ജുനൈദ് കൊലപാതകം: മുഖ്യപ്രതി നരേഷ് കുമാറിന് ജാമ്യം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടുന്ന ട്രെയിനില്‍വച്ച് 16 കാരനായ ഹാഫിള് ജുനൈദ് ഖാനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി നരേഷ്കുമാറിന് ഇടക്കാല ജാമ്യം. നരേഷിന്റെ അപേക്ഷ പരിഗണിച്ച് പഞ്ചാബ്- ഹരിയാന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദയാ ചൗധരിയുടെതാണ് നടപടി.
നരേഷ് കൂടി ജാമ്യത്തില്‍ ഇറങ്ങിയതോടെ കേസിലെ മുഴുവന്‍ പ്രതികളും പുറത്തായി. കേസിലെ വിചാരണക്കോടതിയിലെ നടപടികള്‍ നേരത്തെ സുപ്രിംകോടതി സ്റ്റേചെയ്തിരുന്നു. ഇതുചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുഖ്യപ്രതിക്കു ജാമ്യം നല്‍കിയത്. സുപ്രിംകോടതി മുമ്പാകെയുള്ള കേസ് തീര്‍പ്പാവും വരെയാണ് ജാമ്യമെന്നും ഹൈക്കോടതി വ്യക്തമാക്കി.
നേരത്തെ ജാമ്യം തേടി നരേഷ് നല്കിയ അപേക്ഷ ഫരീദാബാദ് സെഷന്‍സ് കോടതി തള്ളിയിരുന്നു. നരേഷിനെതിരായ ആരോപണം ഗൗരവമുള്ളതാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം നിരസിച്ചത്. പ്രതി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതോടെയാണ് പ്രതി ജാമ്യത്തിനായി മേല്‍ക്കോടതിയെ സമീപിച്ചത്. കേസില്‍ കഴിഞ്ഞവര്‍ഷം ജൂലൈ എട്ടിനാണ് നരേഷ് അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."