പ്രായപരിധിയിലുള്ള ഉദ്യോഗാര്‍ഥികള്‍ പ്രതിസന്ധിയില്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: എയിഡഡ് സ്‌കൂളുകളിലെ നിയമനാംഗീകാരം കാത്തിരിക്കുന്ന അധ്യാപകര്‍ ആശങ്കയില്‍. സ്‌കൂളുകള്‍ തുറന്നതിനു ശേഷം മാത്രം പുതിയ എയിഡഡ് നിയമനങ്ങള്‍ അംഗീകരിച്ചാല്‍ മതിയെന്ന നിലാപാടിലാണ് സര്‍ക്കാര്‍. ഈ വര്‍ഷം ജൂണില്‍ എയിഡഡ് സ്‌കൂളുകളില്‍ നിയമനാംഗീകാരത്തിന് യോഗ്യതയുള്ളവരും സ്‌കൂള്‍ ഇനി തുറക്കുമ്പോഴേയ്ക്ക് പ്രായപരിധി കഴിയുന്നവരുമായ അധ്യാപകരാണ് ഇതോടെ പ്രതിസന്ധിയിലായത്.
ജൂണ്‍ ഒന്ന് കണക്കാക്കിയാണ് സാധാരണഗതിയില്‍ എയിഡഡ് നിയമനങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നത്. ഓരോ സ്‌കൂളുകളിലെയും കുട്ടികളുടെ എണ്ണം കണക്കാക്കി ജൂലൈ 15 ഓടെ തസ്തിക നിര്‍ണയം നടക്കാറുണ്ട്. ഇതനുസരിച്ചാണ് എയിഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നത്. എന്നാല്‍ കൊവിഡ് പ്രതിസന്ധി കാരണം നടപ്പ് അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറക്കാത്തതിനാല്‍ തസ്തിക നിര്‍ണയവും നടന്നിരുന്നില്ല.
അതുകൊണ്ടു തന്നെ അധ്യാപകരുടെ നിയമനവും അംഗീകരിക്കപ്പെട്ടിട്ടില്ല. സ്‌കൂള്‍ തുറന്നതിനു ശേഷം മാത്രമേ തസ്തിക നിര്‍ണയം നടത്താന്‍ കഴിയൂ. സ്‌കൂളുകള്‍ ഔദ്യോഗികമായി എന്നു തുറക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും നിശ്ചയമില്ല. ഈ സാഹചര്യത്തിലാണ് പുതിയ തസ്തികയിലേക്കുള്ള എയിഡഡ് അധ്യാപക നിയമനങ്ങള്‍ അനിശ്ചിതാവസ്ഥയിലായത്. ഇത് എയിഡഡ് സ്‌കൂളുകളില്‍ പുതിയതായി നിയമനം നേടിയ അധ്യാപകരില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
അധ്യാപക നിയമനം നേടുന്നതിന്റെ പരമാവധി പ്രായപരിധിയില്‍ എത്തിയിട്ടുള്ളവരാണ് പ്രതിസന്ധിയിലായത്.
കഴിഞ്ഞ ജൂണ്‍ ഒന്നുമുതല്‍ നിയമനം ലഭിക്കുന്നതിന് പ്രായപരിധി തടസമാകാത്തവരും എന്നാല്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ പ്രായം അധികരിക്കുന്നവരുമാണവര്‍.
ഇത്തരത്തില്‍ ഡിസംബര്‍ 20ന് ജന്മദിനമായുള്ള ഒരാളെ സംബന്ധിച്ചിടത്തോളം വരുന്ന 20നുള്ളില്‍ നിയമനാംഗീകാരം ലഭിച്ചില്ലെങ്കില്‍ അയാള്‍ക്ക് പിന്നീട് നിയമനാംഗീകാരം ലഭിക്കാന്‍ പ്രായം തടസമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."