ഇടുക്കി രണ്ടാം വൈദ്യുത നിലയം; വാണിജ്യ സാധ്യതാ റിപ്പോര്‍ട്ടായി
തൊടുപുഴ: സംസ്ഥാനത്തിന്റെ പീക്ക് ലോഡ് വൈദ്യുതി ആവശ്യം മുന്‍നിര്‍ത്തി സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന ഇടുക്കി രണ്ടാം വൈദ്യുതി നിലയത്തിന്റെ വാണിജ്യ സാധ്യത റിപ്പോര്‍ട്ട് തയാറായി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വാപ്‌കോസ് (വാട്ടര്‍ ആന്‍ഡ് പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വിസസ്) തയാറാക്കിയ റിപ്പോര്‍ട്ട് സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോരിറ്റി (സി.ഇ.എ) യുടെ ക്ലിയറന്‍സിനായി സമര്‍പ്പിച്ചു. ക്ലിയറന്‍സ് ലഭിച്ചതിനു ശേഷം വൈദ്യുതി ബോര്‍ഡ് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് കെ.എസ്.ഇ.ബി സിവില്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ സെന്‍ട്രല്‍ ചീഫ് എന്‍ജിനീയര്‍ എ. ഷാനവാസ് സുപ്രഭാതത്തോട് പറഞ്ഞു.
വൈദ്യുതി ബോര്‍ഡ്, ഇറിഗേഷന്‍, റവന്യു, വനം, ജിയോളജി അടക്കമുള്ള വകുപ്പുകളില്‍നിന്നു വിശദമായി ഡാറ്റ ശേഖരണം നടത്തി ഫീല്‍ഡ് വിസിറ്റ് അടക്കം നടത്തിയാണ് വാപ്‌കോസ് റിപ്പോര്‍ട്ട് തയാറാക്കിയത്. സി.ഇ.എ ക്ലിയറന്‍സ് അനുകൂലമാണെങ്കില്‍ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍) വാപ്‌കോസ് തയാറാക്കും. കരാര്‍ തിയതി മുതല്‍ 18 മാസത്തിനകം ഡി.പി.ആര്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
കേന്ദ്ര ജലവിഭവ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ വാപ്‌കോസിന് എട്ടരക്കോടി രൂപയ്ക്കാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയിരിക്കുന്നത്. കരാറിനായി 15 കോടിയുടെ ഗ്ലോബല്‍ ടെണ്ടറാണ് കെ.എസ്.ഇ.ബി ക്ഷണിച്ചത്. സ്വിറ്റ്‌സര്‍ലന്റ് കമ്പനിയടക്കം നാല് കമ്പനികള്‍ ടെണ്ടറില്‍ പങ്കെടുത്തെങ്കിലും നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങളെല്ലാം നിലനിര്‍ത്തി കുറഞ്ഞ തുക രേഖപ്പെടുത്തിയത് വാപ്‌കോസാണ്. പുതിയ പവര്‍ ഹൗസിന്റെ സ്ഥാനം, ആവശ്യമായി വരുന്ന സ്ഥലം, വൈദ്യുതി ഉല്‍പാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളം ഒഴുക്കേണ്ട സ്ഥലം, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, നിര്‍മാണ ചെലവ് തുടങ്ങി എല്ലാം വിശദമായി പ്രദിപാദിക്കുന്ന പ്രൊജക്ട് റിപ്പോര്‍ട്ടാണ് തയാറാക്കേണ്ടത്. പമ്പ്ഡ് സ്‌റ്റോറേജ് പദ്ധതിയുടെ സാധ്യതയും പഠനവിധേയമാക്കും.
രണ്ടാം വൈദ്യുതി നിലയം വരുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കിയുടെ സ്ഥാപിത ശേഷി 1560 മെഗാവാട്ടായി ഉയരും. 780 മെഗാവാട്ട് ശേഷിയുള്ള നിലവിലെ ആറ് മെഷിനുകളും പ്രവര്‍ത്തിപ്പിച്ചാല്‍ പ്രതിദിനം 1.9 കോടി യൂനിറ്റ് വരെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും. രണ്ടാം നിലയം കൂടി വരുന്നതോടെ പ്രതിദിന ഉല്‍പാദനം 3.8 കോടി യൂനിറ്റ് വരെ ഉയര്‍ത്താം. മണ്‍സൂണുകളില്‍ ഡാം നിറയുന്ന അവസരത്തില്‍ വെള്ളം പുറത്തേക്ക് ഒഴുക്കികളയേണ്ട സാഹചര്യം ഒഴിവാക്കുന്നതോടൊപ്പം പീക്ക് സമയങ്ങളില്‍ പുറത്തുനിന്നു കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാനും ഇടുക്കി എക്‌സ്‌റ്റെന്‍ഷന്‍ സ്‌ക്കീമിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
പമ്പ്ഡ് സ്റ്റോറേജ് പദ്ധതി
തൊടുപുഴ: വൈദ്യുതി ഉല്‍പാദനത്തിനു ശേഷം പുറംതള്ളുന്ന വെള്ളം വീണ്ടും പമ്പുചെയ്ത് റിസര്‍വോയറില്‍ എത്തിക്കുന്ന പദ്ധതിയാണിത്. ജനറേറ്റര്‍ തന്നെ പമ്പിങ് മോട്ടോറായി ഉപയോഗിക്കാം. പവര്‍ ഹൗസ്, പെന്‍സ്റ്റോക്ക് സംവിധാനങ്ങള്‍ ദ്വിമുഖമായി പ്രവര്‍ത്തിക്കും.
അതിവര്‍ഷം മൂലം അണക്കെട്ടുകളില്‍നിന്നു ജലം പാഴായിപ്പോകുന്നത് ഒഴിവാക്കാമെന്നതിനു പുറമെ വേനലില്‍ അണക്കെട്ടുകളിലെ ജലക്ഷാമത്തിന് ഒരളവുവരെ പരിഹാരവുമാകും. തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ഇത്തരം പദ്ധതികള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കോയമ്പത്തൂരിനു സമീപം കാടമ്പാറയില്‍ 400 മെഗാവാട്ടിന്റെ പമ്പ്ഡ് സ്റ്റോറേജ് നിലയം 1987 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2018 ഫെബ്രുവരി 8,9 തിയതികളില്‍ പമ്പ്ഡ് സ്‌റ്റോറേജ് ഹൈഡ്രോ പവര്‍ പ്രോജക്ട്‌സ് നാഷണല്‍ വര്‍ക്ക്‌ഷോപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരുന്നു. സ്വിറ്റ്‌സര്‍ലന്റിലെ ഹൈഡ്രോ പവര്‍ കണ്‍സള്‍ട്ട് എക്‌സി. വൈസ് പ്രസിഡന്റ് ഡോ. ഡയറ്റര്‍ മ്യൂള്ളര്‍ അടക്കമുള്ള വിദേശ പ്രതിനിധികള്‍ പങ്കെടുത്ത വര്‍ക്ക്‌ഷോപ്പില്‍ കെ.എസ്.ഇ.ബി ചീഫ് എന്‍ജിനീയര്‍മാര്‍ അടക്കം പങ്കെടുത്തിരുന്നു.
കേരളത്തില്‍ പമ്പ്ഡ് സ്റ്റോറേജ് വൈദ്യുതി നിലയങ്ങളുടെ സാധ്യതകള്‍ ഉള്‍പ്പെടുത്തി കെ.എസ്.ഇ.ബി എന്‍ജിനീയര്‍മാര്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ മുഖ്യസ്ഥാനം നല്‍കിയത് ഇടുക്കിക്കാണ്. 100 മെഗാവാട്ടിന് മുകളിലുള്ള പമ്പ്ഡ് സ്റ്റോറേജ് പദ്ധതികള്‍ മാത്രമേ ലാഭകരമാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."