതിയെ സമീപിക്കുന്നത് സംബന്ധിച്ച ആശയവിനിമയങ്ങള്‍ പുരോഗമിക്കുകയാണെന്ന് കൃഷിമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവന്നപ്പോള്‍ തന്നെ വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നടപ്പാക്കാന്‍ ഉത്തരവ് പുറത്തിറക്കിയെങ്കിലും കേരളം, പഞ്ചാബ്, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല.
ഇതിനെതിരേ പ്രധാനമന്ത്രിയുടെ ഓഫിസ് കത്തെഴുതിയെങ്കിലും കേന്ദ്ര ഓര്‍ഡിനന്‍സ് സമയബന്ധിതമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടുകളുണ്ടെന്നായിരുന്നു കേരളം മറുപടി നല്‍കിയത്. കോര്‍പറേറ്റുകളുടെയും ബഹുരാഷ്ട്ര കുത്തകകളുടെയും ചൂഷണങ്ങള്‍ക്ക് കര്‍ഷകരെ വിട്ടുകൊടുക്കാന്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും കേരളം പ്രധാനമന്ത്രിയുടെ ഓഫിസിന് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു.
പ്രക്ഷോഭത്തില്‍ പങ്കെടുത്ത
യുവ കര്‍ഷകന്‍ ജീവനൊടുക്കി
ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്ത യുവ കര്‍ഷകന്‍ ജീവനൊടുക്കി.
പഞ്ചാബിലെ ബത്തിന്‍ഡ ജില്ലയിലെ ദയാലപുര ഗ്രാമത്തില്‍ നിന്നുള്ള ഗുര്‍ലാഭ് സിങ് (22) ആണ് മരിച്ചത്.
പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്ന ഗുര്‍ലാഭ് സിങ് വെള്ളിയാഴ്ചയാണ് വീട്ടിലേക്ക് മടങ്ങിയത്. പിന്നീട് വിഷംകഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
ചെറുകിട കര്‍ഷകനായ ഗുര്‍ലാഭിന് ആറുലക്ഷം രൂപയുടെ ബാങ്ക് വായ്പയുണ്ട്.
ഇത് അടക്കുന്നത് സംബന്ധിച്ച് ആശങ്കയിലായിരുന്നു യുവാവെന്ന് അടുപ്പമുള്ളവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."